Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 04 മൊഴിമുത്തുകൾ - Chapter 3 എന്റെ ഭാഷ - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 കേരള പാഠാവലി - Unit 04 മൊഴിമുത്തുകൾ: പാഠം 03 - എന്റെ ഭാഷ - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ
'എന്റെ ഭാഷ'
എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ എന്റെ ഭാഷ - എം. ടി. വാസുദേവൻ നായർ
എപ്പോഴും നമ്മുടെ കൂടെയുള്ളതാണ് നമ്മുടെ മാതൃഭാഷ. നമ്മൾ സ്വപ്നം കാണുന്നത് നമ്മുടെ മാതൃഭാഷയായ മലയാളത്തിലാണ്. നമുക്ക് തണലായി. തുണയായി, എല്ലാമെല്ലാമായി ഒപ്പം നിൽക്കുന്നത് നമ്മുടെ മാതൃഭാഷയാണ്. മാതൃഭാഷ നമുക്ക് എന്താണ് എന്ന് പറയുകയാണ് എം. ടി. വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞയിൽ.

മലയാളമാണ് എന്റെ ഭാഷ 
എന്റെ ഭാഷ എന്റെ വീടാണ് 
എന്റെ ആകാശമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് 
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്.
(എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ)

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ മുഖപ്രസംഗം 
മുകളിൽ കൊടുത്തിരിക്കുന്ന ഭാഷാപ്രതിജ്ഞയിൽ മാത്യഭാഷ തനിക്കെന്തെല്ലാമെന്നാണ് എം.ടി പറയാൻ ശ്രമിക്കുന്നത്? നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ സംഘമായി ചർച്ച ചെയ്യുക. തുടർന്ന് ചർച്ചയിലെ ആശയങ്ങൾ ക്രോഡീകരിച്ച് മാത്യഭാഷാദിനത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി പ്രമുഖപത്രത്തിലേക്ക് ഒരു മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
എന്റെ മലയാളം എന്റെ അഭിമാനം
ലോകത്തുള്ള എല്ലാവരും അവരവരുടെ മാതൃഭാഷയ്ക്കായി നീക്കിവച്ച ദിനമാണ് ഫെബ്രവരി 21.
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മതൻ ഭാഷ താൻ' എന്നു പാടിയ മഹാകവി വള്ളത്തോൾ മാതൃഭാഷ നമുക്ക് എന്താണ് ? അഥവാ എന്താവണം എന്ന് പൂർണമായ അർഥത്തിൽ മനസ്സിലാക്കിയിരുന്നു. ജനനം മുതൽ നമ്മോടൊപ്പം ഉള്ളതാണ് മാതൃഭാഷ. നമ്മുടെ യാത്രയിൽ, നമ്മുടെ ചിന്തകളിൽ, സ്വപ്നങ്ങളിൽ, സങ്കടങ്ങളിൽ എല്ലാം ഒപ്പം നിൽക്കുന്നത് മാതൃഭാഷയാണ്. അങ്ങനെയുള്ള മാതൃഭാഷയിൽ നിന്ന് അകന്നുപോകുന്നതിന്റെ വ്യഥയും മാതൃഭാഷയുടെ പ്രാധാന്യവും നമ്മുടെ എഴുത്തുകാർ അവരുടെ രചനകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒ.എൻ.വി കുറുപ്പ്, സച്ചിദാനന്ദൻ, കുഞ്ഞുണ്ണി മാഷ്, എം. ടി., കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ എഴുത്തുകാർ മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് പാടുകയും എഴുതുകയും ചെയ്തവരാണ്.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞയിൽ മലയാളഭാഷയോട് അദ്ദേഹത്തിനുള്ള ആത്മബന്ധം പ്രകടമാണ്. മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ദാഹം ശമിക്കുന്ന കുപ്പിവെള്ളമാണ്, എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്, ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്, എന്റെ ഭാഷ ഞാൻ തന്നെയാണ് എന്നിങ്ങനെ എം. ടി. ഉറക്കെ പ്രഖ്യാപിക്കുന്നു. ഭാഷയും മനുഷ്യനും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ ആഴം ഈ വരികളിൽ പ്രകടമാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ് എന്നു പറയുമ്പോൾ മാതൃഭാഷ നമ്മിൽ അലിഞ്ഞുചേർന്ന ഒരു വികാരമാണ് എന്ന് മനസ്സിലാക്കാൻ കഴിയും.
ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ അന്വഭാഷകളിൽ പ്രാവീണ്യം നേടേണ്ടത് ഉന്നതവിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനിവാര്യമായിരിക്കാം. പക്ഷേ, അതിനർഥം മലയാളം പഠിക്കേണ്ട എന്നല്ല. ചെറിയ ക്ലാസുമുതൽ മാതൃഭാഷയിൽ നിന്ന് അകന്നുപോകുന്ന കുട്ടികൾ ജീവിതവുമായും ചുറ്റുപാടുകളുമായും ബന്ധപ്പെടുത്തി ആശയങ്ങൾ ഗ്രഹിക്കുന്നതിന് കഴിയാത്തവരായി മാറുന്നു. ആശയങ്ങളുടെ, ഭാവനയുടെ വിശാല ലോകത്തേക്ക് പറന്നുയരാൻ, പൂർണതയിലെത്താൻ അവർക്ക് കഴിയാതെ വരുന്നു. മാതൃഭാഷയിൽ അവഗാഹമുള്ള ഒരാൾക്ക് മറ്റേതൊരു ഭാഷയും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ആശയം ഗ്രഹിക്കാനും കഴിയും.
അന്യഭാഷകൾ എത്രവേണമെങ്കിലും നമുക്ക് പഠിക്കാം. പക്ഷേ അത് മാതൃഭാഷയെ മറന്നുകൊണ്ടാകരുത്. മാതൃഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ അറിയില്ല എന്നത് അപമാനമായി കരുതുകയും മാതൃഭാഷയെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യാം. നമ്മുടെ പ്രകൃതിയുമായും സംസ്കാരവുമായും നമ്മെ കൂട്ടിയിണക്കുന്ന, അമ്മയ്ക്കു തുല്യമായ മാതൃഭാഷയെ നമുക്ക് മറക്കാതിരിക്കാം.

♦ പ്രസംഗം
എത്ര സുന്ദരമെത്ര സുന്ദരന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽപോലെ 
മണ്ണിൽ വീണുകുരുത്ത നെന്മണി വിത്ത് മുളപൊട്ടി 
മിന്നുമീരില വീശിടുമ്പോൽ എത്രയീരടികൾ
മണ്ണിൽ വേർപ്പുവിതച്ചവർ തൻ ഈണമായ് വന്നു 
അന്നുപാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
    - ഒ.എൻ.വി.

മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ
മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
    - വള്ളത്തോൾ

അമ്പത്താറക്ഷരമല്ല 
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം 
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം,
    - കുഞ്ഞുണ്ണിമാഷ് 
♦ മുകളിൽ കൊടുത്ത വരികളും പാഠസന്ദർഭങ്ങളും പ്രയോജനപ്പെടുത്തി 'എന്റെ ഭാഷ എന്റെ മലയാളം' എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കി അവതരിപ്പിക്കുക.
ചുവടെ കൊടുത്ത സൂചനകളുടെ സഹായത്തോടെ മെച്ചപ്പെടുത്തി മാതൃഭാഷാദിനത്തിൽ അവതരിപ്പിക്കുമല്ലോ. 
• അഭിസംബോധന
• ആകർഷകമായ തുടക്കം
• പ്രസംഗം
• ഉപസംഹാരവാചകം
• ആശയസമഗ്രത
• ഉചിതപദങ്ങൾ, പ്രയോഗങ്ങൾ, ഉദ്ധരണികൾ
• 
• 
അവതരണത്തിൽ എന്തെല്ലാം ശ്രദ്ധിക്കാം 
• ശബ്ദനിയന്ത്രണം
• ആശയവ്യക്തത 
• ഉചിതമായ ശരീരഭാഷ
• 
♦ പ്രസംഗം 
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കാലത്ത് നമ്മുടെ നാവിൽ ആദ്യം തത്തികളിച്ച രണ്ട് അക്ഷരമാണ് അമ്മ. നമ്മുടെ മാത്യഭാഷയിൽ നാം ആദ്യം ഉച്ചരിച്ച വാക്ക്. അമ്മയോളം പ്രിയപ്പെട്ടതായ മാതൃഭാഷ അന്നുമുതൽ ഇന്നുവരെ നമ്മോടൊപ്പമുണ്ട്. എത്രയൊക്കെ ഭാഷകൾ നമ്മൾ പഠിച്ചാലും എന്റെ ഭാഷ ഏതെന്ന ചോദ്യത്തിന് നമുക്ക് ഒരു ഉത്തരമേയുള്ളു. എന്റെ ഭാഷ, അത് മലയാളമാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞ മാതൃഭാഷാദിനത്തിൽ നമ്മളൊക്കെ ഏറ്റുചൊല്ലുന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകളിലുടനീളം ഭാഷയോടുള്ള സ്നേഹവും ആത്മബന്ധവും പ്രകടമാണ്. മാതൃഭാഷയിൽനിന്ന് വേറിട്ടൊരു ജീവിതം നമുക്കില്ല എന്ന് അദ്ദേഹം ഉറക്കെ പ്രാപിക്കുന്നു.
എത്ര സുന്ദരമാണ് എന്റെ മലയാളം എന്നു പാടിയ കവിയാണ് ഒ.എൻ.വി.കുറുപ്പ്. മുത്തും പവിഴവും ചേർത്ത് കൊരുത്ത പോലെ മനോഹരമായ ഭാഷ. ഭാഷയുടെ ചരിത്രവും വളർച്ചയുമെല്ലാം അതിമനോഹരമായി ഒ.എൻ.വി. ആവിഷ്കരിച്ചിട്ടുണ്ട്. മനുഷ്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റു ഭാഷകൾക്ക് പോറ്റമ്മമാരുടെ സ്ഥാനമേയുള്ളൂവെന്നും 'എന്റെ ഭാഷ' എന്ന ശ്രദ്ധേയമായ കവിതയിലൂടെ വള്ളത്തോൾ നാരായണമേനോൻ നമ്മെ ഓർമിപ്പിക്കുന്നു. മാതൃഭാഷയെ നാം തള്ളിപ്പറയുമ്പോൾ അത് പെറ്റമ്മയെ തള്ളിപ്പറയുന്നതിന് തുല്യമാണ്.
ഭാഷ പകരുന്ന വൈകാരിക അനുഭവമാണ് കുഞ്ഞുണ്ണിമാഷിന്റെ
അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല 
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം
എന്ന വരികളിലുള്ളത്. അമ്മ, മണ്ണ് എന്നീ വാക്കുകളുടെ അർഥവ്യാപ്തി അനുഭൂതിയായി മാറണമെങ്കിൽ ആ വാക്കുകൾ മാതൃഭാഷയിൽ നാം കേൾക്കണം. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് നമ്മുടെ മലയാളം. അതുകൊണ്ടുതന്നെ മാതൃഭാഷയെ അമൂല്യസമ്പത്തായി സംരക്ഷിക്കണം. ജനനം മുതൽ നമ്മോടൊപ്പമുള്ള, നമ്മളെ ചിന്തിക്കാനും സ്വപ്നം കാണാനും സ്നേഹിക്കാനും ചുറ്റുപാടുകളെ അറിയാനും എല്ലാം പഠിപ്പിച്ച മലയാളത്തെ തള്ളിക്കളഞ്ഞ് മറ്റു ഭാഷകൾ സ്വീകരിക്കുന്നത് മലയാളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. നമ്മുടെ ഭാഷയെ ചേർത്തുനിർത്തുമ്പോൾ നമ്മുടെ സംസ്കാരത്തെയാണ് നാം ചേർത്തുനിർത്തുന്നത്. മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ഭാഷ ഞാൻ തന്നെയാണ് എന്ന് മാതൃഭാഷയോട് ചേർന്ന് നമുക്ക് വീണ്ടും വീണ്ടും പറയാം.
നന്ദി നമസ്കാരം.
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Post a Comment

0 Comments