SCERT KERALA STD VIII Malayalam AT (അടിസ്ഥാന പാഠാവലി) Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ - Chapter 3 ഭഗീരഥപ്രയത്നം - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 03 - ഭഗീരഥപ്രയത്നം | പഠനം സഫലം - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'ഭഗീരഥപ്രയത്നം' അതോടൊപ്പം 'പഠനം സഫലം' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. 
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ഭഗീരഥപ്രയത്നം - ഡോ. എം. എസ്. വല്യത്താൻ
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനായ ഡോ. എം. എസ്. വല്യത്താന്റെ അനുഭവക്കുറിപ്പാണ് പാഠഭാഗം ഇന്ത്യയിൽ ആദ്യമായി നടന്ന കൃത്രിമ ഹൃദയ വാൽവ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ഡോ. വല്യത്താൻ ഏഴുവർഷം നീണ്ട ഹൃദയവാൽവ് നിർമ്മാണഘട്ടങ്ങളിൽ നേരിട്ട പ്രതിസന്ധികളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് മറികടന്ന് വിജയത്തിലെത്തിയ അനുഭവം പങ്കുവയ്ക്കുകയാണിവിടെ.

ചോദ്യങ്ങളും ഉത്തരങ്ങളും
♦ ബന്ധം കണ്ടെത്തുക
♦ “ഉത്തമരാവട്ടെ നിരന്തരം വിഘ്നമുണ്ടായാലും തുടങ്ങിയ കാര്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല'' - നീതിശതകത്തിലെ ഈ വാക്യം പാഠഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? വിശദമാക്കുക. 
ഭർത്തൃഹരിയുടെ 'നീതിശതക'ത്തിലെ ഒരു ശ്ലോകം ഡോ. വല്യത്താൻ ഉദ്ധരിക്കുന്നുണ്ട്. “നീചർ തടസ്സങ്ങളുണ്ടാകുമെന്ന ഭയംകൊണ്ട് ഒരിക്കലും ഒരു കാര്യം തുടങ്ങുന്നില്ല. മധ്യമർ തടസ്സം ഉണ്ടാകുമ്പോൾ അവർ തുടങ്ങിയ കൃത്യം ഉപേക്ഷിക്കുന്നു. ഉത്തമരാകട്ടെ നിരന്തരം തടസ്സങ്ങൾ ഉണ്ടായാലും തുടങ്ങിയ കൃത്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല. ഇതാണ് ഭർത്തൃഹരിയുടെ ശ്ലോകത്തിൽ പറയുന്നത്. മനുഷ്യരെ നീചർ, മധ്യമ൪, ഉത്തമർ എന്ന് അദ്ദേഹം തരം തിരിക്കുന്നു. പുതുതായി എന്തെങ്കിലും ആരംഭിക്കുമ്പോൾ തടസ്സങ്ങളും പരാജയങ്ങളും സ്വാഭാവികമാണ്. ചിലർ (നീചർ) പരാജയം, തടസ്സം ഭയന്ന് ഒന്നും തുടങ്ങുന്നില്ല. ചിലർ (മധ്യമർ) തടസ്സം വരുമ്പോൾ ലക്ഷ്യം മറന്ന് പ്രവർത്തനം ഉപേക്ഷിക്കുന്നു. ചിലർ (ഉത്തമർ) തടസ്സവും പ്രതിസന്ധികളും വകവയ്ക്കാതെ ലക്ഷ്യം കാണുന്നതുവരെ കഠിനാധ്വാനം തുടരുന്നു.
ഡോ. വല്യത്താൻ മൂന്നാമത്തെ (ഉത്തമർ) വിഭാഗത്തിൽപ്പെട്ട ആളാണെന്ന് നമുക്ക് മനസ്സിലാക്കാം. ഏഴുവർഷം നീണ്ട വാൽവ് നിർമ്മാണ ഗവേഷണത്തിനിടയിൽ പല തടസ്സങ്ങളും പരാജയങ്ങളുമുണ്ടാകുന്നു. സുഹൃത്തുക്കൾപോലും നിരുത്സാഹപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ വല്യത്താൻ ഇതിലൊന്നും തളരാതെ മുന്നോട്ടുപോകുന്നു. ഒടുവിൽ വിജയിക്കുന്നു. പരാജയപ്പെട്ട പരീക്ഷണങ്ങളില്ലാതെ ആരും സ്വന്തമായി ഒന്നും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. അങ്ങനെ ഡോ. വല്യത്താൻ 'ഉത്തമ'രുടെ ഗണത്തിൽ ഉൾപ്പെടാൻ അർഹത നേടുന്നു. നീതിശതകത്തിലെ ശ്ലോകത്തിലെ ആശയത്തോടു ചേർന്നു നിൽക്കുന്നതാണ് ഡോ. വല്യത്താന്റെ പ്രവർത്തനരീതികൾ എന്ന് നാം തിരിച്ചറിയുന്നു. നിശ്ചയദാർഢ്യത്തിലൂന്നിയ പ്രവർത്തനം നമ്മെ വിജയത്തിലെത്തിക്കും എന്ന് വല്യത്താന്റെ അനുഭവം ബോധ്യപ്പെടുത്തിത്തരുന്നു. 

♦ ശൈലീനിഘണ്ടു തയ്യാറാക്കാം
♦ ഭഗീരഥപ്രയത്നം - കഠിനമായ പരിശ്രമം
ഇത്തരത്തിലുള്ള കൂടുതൽ ശൈലികൾ ശേഖരിച്ച് ഒരു ലഘുശൈലീനിഘണ്ടു തയ്യാറാക്കുക.
• അക്കരെപ്പറ്റുക - വിഷമഘട്ടം തരണം ചെയ്യുക.
• ആകാശക്കോട്ട കെട്ടുക - മനോരാജ്യം കാണുക
• ആകാശകുസുമം - സംഭവിക്കാത്ത കാര്യം
• ഉലക്കമേൽ കിടക്കുക - അസാധ്യകാര്യം ചെയ്യുക
• കതിരിന്മേൽ വളം വയ്ക്കുക - കാലംതെറ്റി പ്രവർത്തിക്കുക
• കീറാമുട്ടി - പ്രയാസമുള്ള കാര്യം
• കുതിരക്കണ്ണിപോലെ - ഒരു ദിശയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
• ചക്രംചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക 
• നെല്ലിപ്പടി കാണുക - അടിയറ്റം കാണുക

♦ പ്രഭാഷണം
♦ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും. 'ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
പ്രിയ സുഹൃത്തുക്കളേ,
ജീവിതവിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്താണ് വിജയിക്കാനുള്ള മാർഗം എന്ന് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. 'എനിക്ക് വിജയിക്കാൻ സാധിക്കും' എന്ന ദൃഢമായ വിശ്വാസം നൽകുന്ന കരുത്ത് വലുതാണ്. എപ്പോഴും പരാജയത്തെക്കുറിച്ചാലോചിക്കുന്നവർ പരാജയത്തിലെത്തിച്ചേരും.
'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് തന്നോടുതന്നെ പറയുന്നവനെ തോൽപിക്കാൻ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമായി പറയാവുന്ന ഒരാളാണ് വൈദ്യുത ബൾബുൾപ്പെടെ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസൺ. ആദ്യത്തെ ബൾബ് കണ്ടുപിടിക്കാനായി പതിനായിരക്കണക്കിന് പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. അതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ഞാൻ പതിനായിരം പ്രാവശ്യം പരാജയപ്പെടുകയായിരുന്നില്ല. ബൾബ് വേണ്ടവിധം പ്രവർത്തിക്കാത്ത പതിനായിരം വഴികൾ ഞാൻ കണ്ടെത്തുകയായിരുന്നു. വിജയിക്കാനുള്ള ഏറ്റവും നല്ല വഴി ഒരു തവണകൂടി പരിശ്രമിക്കുക എന്നതാണ്''. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ് എഡിസനെയും നമ്മളേവരേയും ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്നത്. സുഹൃത്തുക്കളേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന രണ്ട് സൂപ്പർ പവറുകളാണ് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും. പ്രതിബന്ധങ്ങൾക്കിടയിലും താൻ ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും അർപ്പിതമനോഭാവത്തോടെ മുന്നേറുന്നതാണ് നിശ്ചയദാർഢ്യം.
ഒരു കാര്യത്തിനായി മനസ്സ് കേന്ദ്രീകരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുമ്പോൾ ഒന്നിനും നമ്മെ തടയാൻ കഴിയില്ല. ഉയർച്ചയുടെ പടവുകൾ കയറിയ ലോകത്തെ ഏതു വ്യക്തിത്വത്തെ എടുത്തുപരിശോധിച്ചാലും നമുക്കിത് മനസ്സിലാക്കാൻ കഴിയും.
“എന്റെ ലക്ഷ്യത്തിലെത്താൻ ഞാൻ എന്തുചെയ്യണം?" എന്നു ചോദിച്ച കുട്ടികൾക്ക് ഡോ. എ. പി. ജെ. അബ്ദുൽ കലാം ചൊല്ലിക്കൊടുത്ത ഒരു കവിതയുണ്ട്. I will fly എന്ന കവിത. 
“അന്തർലീന കഴിവുകളോടെയാണ് എന്റെ ജനനം
നന്മയോടും വിശ്വാസ്യതയോടും കൂടിയാണ് എന്റെ ജനനം മഹത്വത്തോടെയാണ് എന്റെ ജനനം
ആത്മവിശ്വാസത്തോടെയാണ് എന്റെ ജനനം
ചിറകുകളോടെയാണ് എന്റെ ജനനം
അതിനാൽ ഞാൻ ഇഴഞ്ഞുനീങ്ങേണ്ടവനല്ല,
എനിക്കു ചിറകുകളുണ്ട്, ഞാൻ പറക്കും ഞാൻ പറന്നുയരും''.
ടെൻസിങ്ങും ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് കീഴടക്കിയത് നിശ്ചയദാർഢ്യം ഒന്നു കൊണ്ടുമാത്രം. ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ അവരെ സഹായിച്ചത് ആത്മവിശ്വാസം മാത്രമാണ്. തന്റെ ചുവടുകൾ പിഴയ്ക്കില്ല എന്ന ആത്മവിശ്വാസം.
വിജയം ഒരു ലക്ഷ്യമാണ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയും ഒരിക്കലെങ്കിലും പരാജയപ്പെടാത്തവർ ലോകത്തിലില്ല എന്നതാണ് സത്യം. പരാജയങ്ങളെ നാം എങ്ങനെ കാണുന്നു എന്താണ് പ്രധാനം. ചെറിയ പരാജയങ്ങളിൽ തളർന്നുപോകാതെ അവയെ തിരിച്ചറിവുകളാക്കി മാറ്റി ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെണീക്കുന്നവരുടെ മുന്നിൽ എല്ലാ തടസ്സങ്ങളും മാറിനിൽക്കും.
നന്ദി, നമസ്കാരം.

♦ "ഭഗീരഥന്റെ പ്രയത്നംപോലെയായിരുന്നു വാൽവ് നിർമാണം ഈ പ്രസ്താവനയോട് യോജിക്കുന്നത്.
(i) ഒരിക്കലും ഫലം കാണാത്ത പ്രയത്നം.
(ii) പരാജയങ്ങളുണ്ടായിട്ടും കഠിനപരിശ്രമത്തിലൂടെ വിജയത്തിലെത്തി.
(iii) പ്രതിസന്ധികൾ നേരിടാതെ വിജയം കൈവരിക്കുന്നു. 
(A) (i) ഉം (ii) ഉം ശരി
(B) (ii) ഉം (iii) ഉം ശരി 
(C) (ii) മാത്രം ശരി 
(D) ഒന്നും ശരിയല്ല 
ഉത്തരം: (C) (ii) മാത്രം ശരി 

♦ അർഥവ്യത്യാസംവരാതെ ലഘുവാക്യമാക്കുക.
ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.
ഒരു ഡസൻ ആടുകളിൽ പരീക്ഷിച്ചു. അതിനുശേഷമാണ് വാൽവ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാനായത്.

♦ 'എനിക്ക് ലക്ഷ്യം നേടാനുള്ള വലിയ പ്രേരണയായി ഓരോ എതിരഭിപ്രായവും മാറിക്കൊണ്ടിരുന്നു'.
ഡോ. എം. എസ്. വല്യത്താൻ ഇങ്ങനെ പറയാൻ കാരണമെന്തായിരുന്നു?
കൃത്രിമ വാൽവ് നിർമ്മാണം ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഒരു പരീക്ഷണമായിരുന്നു. ഏഴുവർഷം വേണ്ടിവന്നു ശ്രീചിത്ര വാൽവ് സഫലമാകാൻ, ഇതിന്റെ ആദ്യവർഷങ്ങളിൽ ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന ധാരണയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. കേരളത്തിലെ മുതിർന്ന ഡോക്ടർമാർപോലും പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു. ഇതെല്ലാം വേദനയുണ്ടാക്കിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ഊർജവും പ്രേരണയുമായി മാറി എന്നാണ് ഡോ. വല്യത്താൻ പറയുന്നത്.

♦ പരിശ്രമം ചെയ്യുകിലെന്തിനേയും 
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളേ നൽകിയത്രേ 
മനുഷിനെ പാരിലയച്ചതീശൻ - (കെ. സി. കേശവപിള്ള)
ഡോ. എം. എസ്. വല്യത്താന്റെ അനുഭവങ്ങളുമായി വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
കഠിനമായി പരിശ്രമിച്ചാൽ എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും. അതിനാണ് ദീർഘങ്ങളായ രണ്ടു കൈകൾ നൽകി ഈശ്വരൻ ഭൂമിയിലേക്ക് നമ്മെ അയച്ചിരിക്കുന്നത് എന്നാണ് കാവ്യഭാഗത്ത് കെ. സി. കേശവപിള്ള അഭിപ്രായപ്പെടുന്നത്. ഈ വരികളെ അന്വർഥമാക്കുന്നതാണ് ഡോ. എം. എസ്. വല്യത്താന്റെ പരീക്ഷണങ്ങളും അവയുടെ പരിസമാപ്തിയും. കൃത്രിമ ഹൃദയ വാൽവ് വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ തുടങ്ങി ഏഴുവർഷംകൊണ്ടാണ് പൂർത്തിയായത്. ഇതിനിടെ പരാജയങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നു. കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും വിധേയരായി. അതിനെയെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടികളായി കണ്ട്, കഠിനപരിശ്രമം നടത്തി ഡോ. വല്യത്താനും സംഘവും വിജയം കണ്ടു. പരാജയങ്ങൾ ഏറ്റുവാങ്ങാതെ ഒരു സാങ്കേതികവിദ്യയും ഇന്നുവരെ ആരും വികസിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

♦ പദപരിചയം 
• പ്രയത്നം - പരിശ്രമം
• സഫലം - ഫലപ്രാപ്തിയിലെത്തിയ
• അധിക്ഷേപിക്കുക - ആക്ഷേപിക്കൽ, നിന്ദിക്കൽ
• നീചർ - താണവർ
• വിഘ്നം - തടസ്സം 
• ഉത്തമർ - ശ്രേഷ്ഠർ
• കൃത്യം - പ്രവൃത്തി

♦ ദ്വിത്വസന്ധി
• അക്കാലം - അ, കാലം
• തുന്നിച്ചേർക്കുക - തുന്നി, ചേർക്കുക

♦ ആദേശസന്ധി
• വികസനശ്രമത്തിന്റെ - വികസനശ്രമം, ഇന്റെ 
• ശ്ലോകത്തിന്റെ - ശ്ലോകം, ഇന്റെ
• ഭയത്താൽ - ഭയം, ആൽ

♦ ലോപസന്ധി
• അതൊക്കെ - അത്, ഒക്കെ
• ഉറപ്പായ - ഉറപ്പ്, ആയ 

♦ ആഗമസന്ധി
• പോലെയായിരുന്നു - പോലെ, ആയിരുന്നു 
• ചെയ്യുകയായിരുന്നു - ചെയ്യുക, ആയിരുന്നു 
• വേദനയുണ്ടാക്കി - വേദന, ഉണ്ടാക്കി

♦ വിഗ്രഹിച്ചെഴുതാം
• വികസനശ്രമം - വികസനത്തിനുള്ള ശ്രമം 
• പരീക്ഷണശാല - പരീക്ഷണത്തിനുള്ള ശാല
• എതിരഭിപ്രായം - എതിരായുള്ള അഭിപ്രായം

♦ പഠനം സഫലം - ഡോ. പി. കെ. വാരിയർ
ആയുർവേദ ചികിത്സാരംഗത്തെ കുലപതി ഡോ. പി. കെ. വാരിയരുടെ ആത്മകഥയായ 'സ്മൃതിപർവ'ത്തിലെ ഒരു ഭാഗമാണ് പാഠം. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല അതിൽ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു ആയുർവേദവൈദ്യനാകാൻവേണ്ട തയാറെടുപ്പുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം ഈ ആത്മകഥാഭാഗത്ത്. ഗുരുവിന്റെ പക്കൽനിന്ന് കേട്ടറിഞ്ഞും കാട്ടിലെ മരുന്നുകളെ കണ്ടു പരിചയിച്ചും നാട്ടിൽ രോഗികളെ ചികിത്സിച്ചും മുപ്പതു വർഷം ക്ഷമയോടെ പൂർത്തിയാക്കുമ്പോഴാണ് നല്ലൊരു വൈദ്യനായി മാറുന്നതെന്ന് അദ്ദേഹം പറയുന്നു.

♦ പ്രതികരണക്കുറിപ്പ്
♦ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോഴാണ് അറിവ് പൂർണതയിലെത്തുക എന്ന ആശയത്തോടുള്ള നിങ്ങളുടെ പ്രതികരണം കുറിക്കുക.
അറിവാണ് ശക്തി എന്ന് പലരും പറയാറുണ്ട്. കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോൾ മാത്രമാണ് അറിവ് ശക്തിയായി മാറുന്നത്. പല കാര്യങ്ങളും അറിഞ്ഞും ചെയ്തും അനുഭവിച്ചും മാത്രമേ പഠിക്കാനാവൂ. മറ്റുള്ളവർ പറയുന്നത് കേട്ടോ പുസ്തകം വായിച്ചോ ഒരാൾക്ക് നീന്തൽ പഠിക്കാനാവില്ല. അതിന് വെള്ളത്തിലിറങ്ങി നീന്തുക തന്നെവേണം. സൈക്കിൾ കയറ്റവും
ഡ്രൈവിങ് പഠനവുമൊക്കെ അങ്ങനെതന്നെ. പഠനം എന്നത് കേവലം അറിവ് എന്നതിലുപരി വൈദഗ്ധ്യത്തിന്റെ മേഖലകൂടിയാണ്. അതത് മേഖലയിൽ വൈദഗ്ധ്യമുള്ളവർ സമൂഹത്തിന് എന്നും വേണ്ടപ്പെട്ടവരായിരിക്കും.

♦ പദപരിചയം
• വിനിയോഗിക്കുക - ഉപയോഗപ്പെടുത്തുക
• പരിണാമം - മാറ്റം
• ജ്ഞാനം - - അറിവ്
• പ്രായോഗികം - പ്രയോഗത്തിൽ വരുത്താവുന്ന

♦ വിഗ്രഹിച്ചെഴുതുക
• ശാസ്ത്രഗ്രന്ഥങ്ങൾ - ശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങൾ
• വൃദ്ധസേവ - വൃദ്ധരെ സേവിക്കൽ
• പ്രായോഗികപരിശീലനം - പ്രായോഗികമായ പരിശീലനം
• ഗുണദോഷങ്ങൾ - ഗുണവും ദോഷവും

♦ പഠനം സഫലം എന്ന പാഠഭാഗത്തിനാധാരമായ സ്മൃതിപർവം എന്ന കൃതി  ആത്മകഥയ്ക്കുള്ള 2018 ലെ കേരളസാഹിത്യഅക്കാദമി അവാർഡിനർഹമായി. 

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments