Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (അടിസ്ഥാന പാഠാവലി) Unit 02 ആയൂരാരോഗ്യസൗഖ്യം - Chapter 2 ഒപ്പം മിടിക്കുന്നത് - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 02 ആയൂരാരോഗ്യസൗഖ്യം: പാഠം 02 - ഒപ്പം മിടിക്കുന്നത് - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'ഒപ്പം മിടിക്കുന്നത്'
എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ഒപ്പം മിടിക്കുന്നത് - ഡോ.കെ.അയ്യപ്പപ്പണിക്കർ  
♦ കവിതയുടെ ആശയം
കവി തന്റെ ഹൃദയത്തോട് ചോദിക്കുകയാണ്. അല്ലയോ ഹൃദയമേ, എന്റെ ശരീരത്തിൽ ഇരുന്ന് മിടിച്ചു പിടിച്ച് നീ ഇപ്പോൾ മിടിക്കാൻ മടിച്ചു നിൽക്കുകയാണോ? പറയൂ നീ നിന്റെ പഴയ സ്പന്ദനവും സന്തോഷവും മറന്നുപോയോ. ഹൃദയം മറുപടി പറയുകയാണ്. പറയാൻ മടിയുണ്ടെങ്കിലും പറയേണ്ട സമയം അടുത്തിരിക്കുന്നു. താങ്കളുടെ ശരീരത്തിനുള്ളിൽ വളരെനാളായി മിടിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. കൂട്ടിലടയ്ക്കപ്പെട്ട കിളി അതിന്റെ യജമാനൻ കൊടുക്കുന്ന ഭക്ഷണം മാത്രം കഴിച്ച് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ആ കൂട്ടിൽ ഇരിക്കുന്നതുപോലെയാണത്. ഹൃദയത്തിന്റെ ഉടമസ്ഥൻ ആരോഗ്യകരമായ ജീവിതശൈലിയാണോ അനാരോഗ്യകരമായ ജീവിത ശൈലിയാണോ പിന്തുടരുന്നത് അതിനനുസരിച്ചാണ് ഹൃദയത്തിന്റെ ആരോഗ്യവും എന്നാണ് ഹൃദയം പറയുന്നതിന്റെ പൊരുൾ.
താങ്കൾക്ക് ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്ന നാളുകളിലും യൗവനകാലത്തെ സന്തോഷങ്ങളിലും വളരെ ആരോഗ്യത്തോടെ ഞാൻ മിടിച്ചുകൊണ്ടിരുന്നത് അങ്ങ് മറക്കരുത്. എന്റെ കഴിവുപോലെ ഇനിയും ഞാൻ മിടിച്ചുകൊണ്ടിരിക്കും. പക്ഷേ വഴിയിലെപ്പോഴാണ് തളർന്നുവീഴുക, എന്റെ മിടിപ്പ് നിലയ്ക്കുക എന്ന് അറിയില്ല. ഹൃദയത്തിന്റെ വാക്കുകൾ കേട്ട് കവി ഹൃദയത്തോട് നന്ദി പറയുന്നു. എപ്പോൾ വേണമെങ്കിലും ഹൃദയമിടിപ്പ് നിലയ്ക്കാം എന്ന് തനിക്ക് മുന്നറിയിപ്പ് തന്നതിനാണ് കവി നന്ദി പറയുന്നത്.
അനന്തകാലങ്ങൾ - വളരെയേറെ കാലങ്ങൾ - എന്റെ ഉള്ളിലിരുന്ന് മിടിച്ചിട്ടും ചിലപ്പോൾ മാത്രമാണ് ഞാൻ നിന്റെ മിടിപ്പ് ശ്രവിച്ചത്. ഹൃദയം പലപ്പോഴായി സൂചനകൾ നൽകി ഇത് കവി ശ്രദ്ധിച്ചുവെങ്കിലും സാരമാക്കിയില്ല. ആരോഗ്യകാര്യങ്ങളിലുള്ള കവിയുടെ അശ്രദ്ധയാണ് ഇവിടെ സൂചിപ്പിക്കുന്നത്. നീ എനിക്കു ചെയ്ത ഉപകാരം ഞാനൊരിക്കലും മറക്കുകയില്ല, നീ എന്റെ സുഹൃത്താണ് എന്നിങ്ങനെ കവി തുടർന്ന് ഹൃദയത്തോട് പറയുന്നു.
ഒരു നല്ല സുഹൃത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടി നമ്മെ നേർവഴിക്ക് നയിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം എന്ന് ചൂണ്ടിക്കാണിച്ച് ഹൃദയം കവിക്ക് തിരിച്ചറിവ് നൽകുകയാണിവിടെ. മേലിൽ നീ ചെയ്ത ഉപകാരം മറക്കുകയില്ല എന്ന് കവി ഹൃദയത്തോട് പറയുന്നത് അതുകൊണ്ടാണ്.
ഹൃദയം കാണിച്ചുകൊടുക്കുന്ന ലക്ഷണങ്ങളിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായിരിക്കുന്നു എന്ന് മനസ്സിലാക്കുകയാണ് കവി. ആരോഗ്യകരമായ ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കാതെ, ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യാതെ ജീവിക്കുമ്പോൾ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും അവയവങ്ങൾ പണിമുടക്കിത്തുടങ്ങുകയും ചെയ്യും. ഈ ഒരു ഓർമപ്പെടുത്തലാണ് കവി നൽകുന്നത്.

♦ വിശകലനക്കുറിപ്പ്
♦ ഹൃദയത്തെ ആത്മസുഹൃത്തായാണ് കവി സങ്കല്പിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് കവിതയിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പ്രിയപ്പെട്ട ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെയാണ് കവി ഹൃദയത്തോട് സംസാരിക്കുന്നത്. എന്റെ ശരീരത്തിലിരുന്ന് മിടിച്ചുമിടിച്ച് മടുത്തുപോയോ എന്നും പഴയതുപോലുള്ള പ്രസരിപ്പും സന്തോഷവുമൊന്നും ഇല്ലല്ലോ എന്നുമുള്ള കവിയുടെ ചോദ്യത്തിൽ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ഹൃദ്യമായ അടുപ്പമാണ് ഉള്ളത്. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായി എന്ന് കവിക്ക് ഹൃദയം മുന്നറിയിപ്പു കൊടുക്കുമ്പോൾ എന്റെ ഒരേയൊരു സുഹൃത്താണ് നീ എന്ന് കവി പറയുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊടുത്ത് നല്ല സുഹൃത്തുക്കൾ നേർവഴിയിലേക്ക് നയിക്കും. ഇവിടെ ഹൃദയം നല്ല ഒരു സുഹൃത്തായി മാറി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം എന്ന് കവിയോടു പറയുന്നു. ഒരാൾ ആത്മസുഹൃത്തിന് നന്ദിപറയുന്നതുപോലെ ഹൃദയത്തോട് കവി നന്ദി പറയുന്നതും കവിതയിലുണ്ട്. ഇതിൽനിന്നെല്ലാം ഹൃദയത്തെ ആത്മസുഹൃത്തായാണ് കവി സങ്കല്പിക്കുന്നത് എന്ന് മനസ്സിലാക്കാം.

♦ കണ്ടെത്തിയെഴുതാം
♦ “തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്തനാൾ 
തരുണസൗഖ്യങ്ങൾ തടവി നിന്ന നാൾ"
ഈ വരികളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതു.
ഈ വരികളുടെ ശബ്ദഭംഗിയാണ് ആദ്യവായനയിൽ നമ്മെ ആകർഷിക്കുന്നത്. 'ത'യുടെ ആവർത്തനവും പ്രാസഭംഗി നൽകുന്നു. 'ൾ' എന്ന ചില്ലക്ഷരത്തിന്റെ ആവർത്തനവും ശബ്ദഭംഗിക്ക് മാറ്റുകൂട്ടുന്നു. തടിച്ച ദുഃഖങ്ങൾ തരുണസൗഖ്യങ്ങൾ, തകർത്തു പെയ്തനാൾ തടവി നിന്ന നാൾ എന്നീ വാക്കുകളുടെ പ്രയോഗഭംഗിയും വരികളെ ആകർഷകമാക്കുന്നു. വലിയ ദുഃഖങ്ങൾ തകർത്തുപെയ്തകാലത്തും ഏറെ സന്തോഷം നിറഞ്ഞ കാലത്തും ഹൃദയം തന്നോടൊത്തുണ്ടായിരുന്നുവെന്ന് കവി ഓർക്കുന്നു. സുഖത്തിലും ദുഃഖത്തിലും തന്നോടൊത്തുണ്ടായിരുന്ന ആത്മസുഹൃത്തായി ഹൃദയത്തെ കാണുന്ന കാവ്യഭാവന വരികൾക്ക് മാറ്റുകൂട്ടുന്നു.

♦ സംഘാലാപനം
♦ “പടവുകളെല്ലാം ജലം വിഴുങ്ങുന്നു 
മഴയുടെ മിഴാവൊലി മുഴങ്ങുന്നു''
ഈ വരികളുടെ താളത്തിൽ 'ഒപ്പം മിടിക്കുന്നത്' എന്ന കവിത ചൊല്ലാൻ കഴിയുന്നുണ്ടോ? ചൊല്ലിനോക്കൂ. സമാനതാളമുള്ള മറ്റു കവിതാശകലങ്ങൾ ശേഖരിക്കുക. സംഘമായി ചൊല്ലി അവതരിപ്പിക്കുക.
തന്നിരിക്കുന്ന വരികളുടെ താളത്തിൽ 'ഒപ്പം മിടിക്കുന്നത്' എന്ന കവിത ചൊല്ലാൻ കഴിയും.
സമാനതാളത്തിലുള്ള കവിതാശകലങ്ങൾ 
നിറന്നപീലികൾ നിരക്കവേ കുത്തി
നെറുകയിൽ കൂട്ടി തിറമോടുകെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും 
- എഴുത്തച്ഛൻ

മരിച്ചുവോ, മേലേ കിഴക്കൻ മാമല
യിറങ്ങിവന്നെത്തും മലങ്കുറത്തി നീ
മരിച്ചുവോ? നിന്റെ വരവും കാത്തുകാ-
ത്തിരിക്കുന്നു ഞങ്ങൾ! പതിവുപോലെ നീ. 
- ഒ.എൻ.വി. കുറുപ്പ് 

പൊടുന്നനേ ഭൂമി വെടിഞ്ഞിവണ്ണം നീ
പറന്നു പോയല്ലോ പ്രിയമരാളമേ 
പെരുവഴിതന്നിലഹോ കരസ്ഥമാം
വിലയേറും ധനം കളഞ്ഞുപോകയാൽ
കുഴങ്ങിനില്ക്കുന്ന പഥികനെപ്പോലെ
മദീയമാനസമുഴന്നിടുന്നല്ലോ. 
- കുമാരനാശാൻ

ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ
ഉണർന്നുനോക്കുവിനുലകിതുൾക്കാമ്പിൽ 
മണമേലുമോമൽമലർമൊട്ടുകളേ 
- കുമാരനാശാൻ

♦ ഔചിത്യം കണ്ടെത്തുക
♦ 'ഒപ്പം മിടിക്കുന്നത്' - കവിതയുടെ ആശയവുമായി ബന്ധപ്പെടു
ത്തി ശീർഷകത്തിന്റെ ഔചിത്യം ചർച്ചചെയ്യുക.
ജനിച്ച അന്നുമുതൽ നമ്മോടൊപ്പം തുടിച്ചുകൊണ്ടു ഹൃദയം കൂടെയുണ്ട്. ഹൃദയത്തിന്റെ മിടിപ്പാണ് നമ്മെ ജീവിപ്പിക്കുന്നത്. ജനനം മുതൽ മരണം വരെയുള്ള ഹൃദയത്തിന്റെ യാത്രയുടെ ചരിത്രം കവി ഈ വരികളിലൂടെ ആവിഷ്കരിക്കുന്നു. ഒരു ആത്മ സുഹൃത്തിനെപ്പോലെ ഒപ്പം ഉണ്ടായിരുന്ന ഹൃദയത്തോട് കവി സംസാരിക്കുന്നത് ഈ കവിതയിലുണ്ട്. ഒപ്പം മിടിക്കുന്ന ഹൃദയം ഏറ്റവും വലിയ ചങ്ങാതിയാണ് എന്നും കവി പറയുന്നു. നാം ഹൃദയത്തോടു ചേർത്തുനിർത്തുന്ന സുഹൃത്തുക്കൾ നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ എന്നും ശക്തിയാണല്ലോ. അതുപോലെ 'ഒപ്പം മിടിക്കുന്ന' ഹൃദയവും നമ്മോടുകൂടെ സഞ്ചരിച്ചുകൊണ്ട് നമ്മെ സഹായിക്കുകയാണ്. അതുകൊണ്ട് 'ഒപ്പം മിടിക്കുന്നത്' എന്ന ശീർഷകം ഈ കവിതയ്ക്ക് തികച്ചും ഉചിതമാണ്.

♦ എന്തു മറന്നുപോയോ എന്നാണ് കവി ഹൃദയത്തോട് ചോദിക്കുന്നത്?
(A) തരുണസൗഖ്യങ്ങൾ
(B) പഴയമാതിരി തുടിപ്പും തുഷ്ടിയും 
(C) ഹൃദയതാളം
(D) കഴിഞ്ഞുപോയ നല്ല കാലങ്ങൾ
ഉത്തരം: (B) പഴയമാതിരി തുടിപ്പും തുഷ്ടിയും 

♦ കഴിവുപോലെ ഞാൻ തുടരുമെങ്കിലും 
വഴിയിലെപ്പോഴെന്നറിയുകയില്ല.
 - ഇവിടെ സൂചിതമാകുന്നത്?
(A) ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകും 
(B) ഹൃദയതാളം നിലച്ചു
(C) ഹൃദയം കഴിവുപോലെ മിടിക്കുന്നു 
(D) കവി വഴിയിൽ വീണുപോകും 
ഉത്തരം: (A) ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകും 

♦ മിടിപ്പുകൾക്കിടയ്ക്കനന്തകാലങ്ങൾ
ചിലപ്പോഴൊക്കെ ഞാൻ ശ്രവിച്ചുവെങ്കിലും 
 - ഈ വരികൾ അർഥമാക്കുന്നത്?
(i) ആരോഗ്യകാര്യങ്ങളിലുള്ള കവിയുടെ അശ്രദ്ധ
(ii) ഹൃദയത്തിന്റെ മുന്നറിയിപ്പ് ചിലപ്പോഴൊക്കെ ശ്രദ്ധിച്ചിരുന്നു
(A) (i) മാത്രം ശരിയാണ്
(B) (ii) മാത്രം ശരിയാണ്
(C) (i) ഉം (ii) ഉം ശരിയാണ് 
(D) രണ്ടും ശരിയല്ല
ഉത്തരം: (C) (i) ഉം (ii) ഉം ശരിയാണ് 

♦ അനന്തകാലങ്ങൾ എന്ന പദം വിഗ്രഹിച്ചെഴുതിയാൽ
(A) അനന്തതയുടെ കാലം 
(B) അനന്തമായ കാലം
(C) അനന്തവും കാലവും
(D) അനന്തതയിലുള്ള കാലം
ഉത്തരം: (B) അനന്തമായ കാലം

♦ തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്ത നാൾ അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത്? 
(A) കുറച്ചു ദുഃഖങ്ങൾ
(B) ചെറിയ ദുഃഖങ്ങൾ
(C) കഠിനമായ ദുഃഖങ്ങൾ 
(D) ഒരുപാട് ദുഃഖങ്ങൾ
ഉത്തരം: (D) ഒരുപാട് ദുഃഖങ്ങൾ

♦ ശരി, ഹൃദയമേ, നിനക്കു നന്ദി മു-
ന്നറിവു തന്നതിൽ കൃതജ്ഞനാണു ഞാൻ 
എന്തിനാണ് കവി ഹൃദയത്തിന് നന്ദി പറയുന്നത്?
ഹൃദയം ഇത്രകാലവും കവിക്കുവേണ്ടി തുഷ്ടിയോടെ മിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഹൃദയത്തിന്റെ നിസ്വാർഥമായ പ്രവർത്തനത്തിനും ഹൃദയതാളം തെറ്റിത്തുടങ്ങി എന്ന് മുന്നറിയിപ്പ് നൽകിയതിനുമാണ് കവി നന്ദി പറയുന്നത്.

♦ വളരെ നാളായി മിടിക്കുന്നു ഞാനി- 
പഴയ കൂട്ടിലെയിണക്കിളിപോലെ 
വരികളുടെ ആശയം വിശദമാക്കുക.
കൂട്ടിലടച്ച കിളിയോടാണ് ഹൃദയം സ്വയം താരതമ്യം ചെയ്യുന്നത്. ശരീരമാകുന്ന കൂട്ടിനുള്ളിലാണ് ഹൃദയത്തിന്റെ ഇരിപ്പ്. കൂട്ടിൽ കിടക്കുന്ന കിളിയുടെ ആഹാരം യജമാനൻ കൊടുക്കുന്ന ഭക്ഷണം മാത്രമാണ്. ഹൃദയത്തിന്റെ ഉടമസ്ഥൻ അനാരോഗ്യകരമായ ജീവിതശൈലിയാണ് സ്വീകരിക്കുന്നതെങ്കിൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലിയാണെങ്കിൽ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യും.

♦ പദപരിചയം
• തുടിപ്പ് - തുടിക്കൽ, സ്പന്ദിക്കൽ
• തുഷ്ടി - സന്തോഷം, തൃപ്തി
• തരുണസൗഖ്യം - യുവത്വത്തിന്റെ സൗഖ്യം
• കൃതജ്ഞൻ - നന്ദിയുള്ളവൻ
• അനന്തകാലം - അവസാനമില്ലാത്ത കാലം
• ശ്രവിച്ചു - കേട്ടു

♦ ദ്വിത്വസന്ധി
• ഇണക്കിളി - ഇണ, കിളി

♦ ലോപസന്ധി
• എനിക്കൊരേ - എനിക്ക്, ഒരേ 
• തന്നതിൽ - തന്ന്, അതിൽ
• മിടിപ്പുകൾക്കിടയ്ക്ക് - മിടിപ്പുകൾക്ക്, ഇടയ്ക്ക് 
• ചെയ്തൊരു - ചെയ്ത, ഒരു

♦ ആഗമസന്ധി
• മടിയുണ്ടെങ്കിലും - മടി, ഉണ്ടെങ്കിലും
• ശ്രവിച്ചുവെങ്കിലും - ശ്രവിച്ചു, എങ്കിലും
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Post a Comment

0 Comments