Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 03 ഒന്നല്ലി നാം - Chapter 1 നിങ്ങളോർക്കുക, വെളിയേ - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 കേരള പാഠാവലി - Unit 03 ഒന്നല്ലി നാം: Chapter 01 - നിങ്ങളോർക്കുക, വെളിയേ - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ നിങ്ങളോർക്കുക, വെളിയേ എന്നീ പാഠങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക്  നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ഒന്നല്ലി നാം - നാരായൻ 
♦ പ്രവേശക പ്രവർത്തനം
എന്റെ പൂർവികർ നിർഭാഗ്യവാന്മാരായിരുന്നു. പക്ഷേ, ഞങ്ങൾ എന്നും അധ്വാനികളാണ്, മറ്റുള്ളവരെ വിശ്വസിക്കുന്നവരാണ്. നൂറ് ശതമാനവും മലയുടെ മക്കൾ, മലയുടെ അരചന്മാർ. ഞങ്ങളെ അപരിഷ്കൃതരെന്ന് വിളിച്ചത് മറ്റുള്ളവരാണ്. പരിഷ്കാരം അങ്ങനെയാണല്ലോ. മലയോരത്ത് വീടുകെട്ടി, മണ്ണിൽ വിയർപ്പൊഴുക്കി ജീവിക്കുന്നവന്, സുന്ദരമായ ഉടയാടകളില്ലായിരിക്കാം, മനംമയക്കുന്ന, ചതിനിറഞ്ഞ വാചകശൈലി ഇല്ലായിരിക്കാം. എങ്കിലും ഞങ്ങൾക്ക് ഞങ്ങളുടേതായ നല്ല ജീവിതസമ്പ്രദായങ്ങളുണ്ട്.
കൊച്ചരേത്തി (നാരായൻ)

♦ പുറംമോടികളാണോ ഒരു പരിഷ്കൃത സമൂഹത്തെ നിർണ്ണയിക്കുന്നത് ? നിങ്ങളുടെ നിരീക്ഷണങ്ങൾ ചർച്ച ചെയ്യുക. 
പുറംമോടികളല്ല ഒരു പരിഷ്കൃതസമൂഹത്തെ നിർണ്ണയിക്കു ന്നത്. മറ്റു മനുഷ്യരോട്, പ്രകൃതിയോട്, ജീവജാലങ്ങളോട് എങ്ങനെ നാം പെരുമാറുന്നു എന്നതാണ് പരിഷ്കാരത്തിന്റെ പ്രധാന മാനദണ്ഡം. പരിഷ്കാരമുള്ളവരെല്ലാം സംസ്കാരമുള്ളവരാകണമെന്നില്ല. മലയുടെ അരചന്മാർ എന്നും അധ്വാനികളായി ജീവിക്കുന്നവരാണ്. മറ്റുള്ളവരെ വിശ്വസിക്കുന്നവരുമാണ്. അവരുടെ ഇടയിലേക്ക് അതിക്രമിച്ചു കയറിയവരാണ് അവരെ അപരിഷ്കൃതർ എന്ന് വിളിച്ചത്. മനോഹരമായ വസ്ത്രങ്ങളോ മനംമയക്കുന്ന, ചതിനിറഞ്ഞ വാചകശൈലിയോ ഇല്ലാത്തതുകൊണ്ട് അവർ പരിഷ്കാരികൾ അല്ലാതാകുന്നില്ല. അവർക്ക് സ്വന്തമായ സംസ്കാരവും ജീവിതരീതിയുമുണ്ട്. സന്തോഷത്തോടെ അധ്വാനിച്ച്, പ്രകൃതിയെ സംരക്ഷിച്ച് തങ്ങളുടേതായ ജീവിതസമ്പ്രദായങ്ങളിൽ മുന്നോട്ടുപോകുന്നവരെ അപരിഷ്കൃതർ എന്ന് വിളിക്കുന്നവരാണ് യഥാർഥത്തിൽ അപരിഷ്കൃതർ. പുറംമോടിയല്ല പരിഷ്കാരത്തിന്റെ അളവുകോലായി കാണേണ്ടത്. പുറംമോടികൾക്ക് അമിത പ്രാധാന്യം നൽകുന്നവരായി നാം മാറരുത്.

നിങ്ങളോർക്കുക - കടമ്മനിട്ട രാമകൃഷ്ണൻ 
♦ കവിതയുടെ ആശയം
മലഞ്ചൂരൽ മടയിൽ നിന്നാണ് കുറത്തിയുടെ വരവ്. മലയിറങ്ങി വന്ന് സമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് കുറത്തി. നിങ്ങൾ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നുകയാണോ? നിങ്ങൾ അവരുടെ കണ്ണീർനിറഞ്ഞ കണ്ണുകളെ ചൂഴ്‌ന്നെടുക്കുകയാണോ? ഞങ്ങളുടെ കുഴിമാടം നിങ്ങൾ കുളം തോണ്ടുകയാണോ എന്നിങ്ങനെ മേലാളവർഗത്തിനു നേരെയുള്ള ആത്മരോഷമാണ് കുറത്തിയുടെ ഓരോ ചോദ്യവും. നിങ്ങളോർക്കണം നിങ്ങളെങ്ങനെ നിങ്ങളായി എന്നാണ് കുറത്തി തുടർന്ന് ചോദിക്കുന്നത്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുകൊടുത്ത് മേലാളരുടെ വിശപ്പും കാട്ടുചോലയിലെ തെളിനീര് പകർന്നുകൊടുത്ത് ദാഹവും മാറ്റിയത് ഞങ്ങളാണ്. പൂത്ത മാമരച്ചോട്ടിൽ അവർ കാറ്റുകൊണ്ട് മയങ്ങിയപ്പോൾ കണ്ണിമയ്ക്കാതെ
അവിടെ കാവൽനിന്നു. കാട്ടുപോത്തും കരടിയും കടുവയുമെല്ലാം ആക്രമിക്കാൻ വന്നപ്പോൾ കൂർത്ത ആയുധങ്ങളുമായി അവയെ എതിരിട്ട് കാത്തു രക്ഷിച്ചു. പുലിയുടെ കൂർത്ത പല്ലിന് ഇരയായപ്പോഴും ആ പല്ല് അടർത്തിക്കളഞ്ഞ് വില്ലുമായി വീര്യത്തോടെ വീണ്ടും കുതിച്ചു പാഞ്ഞു. ഇങ്ങനെ മേലാളവർഗ്ഗത്തിന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വന്തം ജീവിതവും ജീവനുമെല്ലാം ത്യജിക്കാൻ തയാറായവരെ നിങ്ങൾ ഓർക്കുന്നുണ്ടോ എന്നാണ് കുറത്തി ചോദിക്കുന്നത്. നദിയും കാടും കടലുമെല്ലാം അരിച്ച് കനകവും സ്വർണവും മരവും പൂവും തേനുമെല്ലാം കാഴ്ചയായി നൽകിയതും കുറത്തി ഓർമിപ്പിക്കുന്നു. തങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്തതിനെ ചോദ്യം ചെയ്യുകയാണ് കുറത്തി. മദമിളകിയ കൊമ്പനാനയെയും നായ്ക്കളെയുമെല്ലാം മെരുക്കി അവർക്കായി കാഴ്ചവച്ചു. പശുക്കളെ കറന്ന് നിറയെ പാലുനൽകി. മരം മുറിച്ച് പുല്ലുമേഞ്ഞ് തട്ടൊരുക്കി തളമൊരുക്കി വീടുപണിതു കൊടുത്തു. മലയെല്ലാം കിളച്ചുമറിച്ച് ചെളികലക്കി മുളവിതച്ച് മൂടനിറയെ വിളവുനൽകി. കാട്ടുദൈവങ്ങളെ പ്രീതിപ്പെടുത്താൻ കതിരുകാളയെ ഉണ്ടാക്കി തിറയെടുത്തു. ഇങ്ങനെ സ്വന്തം ജീവിതം മറന്ന് മേലാളർക്കു വേണ്ടി അധ്വാനിച്ചവർക്ക് വിശപ്പകറ്റാൻ ആഹാരമില്ല. കുഞ്ഞുങ്ങൾക്ക് നാണം മറയ്ക്കാൻ വസ്ത്രമില്ല. അന്തിയുറങ്ങാൻ വീടില്ല. അന്തിവെട്ടത്തിന് തിരികൊളുത്താൻ എണ്ണയില്ല. എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഉറഞ്ഞുതുള്ളുകയാണ് കുറത്തി. കാലാകാലങ്ങളായി അടിസ്ഥാനവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തോടുള്ള പ്രതിഷേധമാണ് കുറത്തിയിലൂടെ കവി അവതരിപ്പിക്കുന്നത്.

♦ കണ്ടെത്താം പറയാം
♦ സമൂഹത്തോട് കവി ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ എന്തെല്ലാം? കവിത വായിച്ച് കണ്ടെത്തി അവതരിപ്പിക്കുക. 
അധ്വാനവർഗത്തെ ചൂഷണം ചെയ്തവരോടുള്ള പ്രതിഷേധം കുറത്തിയുടെ ചോദ്യങ്ങളിലുണ്ട്. നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുകയാണോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകളെ ചൂഴ്‌ന്നെടുക്കുകയാണോ? നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളം തോണ്ടുകയാണോ? നിങ്ങളെങ്ങനെയാണ് ഇന്നീ കാണുന്ന നിലയിലെത്തിയത് ? മറ്റുള്ളവർക്കായി ജീവിതസുഖങ്ങൾ ത്യജിച്ച ഞങ്ങൾക്ക് ആഹാരം എവിടെ? ഞങ്ങളുടെ മെലിഞ്ഞ പൈതങ്ങൾക്ക് നാണം മറയ്ക്കാൻ വസ്ത്രമെവിടെ? അന്തിയുറങ്ങാൻ കൂരയെവിടെ? അന്തിക്ക് വെളിച്ചം കാണുന്നതിന് തിരികൊളുത്താൻ എണ്ണയെവിടെ? എന്നെല്ലാമാണ് കുറത്തിയിലൂടെ കവി ചോദിക്കുന്നത്.

♦ ചർച്ച
♦ “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്''- ഇങ്ങനെയൊരു ഓർമ്മപ്പെടുത്തലിന് കവിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം? ചർച്ചചെയ്യുക. 
• മേലാളന്മാരുടെ സുഖജീവിതത്തിനുവേണ്ടി ജീവിതസുഖങ്ങളൊക്കെ ത്യജിക്കേണ്ടിവന്ന അധ്വാനവർഗ്ഗത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണ് കവി.
• സമൂഹരൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും ചൂഷണത്തിനു വിധേയരായ അരികുജീവിതങ്ങൾ ഉണ്ടായിട്ടുണ്ട്. നാം ഇന്നുകാണുന്ന പുരോഗതികൾ ഉണ്ടായത് ഒരു വിഭാഗം ആളുകൾ അധ്വാനിക്കുന്നതുകൊണ്ടാണ്. 
• നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്കു പിന്നിലും അവരുടെ അധ്വാനമുണ്ട്.
• അധ്വാനിക്കുന്ന വിഭാഗമാണ് സമൂഹത്തെ താങ്ങിനിർത്തുന്നത് 
• ചിലർ കൊണ്ട വെയിലാണ് നമ്മുടെ തണൽ എന്ന് മറക്കരുത് എന്നാണ് കവി പറയുന്നത്.

♦ വിവരണക്കുറിപ്പ്
♦ “നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? 
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്‌ന്നെടുക്കുന്നോ?'' - ഒരു കാലത്തിന്റെ സാമൂഹികാവസ്ഥയുടെ സൂചനയാണ് ഈ വരികൾ. മറ്റുവരികൾ കൂടി വിശകലനം ചെയ്ത് കവിതയിൽ തെളിയുന്ന സാമൂഹികജീവിതത്തെക്കുറിച്ച് വിവരണക്കുറിപ്പ് തയ്യാറാക്കുക.
ക്ലാസിൽ വികസിപ്പിച്ച സൂചകങ്ങളുടെ സഹായത്തോടെ പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്തുക. ആശയം, വാക്യഘടന, പദം, അക്ഷരം, ചിഹ്നനം, വ്യവഹാരരൂപം എന്നിവ ശ്രദ്ധിക്കുമല്ലോ. 
കാടിറങ്ങിവന്ന കുറത്തി ഉറഞ്ഞുതുള്ളുകയാണ്. ഭദ്രകാളിയെപ്പോലെ കോപിച്ചാണ് അവൾ എത്തുന്നത്. അതിനുകാരണമുണ്ട്. തന്റെ മക്കളെയെല്ലാം ആരൊക്കെയോ ചേർന്ന് കൊന്നുകളഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന ആദിവാസികളും ദരിദ്രരും അവഗണിക്കപ്പെട്ട മറ്റു സമൂഹങ്ങളും എല്ലാം കറുത്തമക്കളുടെ കൂട്ടത്തിലുണ്ട്. എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ് 'കറുത്തമക്കൾ' അവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് കുറത്തി ശബ്ദിക്കുന്നത്. എന്റെ കറുത്ത മക്കളെ നിങ്ങൾ കൊന്നു തിന്നുകയാണോ എന്ന് അധികാരികളോട്, കരനാഥന്മാരോട് അവൾ കോപത്തോടെ ചോദിക്കുന്നു. അവരെക്കൊന്നാൽ ആരും ചോദിക്കാനില്ല. എന്നാൽ ആ അമ്മ അതുചോദിക്കാൻ കാടിറങ്ങി വന്നിരിക്കുന്നു. ദുഃഖത്താൽ കണ്ണീർ നിറഞ്ഞ തന്റെ മക്കളുടെ കണ്ണുകൾ ചൂഴ്ന്നടുക്കുന്നതാരാണ് എന്ന ചോദ്യവും കുറത്തി ഉയർത്തുന്നുണ്ട്. കണ്ണു ചൂഴ്ന്നും മർദ്ദിച്ചും വിവിധരീതികളിൽ കൊലചെയ്യപ്പെടുന്ന സാധാരണ മനുഷ്യരുടെ യാതനകൾ ഉയർത്തിപ്പിടിച്ചാണ് കുറത്തി പ്രതിഷേധിക്കുന്നത്. കറുത്ത മക്കളുടെ കുഴിമാടം (മൃതദേഹം മറവുചെയ്ത സ്ഥലം) പോലും ആരെല്ലാമോ ചേർന്ന് കുളം തോണ്ടുകയാണ് (നശിപ്പിക്കുകയാണ്) മരിച്ചതിനു ശേഷവും ഒരടിമണ്ണ് അവകാശമായി തന്റെ മക്കൾക്ക് ലഭിക്കുന്നില്ല. കാടു കൈയേറി, അവരുടെ സമ്പത്തും ജീവിതവും ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയാണ് കുറത്തി ശക്തമായി പ്രതിഷേധിക്കുന്നത്.
അധികാരത്തിലുള്ളവരോടാണ് അവളുടെ മൂർച്ചയുള്ള ചോദ്യം. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളാണ് 'കറുത്ത മക്കൾ'. അവരുടെ പക്ഷം ചേർന്നുകൊണ്ട് കുറത്തി ചോദിക്കുന്ന ചോദ്യം എന്നും പ്രസക്തമാണ്. നിശ്ശബ്ദരാക്കപ്പെട്ട ജനവിഭാഗത്തിനു വേണ്ടിയാണ് 'കുറത്തി'യിലൂടെ കവി ശബ്ദിക്കുന്നത്. മേലാളവർഗത്തിനു കീഴിൽ അടിസ്ഥാനജനവിഭാഗങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു, കൊല്ലപ്പെടുന്നു. കുറത്തി, കിരാതവൃത്തം, കാട്ടാളൻ എന്നീ കവിതകളിലൂടെ കടമ്മനിട്ട ഉയർത്തുന്ന ചോദ്യങ്ങൾ അരികിലാക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ്. 'കുറത്തി'യുടെ ചോദ്യങ്ങൾ സ്ത്രീ പക്ഷത്തുനിന്നുള്ള പ്രതിഷേധസ്വരമായും കണക്കാക്കാം. ഒരമ്മ മാത്രമല്ല സ്ത്രീകളുടെ പ്രതിനിധികൂടിയാണവൾ. അടിസ്ഥാനവിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി അധികാരവർഗത്തോട് കലഹിക്കുകയാണ് കുറത്തി. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നു പറഞ്ഞ് ആൾക്കൂട്ടം ഇല്ലാതാക്കിയ മധുവിനെ പോലുള്ളവരെ നമുക്കോർക്കാം. അപ്പോൾ കുറത്തിയുടെ പ്രതിഷേധത്തിന്റെ അർഥം മനസ്സിലാകും. അധികാരത്തോട്, സമുഹത്തോട് എല്ലാമുള്ള ചോദ്യമാണ് കുറത്തിയുടേത്.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 
(1 മാർക്ക് ചോദ്യങ്ങൾ)
 'കാളകെട്ടിക്കാട്ടുദൈവക്കൂത്തരങ്ങിൽ
തിറയെടുത്തില്ലേ' -ഏതു കലാരൂപത്തെക്കുറിച്ചുള്ള സൂചനയാണ് ഈ വരികളിലുള്ളത് ?
(A) കുമ്മാട്ടി
(B) കതിരുകാള നൃത്തം
(C) മുടിയേറ്റ്
(D) പടയണി
ഉത്തരം: കതിരുകാള നൃത്തം

 കാട്ടുചോലത്തെളിനീര്
പകർന്നുതന്നില്ലേ. - അടിവരയിട്ട പദത്തിന്റെ വിഗ്രഹാർഥം ഏത്?
(A) കാട്ടിലെ ചോല
(B) കാടിന്റെ ചോല
(C) കാടും ചോലയും
(D) കാടുള്ള ചോല
ഉത്തരം: കാട്ടിലെ ചോല

 "മരം മുറിച്ച് പുല്ലുമേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി' - എന്തിന്റെ ഒരുക്കങ്ങളാണ് ഈ വരികളിൽ വിവരിക്കുന്നത്?
(A) കൃഷിയുടെ
(B) കാടുവെട്ടിത്തെളിക്കുന്നതിന്റെ
(C) വീടു പണിയുന്നതിന്റെ
(D) മലയിടിക്കുന്നതിന്റെ
ഉത്തരം: വീടു പണിയുന്നതിന്റെ

 ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?
(i) മലയൊരുക്കി - മല, യൊരുക്കി
(ii) പല്ലടർത്തി - പല്ല്, അടർത്തി
(A) i) മാത്രം ശരി
(B) (ii) മാത്രം ശരി
(C) (i) ഉം (ii) ഉം ശരി
(D) എല്ലാം തെറ്റ്
ഉത്തരം: (ii) മാത്രം ശരി

(3 മാർക്ക് ചോദ്യങ്ങൾ)
 'എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങൾ? അവർക്ക് അന്നമെവിടെ? നാണമെവിടെ?' -കാവ്യസന്ദർഭം വിശകലനം ചെയ്ത് കുറിപ്പായി എഴുതു. 
മേലാളന്മാരുടെ ചൂഷണത്തിനിരയായി സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട അടിസ്ഥാനവർഗത്തിന്റെ പ്രതിനിധിയാണ് കുറത്തി. തങ്ങളുടെതായതെല്ലാം ചൂഷണം ചെയ്ത്, കവർന്നെടുത്ത് അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വകയില്ലാതാക്കിയവരോടുള്ള രോഷമാണ് കുറത്തിയുടെ വാക്കുകളിലുള്ളത്. ഒരുനേരത്തെ അന്നമോ, നാണം മറയ്ക്കാൻ വസ്ത്രമോ ഇല്ലാത്ത അടിസ്ഥാനവർഗത്തിന്റെ ജീവിതാവസ്ഥയാണ് ഇവിടെ പ്രതിഫലിക്കുന്നത്.

♦ 'നിങ്ങളോർക്കുക' എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക. നിങ്ങളോർക്കുക എന്നത് കവി സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളാണ്. നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്കു പിന്നിൽ അധ്വാനവർഗത്തിന്റെ വിയർപ്പുതുള്ളികളുണ്ട്. അത് നമുക്ക് ഓർമ്മവേണം എന്നാണ് കവി പറയുന്നത്. കാടിന്റെ മക്കളുടെ ഭൂമി കൈയേറിയും അവരെ ചൂഷണം ചെയ്തുമാണ് നമ്മൾ നമ്മളായത് എന്ന് കവി ഓർമിപ്പിക്കുന്നു. തങ്ങളെ അടിമകളാക്കിവച്ചിരിക്കുന്ന, തങ്ങളുടെ അധ്വാനത്തെയും പരിസരങ്ങളെയും ചൂഷണം ചെയ്യുന്നവർക്കുനേരെയുള്ള ഒരു ജനവിഭാഗത്തിന്റെ പ്രതിഷേധം നിങ്ങളോർക്കുക എന്ന ശീർഷകത്തിൽ പ്രതിഫലിക്കുന്നു.

(5 മാർക്ക് ചോദ്യം)
♦ 'നിങ്ങളോർക്കുക' എന്ന കാവ്യഭാഗം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യവിമർശനം വിലയിരുത്തി കുറിപ്പ് തയാറാക്കുക. 
കാടിന്റെ മക്കളുടെ, അടിസ്ഥാനവർഗത്തിന്റെ ഭൂമിയും സ്വത്തുമെല്ലാം കൈയേറിയവരോടുള്ള പ്രതിഷേധമാണ് 'കുറത്തി'യിലൂടെ കടമ്മനിട്ട അവതരിപ്പിക്കുന്നത്. കാടിന്റെ മക്കളുടെ കുലം മുടിച്ച്, അവരെ ചൂഷണം ചെയ്ത് അടിമകളാക്കി. ചൂഷണം തിരിച്ചറിയാതെ അവർക്കുവേണ്ടി അധ്വാനിച്ച് ജീവിച്ചവർക്ക് ബാക്കിയായത് പട്ടിണിയും ദുരിതങ്ങളും മാത്രം. തലമുറകളായി കാടിന്റെ മക്കൾ അനുഭവിക്കുന്ന അവഗണനകളോടുള്ള രോഷമാണ് കുറത്തിയുടെ ചോദ്യങ്ങളിലുള്ളത്. വികസനത്തിനുവേണ്ടിയും സ്വാർഥപരമായ നേട്ടങ്ങൾക്കുവേണ്ടിയും പ്രകൃതിയിലും അടിസ്ഥാനവിഭാഗങ്ങൾക്കു നേരെയും നടത്തുന്ന കടന്നുകയറ്റത്തോടും അവരെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിനോടുമുള്ള പ്രതിഷേധവും നിങ്ങളോർക്കുക എന്ന കാവ്യഭാഗത്തുണ്ട്.

♦ പദപരിചയം
• ചോല - കാട്ടരുവി
• ചിമ്മാതെ - അടയ്ക്കാതെ
• കൂര - ചെറിയ വീട്

♦ സന്ധി
1. ലോപസന്ധി
• ചൂഴ്‌ന്നെടുക്കുന്ന - ചുഴന്ന്, എടുക്കുന്ന
• പല്ലടർത്തി - പല്ല്, അടർത്തി
• കാടരിച്ച് - കാട്, അരിച്ച്
• തട്ടൊരുക്കി - തട്ട്, ഒരുക്കി

2. ദ്വിത്വസന്ധി
• കാട്ടുവള്ളിക്കിഴങ്ങ് - കാട്ടുവള്ളി, കിഴങ്ങ്
• ചോലത്തെളിനീര് - ചോല, തെളിനീര്
• മാമരച്ചോട്ടിൽ - മാമര ചോട്ടിൽ

3. ആഗമസി
• നദിയരിച്ച് - നദി, അരിച്ച്
• മയങ്ങിയപ്പോൾ - മയങ്ങി, അപ്പോൾ
• പുലിയുടെ - പുലി, ഉടെ  
• മലയൊരുക്കി - മല, ഒരുക്കി

♦ വിഗ്രഹിച്ചെഴുതാം
• കാട്ടുവള്ളിക്കിഴങ്ങ് - കാട്ടുവള്ളിയുടെ കിഴങ്ങ് 
• കാട്ടുചോലത്തെളിനീര് - കാട്ടുചോലയിലെ തെളിനീര്

♦ പകരം പദങ്ങൾ
• നദി - സരിത്ത്, തടിനി, പുഴ 
• കാട് - അടവി, വിപിനം, വനം
• കടൽ - ആഴി, അബ്ധി, സാഗരം
• കനകം - സ്വർണം, കാഞ്ചനം, ഹിരണ്യം
• തേൻ - മധു, മടു, മകരന്ദം

♦ വെളിയേ - പി.ശിവലിംഗൻ 
♦ കണ്ടെത്താം എഴുതാം 
♦ ഗോത്രജീവിതാനുഭവങ്ങൾ എങ്ങനെയാണ് കവിതയിൽ ആവിഷ്കരിച്ചിട്ടുള്ളത്? 
കേരളത്തിനകത്ത് വിവിധ ഭാഷകളും ജീവിതങ്ങളുമുണ്ട്. ഗോത്രജനതയുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും ജീവിതാവസ്ഥകളുമെല്ലാം
ആവിഷ്കരിക്കുകയാണ് വെളിയേ എന്ന കവിത. വെളിയേ എന്നാൽ പുറത്തേക്ക് എന്നാണ്. മനുഷ്യർ ജീവിക്കുന്നത് കാട്ടിലാണ്. പുറത്തുനിന്നുള്ളവർ വന്ന് കാടുകൈയേറിയപ്പോൾ കാടിന്റെ അവകാശികൾ പുറത്തായി. ഇനി എപ്പോഴാണ് ഉള്ളിലാകുന്നത് എന്ന ചോദ്യം അവർ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. അതിരാവിലെ എണീക്കുമ്പോൾ മുതൽ അവരുടെ ജീവിതം പുറത്താണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും എല്ലാം പുറത്താക്കലുകൾ കാണാം. ഇങ്ങനെ ഗോത്രസമൂഹത്തിന്റെ ജീവിതാനുഭവങ്ങളെല്ലാം വളരെക്കുറച്ചു വരികളിലൂടെ ആവിഷ്കരിക്കുകയാണ് കവി. 

♦ ഗോത്രഭാഷയിൽ നിന്നും മലയാളത്തിലേക്ക് മാറ്റിയപ്പോൾ എന്തെല്ലാം വിത്യാസങ്ങളാണ് വന്നിട്ടുള്ളത്? 
ഗോത്രഭാഷ പൊതുസമൂഹത്തിന് മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് മൊഴിമാറ്റം ഒഴിവാക്കാനാവില്ല. ഗോത്രഭാഷയിലൂടെ സംവദിക്കുന്ന എല്ലാ കാര്യങ്ങളും മൊഴിമാറ്റത്തിൽ ഉൾപ്പെടുത്താനും എളുപ്പമല്ല, ഗോത്ര ഭാഷയ്ക്ക് ഒരു താളമുണ്ട്. അത് മൊഴിമാറ്റത്തിൽ കുറയുന്നു. ഓരോ ഭാഷയും സംസ്കാരത്തിന്റെ അടയാളമാണ്. ഇരുള ഭാഷയുടെ തനിമ നിലനിർത്താൻ മൊഴിമാറ്റത്തിലൂടെ പൂർണ്ണമായി സാധിക്കില്ല. ആശയം മലയാളത്തിലാക്കാൻ സാധിക്കുമെങ്കിലും ഗോത്രഭാഷയുടെ സൗന്ദര്യം നഷ്ടപെടുന്നു എന്നതാണ് വാസ്തവം.

♦ ഒരേ അർഥതലമുള്ള പദങ്ങൾ രണ്ടുഭാഷയിൽ നിന്നും കണ്ടെത്തി പട്ടികപ്പെടുത്തുക.
• വെളിയേ - പുറത്തേക്ക്
• നാമ് - ഞങ്ങൾ
• തായ് - അമ്മ 
• മാസത്തി - മാസത്തിൽ 
• മൂന് -മൂന്ന് 
• പറന്താ - ജനിച്ചാൽ
• ശാവ്ക്ക് - മരണത്തിന്
• കാട്ക്കേ - കാട്ടിലേക്ക്
• പിന്നെമ് - പിന്നെയും
• ഇനി - ഇനി
• എപ്പ - എപ്പോഴാണ്
• ഉള്ളെ - ഉള്ളിൽ

♦ ഇതര ഗോത്രഭാഷാപദങ്ങൾ ശേഖരിച്ച് സമാനാർഥമുള്ള മലയാളപദങ്ങൾ
കണ്ടെത്തുമല്ലോ?
• തീയു - തീ 
• എരിയിഞ്ച - എരിയുന്ന
• രാജ - ആന
• ചുന്ദരി - സുന്ദരി
• റങ്ക് - ഉറക്കം
• പാളെചൂർട്ടില് - പാളചുരുട്ടിൽ 
• നേരാക്കിറ്റി - നേരെയാക്കി
• ഒയ്‌ക്ണെ - ഒഴുകുന്ന
• എത്തറെ റങ്കൂണു - എത്രയുറങ്ങണം
• തമ്പിരെ -  തമ്പുരാൻ
• കയിഞ്ചക്കു  - കഴിഞ്ഞപ്പോൾ
• അരമെ - അരയിൽ
• പൊട്ടകിണ്ണറാഞ്ചു - പൊട്ടക്കിണറാണ്
• അഗ്ഗെ - അമ്മ
• ഈപ്പി - ഈച്ച 
• കായിത - കടലാസ്
• കസ്‌നെ - കൊതുക്
• കനാസ് - സ്വപ്നം
• കോയാല് - അമ്പലം
• തെഗ്റ് - തൈര്
• ധോവി - ചന്ദ്രൻ
• ധബാരി - അനാഥൻ
• ദീന്തിക്കോൽ - തുമ്പി
• പാമ് - പഴം 
• നോനെ - മണ്ണിര 
• മാറ് - ചൂല് 
• മുട്രി - പുൽച്ചാടി 
• സൊപ്പ - ഇല 
• റല്ല് - ഉരൽ 
• സോലെ - കാട് 
• ലെ - എടീ 
• വാമറ - വാഴ 
• മസാലെ - മുയൽ 
• തട്ട - പാത്രം 

പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

Post a Comment

0 Comments