Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 03 ഒന്നല്ലി നാം - Chapter 2 ബ്രേക്കിങ് ന്യൂസ് - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 കേരള പാഠാവലി - Unit 03 ഒന്നല്ലി നാം: പാഠം 02 - ബ്രേക്കിങ് ന്യൂസ് - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ '
ബ്രേക്കിങ് ന്യൂസ്' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക്  നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ബ്രേക്കിങ് ന്യൂസ് - കെ.ആർ.മീര 
♦ പ്രതികരിക്കാം
♦ ''ലോകത്തിൽ ആദ്യമായി ഒരു പെൺകുട്ടി ആരാച്ചാരുടെ തസ്തികയിൽ നിയമിതയായിരിക്കുന്നു. ഇത് എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. ഈ പ്രസ്താവനയോട് പ്രതികരിക്കുക.
ചേതനാ ഗൃദ്ധാ മല്ലിക് ലോകത്തിൽ ആദ്യമായി ആരാച്ചാരായി നിയമിതയായപ്പോൾ 'ഇത് എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്' എന്ന് ചേതന പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാത്ത ജോലിയൊന്നുമില്ലെന്ന് ഇതോടെ തെളിയിക്കപ്പെടും എന്നാണ് ചേതന അഭിപ്രായപ്പെടുന്നത്. പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയാണ് ആരാച്ചാരുടേത്. കോടതി വധശിക്ഷ വിധിച്ച കുറ്റവാളിയെ തൂക്കിക്കൊല്ലുകയാണ് ആരാച്ചാരുടെ ജോലി, ചേതന ആരാച്ചാരുടെ ജോലി ഏറ്റെടുക്കുന്നത് സ്ത്രീശക്തീകരണം എല്ലാരംഗത്തേക്കും കടന്നുവരുന്നതിന് ഉദാഹരണമാണ്. സ്ത്രീകൾ അബലകളല്ല എന്ന തിരിച്ചറിവും ഇത് നൽകുന്നു. പുരുഷൻ ചെയ്യുന്ന ഏതു ജോലിയും സ്ത്രീകൾക്കും ചെയ്യാൻ സാധിക്കും എന്ന ബോധ്യമാണ് ചേതനയെ മുന്നോട്ടു നയിക്കുന്നത്. ഒരു രംഗത്തുനിന്നും മാറ്റിനിർത്തപ്പെടേണ്ടവളല്ല സ്ത്രീയെന്ന ബോധം ചേതന പ്രകടിപ്പിക്കുന്നു. പുരുഷാധിപത്യപ്രവണതയെ ശക്തമായി ചോദ്യം ചെയ്യാനും തിരുത്താനും ‘ആരാച്ചാർ' എന്ന നോവലിൽ കെ. ആർ. മീര ശ്രമിക്കുന്നുണ്ട്. ആരാച്ചാരുടെ ജോലി നേടി ചേതനാ ഗൃദ്ധാ മല്ലിക് ചരിത്രത്തിൽ സ്ഥാനം നേടുന്നു. സ്ത്രീകളെ ആരാച്ചാർ ജോലിയിൽ നിന്ന് മാറ്റിനിർത്തിയ കാലം പഴങ്കഥയായി മാറുന്ന മുഹൂർത്തത്തിൽ അവർക്ക് അഭിമാനിക്കാനുള്ള അവകാശമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ തൊഴിലിടങ്ങളിലും ശോഭിക്കാൻ സ്ത്രീകൾക്കു കഴിയുമെന്ന യാഥാർഥ്യമാണ് പാഠഭാഗത്ത് ആവിഷ്കരിക്കുന്നത്.

♦ ചർച്ച
♦ യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റിയതോടെ ലോകത്തെ ആദ്യവനിതാ ആരാച്ചാരായിത്തീരുന്നു ചേതനാ ഗൃദ്ധാ മല്ലിക്. കുറ്റവാളികളെ തൂക്കിലേറ്റുക എന്ന ശിക്ഷാരീതി പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്? ക്ലാസിൽ പൊതുവായി ചർച്ച ചെയ്യൂ.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസിൽ ചർച്ച നടത്താം. ചർച്ച നിയന്ത്രിക്കാൻ ഒരു മോഡറേറ്ററെ തെരഞ്ഞെടുക്കണം. 
മോഡറേറ്റർ : ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരായി
ചേതനാ ഗൃദ്ധാ മല്ലിക് നിയമിതയായിരിക്കുന്നു. ഈ സാഹചര്യത്തിൽ തൂക്കിക്കൊല്ലുക എന്ന ശിക്ഷാരീതിയെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. വലിയ കുറ്റവാളികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ഒരു വിഭാഗമാളുകൾ പറയുന്നുണ്ട്. എന്നാൽ വധശിക്ഷ പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല എന്ന അഭിപ്രായം ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ട്. ചില വികസിത രാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കിയിട്ടുമുണ്ട്. ഈ കാര്യത്തിലുള്ള നിങ്ങളുടെ അഭിപ്രായം തുറന്നുപറയുക. 
ഒന്നാംഗ്രൂപ്പ്: ഞങ്ങളുടെ അഭിപ്രായം വധശിക്ഷ നടപ്പാക്കുന്നതിൽ തെറ്റില്ല എന്നാണ്. കൊടുംകുറ്റവാളികൾ സമൂഹ ത്തിൽ എല്ലാക്കാലത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. വലിയ കുറ്റവാളികളിൽ പലർക്കും മറ്റു ശിക്ഷകളിലൂടെ മാനസാന്തരം ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് വധശിക്ഷ നടപ്പാക്കണമെന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. 
രണ്ടാം ഗ്രൂപ്പ് : വധശിക്ഷ പരിഷ്കൃതസമൂഹത്തിന് യോജിച്ച ശിക്ഷാരീതിയല്ല എന്നാണ് ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നത്. കുറ്റവാളിക്ക് മാനസാന്തരത്തിനുള്ള അവസരം നൽകാത്ത ശിക്ഷയാണ് വധശിക്ഷ. തെറ്റു ചെയ്യാനുണ്ടായ സാഹചര്യങ്ങൾ മനസ്സിലാക്കി കുറ്റവാളിക്ക് സ്വയം തിരുത്താനുള്ള സാഹചര്യമാണ് ഭരണകൂടം ഒരുക്കിക്കൊടുക്കേണ്ടതെന്നാണ് ലോകം അംഗീകരിക്കുന്ന കാഴ്ചപ്പാട്. വധശിക്ഷ നിയമവ്യവസ്ഥ നടത്തുന്ന കൊലപാതകമാണെന്നും ചില നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വധശിക്ഷയ്ക്കുപകരം മറ്റു ശിക്ഷകളാണ് അഭികാമ്യം എന്നാണ് ഞങ്ങളുടെ അഭിപ്രായം അതോടൊപ്പം അപകടകാരികളായ കുറ്റവാളികൾ തുടർന്ന് കുറ്റകൃത്യങ്ങൾ ചെയ്യാത്ത തരത്തിൽവേണം ശിക്ഷ വിധിക്കാൻ. മോഡറേറ്റർ: ചർച്ചയിൽ പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. വധശിക്ഷ നിലനിർത്തണമെന്ന് പറയുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. കൊടുംകുറ്റവാളികൾ സമൂഹത്തിന് വെല്ലുവിളിയാകുന്ന സാഹചര്യമുണ്ട് എന്നതാണ് അവരുടെ വാദം. എന്നാൽ കുറ്റം ചെയ്തവർക്ക് പശ്ചാത്തപിക്കാനും തിരുത്താനുമുള്ള അവസരം വധശിക്ഷ നിഷേധിക്കുന്നു എന്ന കാഴ്ചപ്പാടും ശ്രദ്ധേയമാണ്. വധശിക്ഷ നടപ്പാക്കിയാൽ സ്വയം തിരുത്താനാകില്ലല്ലോ.

♦ വിലയിരുത്തൽ കുറിപ്പ്
♦ വാർത്തകൾ സൃഷ്ടിച്ച് റേറ്റിങ് കൂട്ടുന്നതിനായി മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങളെ നോവൽഭാഗത്ത് എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്? വിമർശനാത്മകമായി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
റേറ്റിങ് കൂട്ടുന്നതിനായി പലതരം ശ്രമങ്ങൾ മാധ്യമങ്ങൾ നടത്താറുണ്ട്. അത്തരം ചില ശ്രമങ്ങൾ നോവൽഭാഗത്ത് എഴുത്തുകാരി അവതരിപ്പിക്കുന്നു. സി.എൻ.സി. ചാനൽ പറയുന്നത് തക്കിക്കൊല്ലാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥ് ബാനർജി ഭാഗ്യവനാണ് എന്നാണ്. ചരിത്രത്തിലാദ്യമായി വളയിട്ട കൈകളൊരുക്കുന്ന കുടുക്ക് കഴുത്തിലണിഞ്ഞ് കാലപുരിപൂകാനുള്ള ഭാഗ്യമാണ് യതീന്ദ്രനാഥ് ബാനർജിക്ക് കൈവന്നിരിക്കുന്നത് എന്നാണ് ചാനൽ പറയുന്നത്. തൂക്കിക്കൊലവരെയുള്ള ഓരോ നിമിഷവും സി. എൻ. സി. ചാനൽ ചേതനയുടെ കൂടെ തന്നെയുണ്ടാകും. ഒരു വ്യക്തിയുടെ വധശിക്ഷ ആഘോഷമാക്കി റേറ്റിങ് കൂട്ടാനുള്ള എല്ലാ ശ്രമവും ചാനൽ നടത്തുന്നു.
ലോകത്താദ്യമായി ഒരു സ്ത്രീ ആരാച്ചാർ തസ്തികയിൽ നിയമിതയായത് പ്രധാനപ്പെട്ട വാർത്തയാണ്. അർഹിക്കുന്ന പ്രാധാന്യത്തോടെ ആ വാർത്ത അവതരിപ്പിക്കുക ആവശ്യവുമാണ്. അതിനുമപ്പുറം തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ട ആളിന്റെ ജീവിതം ചർച്ച ചെയ്ത് സമയം കളയുന്നതുകൊണ്ട് വ്യക്തികൾക്കും സമൂഹത്തിനും പ്രയോജനമൊന്നും കിട്ടുന്നില്ല. ഇത്തരം വാർത്തകളും ദുരന്തങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും സംപ്രേഷണം ചെയ്യുമ്പോൾ ചാനലുകൾ മിതത്വം പാലിക്കേണ്ടതുണ്ട്. ആ മിതത്വം സി. എൻ.സി. ചാനൽ പാലിക്കുന്നില്ല. ദൃശ്യമാധ്യമങ്ങളുടെ മത്സരസ്വഭാവം പലപ്പോഴും അതിരുകടക്കുന്നു എന്നതാണ് വാസ്തവം. വൈകാരികമായ കാര്യങ്ങൾ ചർച്ചചെയ്ത് റേറ്റിങ് കൂട്ടാനുള്ള ശ്രമം ആപഹാസ്യംതന്നെയാണ്. വാർത്തകളുടെ സ്വഭാവവും സാഹചര്യവും അതിലുൾപ്പെട്ട വ്യക്തികളുടെ മാനസികാവസ്ഥയും എല്ലാം പരിഗണിക്കേണ്ടതുണ്ട്. സി. എൻ. സി ചാനൽ കാണിക്കുന്ന ആവേശം ഇന്നത്തെ കാലത്തെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നതു തന്നെയാണ്.

♦ തത്സമയ വാർത്ത
♦ തത്സമയ വാർത്തയുടെ സവിശേഷതകൾ എന്തെല്ലാം? ചർച്ചയ്യുക. നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. 
• ആശയസമഗ്രത
• ആകർഷകവും ചടുലവുമായ അവതരണം
♦ നിങ്ങളുടെ സ്കൂളിലെ കലോത്സവം, കായികോത്സവം എന്നിവ തത്സമയ വാർത്തയായി അവതരിപ്പിക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരമായും സംഘടിപ്പിക്കുമല്ലോ.
തത്സമയ വാർത്ത അവതരിപ്പിക്കുമ്പോൾ...
നാം അവതരിപ്പിക്കാൻ പോകുന്ന ആശയത്തിന്റെ, സംഭവത്തിന്റെ ഭിന്നവശങ്ങൾ നോക്കിക്കാണാൻ കഴിയണം. അവതരണം ഒരിക്കലും പക്ഷപാതപരമായിരിക്കാൻ പാടില്ല. അതുപോലെ ആകർഷകമായി, ചടുലമായി അവതരണം നടത്താൻ സാധിക്കണം. കാണുന്നവരിൽ ആകാംക്ഷയും തുടർന്നു കാണാനുള്ള താൽപര്യവും ഉണ്ടാക്കണം. കാണികളെക്കൂടി പങ്കാളികളാക്കുന്നതരത്തിൽ വേണം അവതരണം. ഭാഷാരീതിയും ശ്രദ്ധിക്കേണ്ടതാണ്. നല്ല ഭാഷയിൽ കാണികൾക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കണം. മത്സരങ്ങളുടെ കമന്ററി ശ്രദ്ധിച്ചിട്ടില്ലേ. ആ മാതൃക ചിലപ്പോഴെങ്കിലും സ്വീകരിക്കാവുന്നതാണ്. അമിതാവേശം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ആർക്കും വിഷമമുണ്ടാക്കാതിരിക്കണം. സമഗ്രമായി ആശയം വ്യക്തമാക്കാൻ സാധിക്കണം. നേരിട്ടുകാണുന്ന അനുഭവം പകർന്നുകൊടുക്കാൻ കഴിയണം. ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ഗ്രൂപ്പ് കലോത്സവങ്ങളും അടുത്ത ഗ്രൂപ്പ് കായികമത്സരവും തത്സമയ വാർത്തയായി അവതരിപ്പിക്കുക. മത്സരവിജയികൾക്ക് സമ്മാനവും നൽകാം.

♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 
♦ അച്ഛൻ അതുകേട്ട് വിടർന്നു ചിരിച്ചു.
കാര്യം: ഗൃദ്ധാമല്ലിക്കുമാർക്ക് പേടിയെന്താണെന്ന് അറിയില്ലെന്ന് ചേതന പറഞ്ഞു.
കാരണം: മകൾക്ക് ജോലി കിട്ടിയതിലുള്ള സന്തോഷം 
(A) കാര്യം ശരി, കാരണം തെറ്റ്
(B) കാരണം ശരി, കാര്യം തെറ്റ് 
(C) കാര്യവും കാരണവും തെറ്റ് 
(D) കാര്യവും കാരണവും ശരി 
ഉത്തരം: (A) കാര്യം ശരി, കാരണം തെറ്റ്

♦ ഞാനും അച്ഛനും ഇറങ്ങിച്ചെല്ലുന്നതു ഷൂട്ട് ചെയ്യാൻ സഞ്ജീവ് കുമാറിന്റെ ക്യാമറാമാൻ തക്കം പാർത്തിരിക്കുകയായിരുന്നു. തക്കംപാർത്തിരിക്കുക എന്ന പ്രയോഗംകൊണ്ട് അർഥമാക്കുന്നത്?
(A) ഒളിച്ചിരിക്കുക
(B) അവസരം നോക്കിയിരിക്കുക 
(C) തഞ്ചത്തിലിരിക്കുക
(D) പതുങ്ങിയിരിക്കുക
ഉത്തരം: (B) അവസരം നോക്കിയിരിക്കുക 

♦ അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
പ്രേക്ഷകരോട് ഒരുകാര്യം അറിയിക്കാൻ സി.എൻ.സി. ചാനലിന് അഭിമാനമുണ്ട്. യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല വരെയുള്ള എല്ലാ ദിവസങ്ങളിലും ഇനി ചേതന ഗൃദ്ധാ മല്ലിക് സി.എൻ.സി. ചാനലിന്റെ കൂടെത്തന്നെയുണ്ടാകും.
ഉത്തരം: യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല വരെയുള്ള എല്ലാ ദിവസങ്ങളിലും ചേതന ഗൃദ്ധാ മല്ലിക് സി.എൻ.സി. ചാനലിന്റെ
കൂടെത്തന്നെയുണ്ടാകുമെന്ന കാര്യം പ്രേക്ഷകരെ അറിയിക്കാൻ ചാനലിന് അഭിമാനമുണ്ട്.

♦ ലോകത്തെ ആദ്യ സ്ത്രീ ആരാച്ചാരായി നിയമിതയായ ചേതന ഗൃദ്ധാ മല്ലിക്കിനെ അഭിനന്ദിച്ച് കത്തു തയാറാക്കുക.
സ്ഥലം
തീയതി
പ്രിയ ചേതനാ
നിന്നെക്കുറിച്ച് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സ്ത്രീകൾക്കു ചെയ്യാൻ കഴിയാത്തതായി ഒരു ജോലിയുമില്ലെന്ന് നീ തെളിയിച്ചിരിക്കുകയാണ്. ലോകത്തെ മുഴുവൻ സ്ത്രീകളും ഇപ്പോൾ നിന്നെയോർത്ത് അഭിമാനിക്കുന്നുണ്ട്. കുടുംബത്തിന്റെ പാരമ്പര്യവും അച്ഛന്റെ ആഗ്രഹവുമാണ് കഠിന പരിശ്രമത്തിലൂടെ നീ യാഥാർഥ്യമാക്കിയത്. ഔദ്യോഗിക ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവം
- പേര് 

♦ ചേതനാ ഗൃദ്ധാ മല്ലിക്കുമായി അഭിമുഖം നടത്താൻ 5 ചോദ്യങ്ങൾ തയാറാക്കുക.
• പുതിയ ജോലിയെപ്പറ്റി എന്താണ് പറയാനുള്ളത്?
• ആരാച്ചാരുടെ ജോലി സ്വീകരിക്കാൻ പ്രേരിപ്പിച്ച സാഹചര്യം എന്താണ് ?
• എന്തുകൊണ്ടാണ് ഈ രംഗത്തേക്ക് വരാൻ സ്ത്രീകൾ മടിക്കുന്നത്?
• സമൂഹത്തോട് എന്താണ് പറയാനുള്ളത് ?
• മറ്റൊരു ജോലി കിട്ടിയാൽ ഈ ജോലി ഉപേക്ഷിക്കുമോ?

♦ പദപരിചയം
• തക്കം പാർത്തിരിക്കുക - അവസരം നോക്കിയിരിക്കുക 
• ആരാച്ചാർ - വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നയാൾ
• തസ്തിക - ഔദ്യോഗികസ്ഥാനം
ഫെമിനിസ്റ്റ് - സ്ത്രീസ്വാതന്ത്ര്യവാദി

♦ ലോപസന്ധി
• ലോകത്താദ്യമായി - ലോകത്ത്, ആദ്യമായി 
• എനിക്കറിഞ്ഞുകൂടാ - എനിക്ക് , അറിഞ്ഞുകൂടാ

♦ ആഗമസന്ധി
• പൂർത്തിയാക്കുക - പൂർത്തി, ആക്കുക 
• നിയമിതയായിരിക്കുകയാണ് - നിയമിത, ആയിരിക്കുകയാണ്
• പേടിയെന്താണ് - പേടി, എന്താണ്
• കിട്ടിയതിൽ --കിട്ടി, അതിൽ

♦ ദ്വിത്വസന്ധി 
• തൂക്കിക്കൊല - തൂക്കി, കൊല
• ഉയർത്തിക്കൊണ്ട് - ഉയർത്തി, കൊണ്ട്
• ഒരുക്കങ്ങളെക്കുറിച്ച് - ഒരുക്കങ്ങളെ, കുറിച്ച് 
• ഇറങ്ങിച്ചെല്ലുന്നത് - ഇറങ്ങി, ചെല്ലുന്നത്

♦ ആദേശസന്ധി 
• പിതാവും - പിതാവ്, ഉം
• ലോകത്തെ - ലോകം, എ 
• ദിവസവും - ദിവസം, ഉം 
• സംസ്ഥാനത്തിന്റെ - സംസ്ഥാനം, ഇന്റെ 

♦ പകരം പദങ്ങൾ
• മുടി - കുന്തളം, വേണി, കേശം 
• പിതാവ് - താതൻ, ജനകൻ, ജനയിതാവ് 
• കൈ - കരം, ഹസ്തം, പാണി
സ്ത്രീ - നാരി, യോഷ, വനിത, മഹിള 
• മുഖം - ആനനം, ആസ്വം, വദനം


പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

Post a Comment

0 Comments