Ticker

6/recent/ticker-posts

SCERT KERALA STD VIII Malayalam AT (കേരള പാഠാവലി) Unit 04 മൊഴിമുത്തുകൾ - Chapter 1 മൊഴിയഴക് - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 കേരള പാഠാവലി - Unit 04 മൊഴിമുത്തുകൾ: പാഠം 01 - മൊഴിയഴക് - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് കേരളപാഠാവലിയിലെ
'മൊഴിയഴക്'
എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ മൊഴിയഴക്
മൊഴിമുത്തുകൾ എന്ന യൂണിറ്റിലെ ആദ്യ പാഠമായ മൊഴിയഴകിൽ ചെറുശ്ശേരി, അക്കിത്തം, ജി. ശങ്കരക്കുറുപ്പ്, ആർ. രാമചന്ദ്രൻ എന്നിവരുടെ കവിതകളാണുള്ളത്.

♦ മൊഴിമുത്തുകൾ - ഒ.എൻ.വി.കുറുപ്പ് 
പ്രവേശക പ്രവർത്തനം
♦ വരികൾ ഒറ്റയ്ക്കും സംഘമായും ആലപിക്കൂ.
ഗാനത്തിൽ പരാമർശിക്കുന്ന കവികളെയും കാവ്യങ്ങളെയും കുറിച്ച് നിങ്ങൾക്കെന്തെല്ലാം അറിയാം? പറയൂ.
മലയാളകവിതയെ ജനകീയമാക്കിയ, മലയാളഭാഷയ്ക്ക് ഈടുറ്റ സംഭാവനകൾ നൽകിയ തുഞ്ചനെയും കുഞ്ചനെയും കുമാരനാശാനെയും ചങ്ങമ്പുഴയെയുമൊക്കെ ഒ. എൻ. വി. ഈ ഗാനത്തിലൂടെ സ്മരിക്കുന്നു.
തുഞ്ചൻപറമ്പിലെ തത്തേ വരൂ;  
പഞ്ചവർണ്ണക്കിളിത്തത്തേ
മലബാറിൽ തിരൂരിലെ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള തുഞ്ചൻപറമ്പിലാണ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ജനിച്ചത്. മലയാളത്തിൽ കിളിപ്പാട്ടുരീതി ഏറ്റവും ഹൃദ്യമായും ശക്തമായും ഉപയോഗിച്ചത് എഴുത്തച്ഛനാണ്. കിളിമൊഴിപോലെ സുന്ദരവും ശബ്ദമാധുര്യവുമുള്ളതായിരിക്കണം തന്റെ കവിത എന്ന മോഹത്തിന്റെ സൂചനയായിട്ടാണ് കിളിയെക്കൊണ്ട് കഥ പറയിക്കുന്നത്. കേക, കാകളി, കളകാഞ്ചി, അന്നനട എന്നിവയാണ് പ്രധാന കിളിപ്പാട്ടുവൃത്തങ്ങൾ. കിളിപ്പാട്ടുവൃത്തങ്ങളുടെ ശക്തിയും സൗന്ദര്യവും എഴുത്തച്ഛന്റെ അധ്യാത്മരാമായണം, ശ്രീമഹാഭാരതം എന്നീ കൃതികളിൽ കാണാം. പില്ക്കാല മലയാള സാഹിത്യത്തെ ഒട്ടാകെ സ്വാധീനിച്ചത് ഈ കൃതികളിലുപയോഗിച്ച എഴുത്തച്ഛന്റെ ഭാഷാരീതിയാണ്. മലയാളത്തിന്റെ 'നിലവാര ഭാഷ'യായി അത് മാറി. എഴുത്തച്ഛനെ ഭാഷാപിതാവ് എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്. തുഞ്ചന്റെ കിളിയെയാണ് തുഞ്ചൻപറമ്പിലെ തത്തേ എന്ന് ഈ ഗാനത്തിൽ ഒ.എൻ. വി. സൂചിപ്പിക്കുന്നത്. എഴുത്തച്ഛനുശേഷം സാധാരണ ജനങ്ങൾക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ കവിതകളെഴുതി തുള്ളലിലൂടെ ഫലിത പരിഹാസങ്ങളുടെ ഒരു മഹാസാമ്രാജ്യം തന്നെ സൃഷ്ടിച്ച കുഞ്ചൻ നമ്പ്യാരെയാണ് 
കുഞ്ചന്റെ കച്ചമണികൾക്കൊത്ത് 
കൊഞ്ചിക്കുഴഞ്ഞൊരു തത്തേ 
എന്ന വരികളിൽ ഒ.എൻ.വി.കുറുപ്പ് ഓർമിപ്പിക്കുന്നത്.
വീണപൂവിൻ കഥപാടി മണി-
വീണകൾ മീട്ടിയ തത്തേ
എന്ന വരികളിൽ മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെയും അദ്ദേഹത്തിന്റെ പ്രശസ്ത ഖണ്ഡകാവ്യമായ വീണപൂവിനെയുമാണ് ഒ.എൻ.വി. കുറുപ്പ് ഓർമ്മിക്കുന്നത്. മലയാളകവിതയിൽ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ. ഒരു പൂവിന്റെ ജനനം, ശൈശവം, ബാല്യം, യൗവനം, സ്നേഹബന്ധങ്ങൾ, മരണം എന്നിവ വർണ്ണിച്ചുകൊണ്ട് മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഓർമിപ്പിക്കുന്ന മനോഹരമായ കവിതയാണ് ആശാന്റെ വീണപൂവ്.
ആധുനിക മലയാളകവിതയെ ചങ്ങമ്പുഴയോളം സ്വാധീനിച്ച കവികൾ കുറവാണ്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ കവികൾ ആവിഷ്കരിച്ച സുന്ദര കവിതാപ്രസ്ഥാനത്തിന്റെ തുടർച്ചക്കാരനായ ചങ്ങമ്പുഴയെയാണ് ഒ.എൻ.വി.
സങ്കല്പസംഗീതസ്വർഗം തീർത്ത
ചങ്ങമ്പുഴയുടെ തത്തേ
എന്ന വരികളിലൂടെ സ്മരിക്കുന്നത്.

♦ മൊഴിയഴക് - കവിതകൾ 
♦ മൊഴി എന്നാൽ വാക്ക്. വാക്കുകൾക്ക് ഭംഗിയുണ്ട്. ഭംഗിയുള്ള വാക്കുകൾ ചേർത്തുവയ്ക്കുമ്പോൾ അത് മനോഹരമായ, ഹൃദ്യമായ കവിതയായി, കഥയായി, നോവലായി മാറും.

♦ ബാലലീല - ചെറുശ്ശേരി
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഒരു ഭാഗമാണിത്. ശ്രീകൃഷ്ണന്റെ ബാല്യകാലത്തെ ലീലകൾ ഒന്നൊന്നായി വിവരിക്കുകയാണ് കവി. ഓമനപ്പൈതലായ കണ്ണന്റെ കളികൾ കണ്ട് ഗോപസ്ത്രീകൾ സന്തോഷിക്കുന്നു. അച്ഛനെപ്പോലെ മുണ്ട് ഉടുക്കണമെന്നുപറഞ്ഞ് കണ്ണൻ വസ്ത്രവുമായി അച്ഛന്റെ അടുത്തു ചെല്ലും. മുണ്ടുടുപ്പിക്കാനായി അച്ഛൻ കുനിയുമ്പോൾ കണ്ണൻ അച്ഛന്റെ മുതുകിൽ ചാടി കയറി ആന കളിക്കും. ദേവനെ പൂജിക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി പൂവ് വേണമെന്നും പറയും. അതുപോലെ അച്ഛനുമായിച്ചേർന്ന് യുദ്ധം ചെയ്യുന്നതുപോലെ എപ്പോഴും കളിയിലേർപ്പെടും. ഉണ്ണിക്കണ്ണന്റെ കുസൃതിയും അച്ഛൻ നന്ദഗോപരുടെ വാത്സല്യവും എല്ലാം നിറഞ്ഞ മനോഹരമായ ചില നിമിഷങ്ങളാണ് ഇവിടെ വാക്കുകൾ കൊണ്ട് കവി വരച്ചിടുന്നത്.

♦ പദപരിചയം
• ആനായനാരിമാർ - ഗോപസ്ത്രീകൾ
• ലീല - കളി
• തൂമ - ഭംഗി, അഴക്
• മാനസം - മനസ്
• നൽച്ചേല -  നല്ല വസ്ത്രം
• മാനിച്ച് - ആദരിച്ച്
• തേവാരിക്കേണം - ദേവനെ പൂജിക്കണം 
• ഇച്ഛ - ആഗ്രഹം
• നിച്ചലും - നിത്യവും, എപ്പോഴും

♦ പൗർണ്ണമി - അക്കിത്തം അച്യുതൻ നമ്പൂതിരി 
മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യമാണ് മനോഹരമായ വാക്കുകളിലൂടെ അക്കിത്തം ആവിഷ്കരിക്കുന്നത്. മറ്റുള്ളവരുടെ വേദനകളെ തന്റെതന്നെ വേദനയായി കാണുമ്പോൾ ആത്മാവിൽ ആയിരം സൂര്യന്മാർ ഉദിക്കുന്നു എന്നാണ് കവി പറയുന്നത്. മറ്റുള്ളവരുടെ വേദന കാണുമ്പോൾ സഹാനുഭൂതിയുണ്ടാകുന്ന ഹൃദയമാണ് നമുക്ക് ഉണ്ടാകേണ്ടത്. മറ്റുള്ളവർക്ക് സന്തോഷം നൽകാനായി പുഞ്ചിരിക്കുമ്പോൾ ഹൃദയത്തിൽ നിലാവ് വ്യാപിക്കുന്നതുപോലെ ശാന്തവും നിർമ്മലവുമായ അനുഭവം ഉണ്ടാകും.
മറ്റുള്ളവരുടെ സുഖദുഃഖങ്ങൾ സ്വന്തമാണെന്നു കരുതുന്നവർക്ക് യഥാർത്ഥ സന്തോഷവും സമാധാനവും ലഭിക്കും. പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത് ജീവിതം സന്തോഷപൂർണമാക്കാം എന്ന് പറയുകയാണ് കവി.

♦ പദപരിചയം
• സൗരമണ്ഡലം - സൂര്യമണ്ഡലം
• ഉലാവുന്നു - വ്യാപിക്കുന്നു
• പൗർണ്ണമി - പൂർണ്ണചന്ദ്രൻ
• നിർമ്മലം - പരിശുദ്ധം

♦ നിമിഷം - ജി. ശങ്കരക്കുറുപ്പ്
ജീവിതത്തിന്റെ തുടർച്ചയെക്കുറിച്ച് (നൈരന്തര്യം) ധ്വന്യാത്മകമായി വർണിക്കുന്ന കവിതയാണ് ജി. ശങ്കരക്കുറുപ്പിന്റെ നിമിഷം. വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കാലത്തിന്റെ ചിറകടിയേറ്റ് കൊഴിഞ്ഞാലും ആയിരം പുതിയ പൂക്കൾ വിരിയും ആകാശമധ്യത്തിൽ പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന സൂര്യബിംബം കെട്ടുപോയാലും ആ കരി ഊതിക്കത്തിച്ച് മറ്റൊരു തീക്കട്ട (പ്രകാശഗോളം) ഉണ്ടാക്കാൻ സർഗശക്തിക്ക് കഴിയും. ഒന്നു നശിച്ചാൽ അതിന്റെ കനലിൽനിന്നു തന്നെ പുതിയതൊന്നിനെ ഉണ്ടാക്കാനുള്ള കഴിവ് പ്രപഞ്ചത്തിനുണ്ട് എന്നർഥം. 
ഒന്നും അവസാനിക്കുന്നില്ല. തുടർച്ചകൾ വന്നുകൊണ്ടേയിരിക്കും എന്ന പ്രതീക്ഷയാണ് കവി വച്ചുപുലർത്തുന്നത്. പുതിയ തീക്കട്ടയിൽ നിന്ന്, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂടും വെളിച്ചവും നേടിയെടുത്ത് വീണ്ടും വീണ്ടും പുതിയ ജീവിതങ്ങൾ ഇവിടെ ഉണർന്നുവന്നു കൊണ്ടേയിരിക്കും എന്നാണ് ജി. വിശ്വസിക്കുന്നത്. മനുഷ്യന്റെ സർഗശക്തിയും ഇതുപോലെ തന്നെ പുതിയ പലതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

♦ പദപരിചയം
• നൂതനം - പുതിയത് 
• അംബരം - ആകാശം
• ആദിത്യൻ - സൂര്യൻ 

♦ പ്രലോഭനം - ആർ. രാമചന്ദ്രൻ
വയലുകൾക്കപ്പുറത്ത് വാകപൂത്ത വഴിയിലൂടെ നടന്നകന്നുപോകുന്ന അന്തി. ആ അന്തിക്ക് സുന്ദരിയുടെ അരുണിമയും തരുണതയും ഉണ്ട്. ആറ്റിൻകരയിലെ വെള്ളിലത്തോപ്പിനുള്ളിൽ ഇളംകാറ്റ് വീശുമ്പോഴുണ്ടാകുന്ന ഇലയനക്കങ്ങൾ പക്ഷി ചിറകുകുടയുന്നതുപോലെയാണെന്ന് കവി പറയുന്നു. സന്ധ്യാസമയത്തെ ആലിന്റെ നിഴലിനെ ചുവട്ടിൽ കിടക്കുന്ന മേച്ചിൽമൃഗമായി കല്പിച്ചിരിക്കുന്നു. ഒരു പുരാണ ശോക കഥപോലെ ഈ ഇരുണ്ട ഭൂമി നിശ്ശബ്ദതയോടെ നിലകൊണ്ടു. ഇരുൾ പരന്നപ്പോഴുള്ള നിശ്ശബ്ദപരിസരത്തെ ഒരു പഴയ ദുഃഖകഥയ്ക്ക് കാതോർക്കുന്ന വ്യക്തിയായി സങ്കല്പിച്ചിരിക്കുന്നു.
കണ്ണാന്തളിപ്പൂവുപോലെ വിരിയുന്ന സന്ധ്യാമൂകതയിൽ വഴിവക്കിലെ ആരാലും ശ്രദ്ധിക്കാത്ത വിഗ്രഹംപോലിരിക്കുന്ന സ്വന്തം ആത്മാവിനെ ആരോ ഉത്സാഹത്തോടെ വിളിക്കുന്നതായി കവിക്കു തോന്നുന്നു, വരൂ! ആനന്ദിക്കൂ എന്നു പറയുംപോലെ. ഇതാണ് പ്രലോഭനം.

♦ പദപരിചയം
• പഥികർ - വഴിയാത്രക്കാർ 
• പുരുമോദം - വർധിച്ച സന്തോഷം

♦ കാവ്യാലാപനസദസ്സ്
♦ പാഠപുസ്തകം പേജ് 53 - 54ൽ കൊടുത്ത കാവ്യഭാഗങ്ങൾ വായിച്ചുനോക്കൂ. തുടർന്ന് സംഘങ്ങളായി ഈണം കണ്ടെത്തി കാവ്യാലാപനസദസ്സ് നടത്തുക. കവിതകൾ ഗ്രൂപ്പിൽ വിശകലനം ചെയ്ത് കണ്ടെത്തിയ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക. 
താരാട്ടുപാട്ടിന്റെ ഈണത്തിൽ രചിച്ച കവിതയാണ് കൃഷ്ണഗാഥ. താരാട്ടിന്റെ ഈണത്തിൽ ബാലലീല എന്ന കാവ്യഭാഗം ചൊല്ലാം. മറ്റേതൊക്കെ ഈണത്തിൽ ചൊല്ലാം എന്നും നോക്കൂ. ഇതേ ഈണത്തിൽ തന്നെ ചൊല്ലാവുന്ന കവിതയാണ് ജി. ശങ്കരക്കുറുപ്പിന്റെ ‘നിമിഷം'.

♦ അറിയാം പറയാം
♦ ബാലലീലകളെ കവി അവതരിപ്പിച്ചത് ആകർഷകമായി തോന്നിയോ?എന്തുകൊണ്ട്?
നമ്മുടെ കൺമുന്നിൽ കാണുന്നതുപോലെയാണ് കണ്ണന്റെ ബാലലീലകൾ ചെറുശ്ശേരി ആവിഷ്കരിച്ചിരിക്കുന്നത്. കണ്ണനും അച്ഛനും കളികളിലേർപ്പെടുന്നതാണ് സന്ദർഭം. അച്ഛനെപ്പോലെ മുണ്ടുടുക്കണമെന്നുപറഞ്ഞ് പട്ടുചേലയുമായി അച്ഛനെ കണ്ണൻ സമീപിക്കുന്നതും മുണ്ടുടുപ്പിക്കാനായി കുനിയുന്ന അച്ഛന്റെ മുതുകിൽ കയറി ആനകളിക്കുന്നതും ദേവനെ പൂജിക്കാനായി പൂവ് വേണമെന്ന് പറയുന്നതും അച്ഛനോടൊപ്പം യുദ്ധം ചെയ്തു കളിക്കുന്നതുമെല്ലാം രസകരമായി ചെറുശ്ശേരി വർണിക്കുന്നു. സാധാരണമായ ചില ജീവിതസന്ദർഭങ്ങളെയാണ് ലളിതമായി കവി വർണ്ണിച്ചിരിക്കുന്നത്. കണ്ണന്റെ കുസൃതികൾ തികച്ചും കേരളീയമായ അന്തരീക്ഷത്തിൽ ദൃശ്യാനുഭവപ്രതീതിയോടെ വർണ്ണിക്കുന്നതിനാൽ കാവ്യഭാഗം ആകർഷകമാണ്.

♦ താരതമ്യക്കുറിപ്പ് 
"ഒരു കണ്ണീർക്കണം മറ്റു- 
ള്ളവർക്കായ് ഞാൻ പൊഴിക്കവേ 
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം''
  - അക്കിത്തം

"എന്റെ കൈയിലെയോടത്തിൽ 
എണ്ണ നിന്നു തുളുമ്പവേ 
എണ്ണവറ്റിക്കെടാൻ പാടി-
ല്ലൊരു കൈത്തിരിനാളവും''
  - പ്രഭാവർമ്മ
തന്നിരിക്കുന്ന കവിതകളിലെ ആശയം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ സന്ദേശം പകരുന്നതാണ് 'ഒരു കണ്ണീർക്കണം' എന്നാരംഭിക്കുന്ന അക്കിത്തത്തിന്റെ വരികൾ. മറ്റുള്ളവരെ പരിഗണിക്കുകയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് മനസ്സിൽ സന്തോഷത്തിന്റെ സൂര്യൻ ഉദിക്കുന്നത്. അപരന്റെ വേദന കാണാത്തവന് ഈ സംതൃപ്തി ലഭിക്കില്ല. മനുഷ്യത്വം എന്നത് അപരന്റെ വേദനകൂടി കാണലാണ് എന്നാണ് കവി പറയുന്നത്.
സമാനമായ ആശയമാണ് പ്രഭാവർമ്മയുടെ 'എന്റെ കൈയിലെയോടത്തിൽ' എന്നാരംഭിക്കുന്ന വരികളിലുമുള്ളത്. എന്റെ കൈയിലെ മൺചിരാതിൽ എണ്ണ നിറഞ്ഞിരിക്കുമ്പോൾ മറ്റുള്ളവരുടെ കൈയിലെ തിരിനാളം എണ്ണവറ്റി കെടാൻ പാടില്ല എന്നാണ് കവി ആഗ്രഹിക്കുന്നത്. എണ്ണ സ്നേഹത്തിന്റെ പ്രതീകമാണ്. നമ്മുടെ സമ്പത്ത്, സമയം, അറിവ് എന്നിവയെല്ലാം മറ്റുള്ളവർക്കുകൂടി പകർന്നുനൽകാനുള്ളതാണ്. നമ്മുടെ കൈയിലുള്ളതെന്തും ഇല്ലാത്തവനുകൂടി കൊടുത്ത് ഉള്ളിൽ നന്മയുടെ തിരികെടാതെ സൂക്ഷിക്കണം. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം സ്നേഹത്തിലധിഷ്ഠിതമായിരിക്കണമെന്നാണ് രണ്ടു കവികളും പറയുന്നത്. 

♦ ചർച്ചാകുറിപ്പ്
'ഒരു പുഞ്ചിരി ഞാൻ മറ്റു- 
ള്ളവർക്കായ് 
ചെലവാക്കവേ 
ഹൃദയത്തിലുലാവുന്നൂ  
നിത്യനിർമ്മല പാർണ്ണമി'
പുഞ്ചിരി പൗർണ്ണമിയായി മാറുന്നതിന്റെ പൊരുൾ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ നിർമ്മലമായ നിലാവെളിച്ചം വ്യാപിക്കുന്നു എന്നാണ് കവി പറയുന്നത്. പൗർണമി എന്നാൽ പൂർണചന്ദ്രനാണ്. എങ്ങും ഒഴുകി പരന്ന് പ്രകാശം പരത്തുന്നതാണു് പൂർണചന്ദ്രന്റെ നിലാവ്. മറ്റൊരാളെ നോക്കി ചിരിക്കുമ്പോൾ വലിയ ആനന്ദമാണ് നമുക്ക് ഉണ്ടാവുക. പലതരം വിഷമകരമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവർ നമുക്കുചുറ്റും ഉണ്ടാകാം. അവരുടെയൊക്കെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ നമ്മുടെ ഒരു ചിരികൊണ്ട് കഴിയുമ്പോൾ പുഞ്ചിരി പൗർണമിയായി മാറും. സഹജീവി സ്നേഹമാണ് ഏറ്റവും പ്രധാനം എന്നുതന്നെയാണ് ഈ വരികളിലൂടെ കവി ഓർമിപ്പിക്കുന്നത്.

♦ ആസ്വാദനാംശം വിശദമാക്കാം
'അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു
തീക്കട്ടയുണ്ടാക്കും സർഗശക്തി!
ചൂടും വെളിച്ചവും പിന്നെയും പിന്നെയും
നേടി വിടർന്നിടും ജീവിതങ്ങൾ-
നിമിഷം എന്ന കവിതയിലെ വരികൾ ചിലതൊക്കെ പറയാതെ പറയുന്നില്ലേ? ഇത്തരം ആഖ്യാനം കവിതയെ എങ്ങനെയെല്ലാം സുന്ദരമാക്കുന്നു? കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ആസ്വാദനാംശം വിശദമാക്കും.
പറയാതെ പറയുന്ന വലിയ ആശയങ്ങളാണ് കവിതയെ അർഥസമ്പുഷ്ടവും മനോഹരവുമാക്കുന്നത്. ജീവന്റെ, ജീവിതത്തിന്റെ തുടർച്ചയെ, എല്ലാം ഒരിക്കലും നശിച്ചുപോകില്ല എന്ന പ്രതീക്ഷയെ, അതിമനോഹരമായി ആവിഷ്കരിക്കുകയാണ് ജി. ശങ്കരക്കുറുപ്പ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും നാശമുണ്ട്. കാലത്തിന്റെ ചിറകടിയിൽ പഴയതെല്ലാം കൊഴിഞ്ഞുപോയാലും പുതിയ ആയിരക്കണക്കിന് ഭംഗികൾ ഉയർന്നുവരും. കോടാനുകോടി വർഷങ്ങളായി ആകാശമധ്യത്തിൽ തിളയ്ക്കുന്ന സൂര്യബിംബം പോലും ഒരിക്കൽ കെട്ടുപോകാം. എന്നാൽ ആ കരിക്കട്ടയിൽ നിന്ന് തീ ഊതിക്കത്തിച്ച് പുതിയൊരു സൂര്യനെ ഉണ്ടാക്കാൻ സർഗശക്തിക്കു കഴിയും എന്ന് ഉറച്ചുവിശ്വസിക്കുകയാണ് കവി. ആ പുതിയ സൂര്യനിൽ നിന്ന് ചൂടും വെളിച്ചവും സ്വീകരിച്ച് പിന്നെയും ഇവിടെ ജീവിതങ്ങൾ തളിർക്കും എന്ന് കവി വിശ്വസിക്കുന്നു. മനുഷ്യന്റെ സർഗാത്മകമായ കഴിവുകൾ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ശേഷിയുള്ളതാണ് എന്ന സന്ദേശം കൂടി കവി നൽകുന്നു. ദുരന്തങ്ങൾ, യുദ്ധങ്ങൾ, രോഗങ്ങൾ തുടങ്ങി എന്തും മറികടന്ന് മനുഷ്യൻ വിജയക്കൊടി പാറിച്ചത് ചരിത്രത്തിൽ നാം പല ഘട്ടങ്ങളിലും കണ്ടിട്ടുണ്ട്. മനുഷ്യശക്തിയിലുള്ള അടിയുറച്ച വിശ്വാസമാണ് കവി പ്രകടിപ്പിക്കുന്നത്.

♦ ആവിഷ്കാരഭംഗി കണ്ടെത്താം
♦ പ്രകൃതിസൗന്ദര്യത്തെ എത്രമേൽ മനോഹരമായി ആവിഷ്കരിക്കാം എന്നതിന് ഉദാഹരണമാണ് ആർ. രാമചന്ദ്രന്റെ 'പ്രലോഭനം' എന്ന കവിത.
ചില വരികൾ നോക്കാം 
'വയലുകൾക്കപ്പുറം വാകപൂത്ത
വഴിയിലുടന്തി മറഞ്ഞുപോയി,
കൂടുതൽ വരികൾ കണ്ടെത്തി സംഘമായി ചർച്ചചെയ്യുക. നിങ്ങളുടെ കണ്ടെത്തലുകൾ ഒരു കുറിപ്പായി അവതരിപ്പിക്കുക.
വയലുകൾക്കപ്പുറത്ത് വാകപൂത്ത വഴിയിലൂടെ നടന്നകന്നു പോകുന്ന സുന്ദരിയായി കല്പിക്കുകയാണ് സന്ധ്യയെ. സന്ധ്യയുടെ മനോഹരമായ വർണനയാണിത്. ആറ്റിൻകരയിലെ വെള്ളിലത്തോപ്പിനുള്ളിൽ ഇളംകാറ്റ് വീശുമ്പോഴുണ്ടാകുന്ന ഇലയനക്കവും മനോഹരമായി കവിതയിൽ ആവിഷ്കരിക്കുന്നു. ഇലയനക്കത്തെ പക്ഷിയുടെ ചിറകുകുടയലിനോട് താരതമ്യം ചെയ്യുകയാണ് കവി. ആൽമരത്തിന്റെ നിഴലിനെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന മൃഗമായി കല്പിക്കുന്നു. സന്ധ്യാസമയത്തെ പ്രകൃതിയുടെ നിശ്ശബ്ദപരിസരത്തെ പുരാണശോകകഥയ്ക്ക് കാതോർക്കുന്ന വ്യക്തിയായി സങ്കല്പിക്കുന്നു. ഇങ്ങനെ പ്രകൃതിയിലെ കാഴ്ചകളെ എത്ര മനോഹരമായി ആവിഷ്കരിക്കാം എന്നതിന് ധാരാളം ഉദാഹരണങ്ങൾ പ്രലോഭനം എന്ന കവിതയിലുണ്ട്.

♦ കാവ്യഭാഷയുടെ സവിശേഷതകൾ 
''നിറന്ന പീലികൾ നിരക്കവേകുത്തി 
നെറുകയിൽ കൂട്ടി തിറമോടുകെട്ടി 
കരിമുകിലൊത്ത ചികുരഭാരവും 
മണികൾ മിന്നിടും മണിക്കിരീടവും!''
എഴുത്തച്ഛന്റെ ഈ വരികൾ വായിച്ചല്ലോ. വരികളെ ആകർഷകമാക്കുന്ന ചില സവിശേഷതകൾ നോക്കൂ.
• അക്ഷരങ്ങൾ ആവർത്തിച്ചു വരുമ്പോഴുള്ള ഭംഗി
• പദങ്ങളുടെ ഒഴുക്ക്
പാഠഭാഗങ്ങളിൽ നിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി. വിശകലനം ചെയ്ത് കാവ്യഭാഷയുടെ മറ്റു സവിശേഷതകൾ കൂടി ചർച്ച കുറിപ്പ് തയ്യാറാക്കുക.
ശ്രീക്യഷ്ണനെ വർണിക്കുകയാണ് എഴുത്തച്ഛൻ ഈ വരികളിൽ മനോഹരമായ പീലികൾ നിരക്കെ കുത്തി തലമുടി നെറുകയിൽ ഭംഗിയോടെ കെട്ടിയിരിക്കുന്നു. കാർമുകിലിന് സമാനമായ കറുത്ത മുടിയാണ് കൃഷ്ണന്റേത്. രത്നങ്ങൾ പതിച്ച് തിളക്കമാർന്ന കിരീടവും ഉണ്ട്. ഈ വർണന വായിക്കുമ്പോൾ കരിമുകിൽ പോലെ മനോഹരമായ തലമുടി നെറുകയിൽ കെട്ടി മയിൽപ്പീലി ചൂടി മണിക്കിരീടവും വച്ച ശ്രീകൃഷ്ണന്റെ രൂപം വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുവരും.
അക്ഷരങ്ങളുടെ ആവർത്തനവും പദങ്ങളുടെ ഒഴുക്കും ലളിതമായ ഭാഷയും ദൃശ്യം നേരിൽക്കാണുന്ന പ്രതീതിയും ഈ വരികളുടെ പ്രത്യേകതയാണ്. ആദ്യത്തെ രണ്ടുവരികളിൽ ആദ്യത്തെ അക്ഷരങ്ങൾ ആവർത്തിക്കുന്നു. നിറന്ന, നെറുക, തിറമോട്, മണികൾ, മണിക്കിരീടം എന്നീ വാക്കുകളിൽ അക്ഷരങ്ങൾ ആവർത്തിച്ചുവരുന്നത് വർണനയെ മനോഹരമാക്കുന്നു. പദങ്ങളുടെ ഒഴുക്ക് ചൊല്ലഴക് വർധിപ്പിക്കുകയും ചെയ്യുന്നു. നിറന്ന, തിറമോട് തുടങ്ങിയ പദങ്ങളുടെ പ്രയോഗവും ആകർഷകമായിട്ടുണ്ട്. 
അച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു 
നൽച്ചേലകൊണ്ടങ്ങുടുക്കും നന്നായ് 
മാനിച്ചു നിന്നച്ഛൻ കുമ്പിട്ടനേരത്ത- 
ങ്ങാനകളിക്കും മുതുകിലേറി
എന്ന വരികളിലും കണ്ണന്റെ കുസൃതികൾ നേരിൽക്കാണുന്ന അനുഭവമാണ് ഉണ്ടാകുക. ലളിതമായ, സന്ദർഭത്തിനിണങ്ങുന്ന ഭാഷയാണ് ചെറുശ്ശേരി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തൂമ, നൽച്ചേല, തേവാരിക്കുക, നിച്ചലും തുടങ്ങിയ പദങ്ങളുടെ ഉചിതമായ പ്രയോഗം കാവ്യത്തിന്റെ ചൊല്ലഴകു വർധിപ്പിക്കുന്നു. വരികളിൽ രണ്ടാമത്തെ അക്ഷരം ആവർത്തിച്ചുവരുന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.
അക്കിത്തത്തിന്റെ പൗർണമി എന്ന കാവ്യഭാഗത്ത് വളരെക്കുറച്ചുവരികളിൽ ആശയത്തിന്റെ ഒരു പ്രപഞ്ചം തന്നെ കവി സൃഷ്ടിച്ചിരിക്കുന്നു. മറ്റുള്ളവർക്കായ് ഒരു കണ്ണീർക്കണം പൊഴിക്കുമ്പോൾ നമ്മുടെ മനസ്സ് ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെ പ്രകാശപൂരിതമാകും, നന്മയുടെ സൂര്യപ്രകാശം നിറയും എന്നും ഒരു പുഞ്ചിരി മറ്റുള്ളവർക്കുവേണ്ടി ചെലവാക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ സന്തോഷം നിലാവുപോലെ പരക്കും എന്നും കവി പറയുന്നു. ഉള്ളിൽ ആയിരം സൗരമണ്ഡലം ഉദിക്കുന്നു, ഹൃദയത്തിൽ പൗർണമിനിലാവ് നിറയുന്നു എന്നിവ കവിതയെ ആസ്വാദ്യമാക്കുന്ന അതിമനോഹരമായ പ്രയോഗങ്ങളാണ്.
ജി. ശങ്കരക്കുറുപ്പിന്റെ നിമിഷം എന്ന കവിതയിൽ സർഗശക്തിയെക്കുറിച്ചും ജീവിതത്തിന്റെ നൈരന്തര്യത്തെക്കുറിച്ചുമാണ് പറയുന്നത്. കാലത്തിന്റെ ചിറകടിയിൽ പഴയ പൂക്കളൊക്കെ ഇല്ലാതായാലും ദുഃഖിക്കേണ്ടതില്ല. പുതിയ പുതിയ നൂറായിരം മൊട്ടുകൾ വിരിയും എന്ന് കവി ഓർമിപ്പിക്കുന്നു. ആകാശത്തിൽ കത്തിജ്ജ്വലിച്ചു നിൽക്കുന്ന സൂര്യബിംബം കെട്ടുപോയാലും അതിന്റെ ഒരു കരിയിൽ നിന്ന് തീപ്പൊരി ഊതിയുണ്ടാക്കാൻ സർഗശക്തിക്കു കഴിയുമെന്ന് കവി വിശ്വസിക്കുന്നു. നൂറുനൂറായിരം, നൂതനം, അംബരം, ബിംബം, അക്കരിയൂതി, തീക്കട്ട, ചൂടും, നേടി എന്നീ വരികളിലെ അക്ഷരങ്ങളുടെ ആവർത്തനം കവിതയെ ആകർഷകമാക്കുന്നു. കെട്ടുപോയ സൂര്യബിംബത്തിന്റെ കരിയിൽ നിന്നും പുതിയൊരു തീക്കട്ട ഊതിയൂതി ഉണ്ടാക്കും എന്ന വർണനയും ഗംഭീരമാണ്. 
ആർ. രാമചന്ദ്രന്റെ പ്രലോഭനം എന്ന കവിത പ്രകൃതിയുടെ മനോഹര വർണനയാണ്. വാകപൂത്ത വഴിയിലൂടെ അന്തിമറഞ്ഞുപോയി എന്ന വർണന വായിക്കുമ്പോൾ സന്ധ്യാസമയത്തെ ചുവപ്പ് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. കാറ്റിൽ വെള്ളിലത്തോപ്പിലെ ഇലകൾ അനങ്ങുന്നതിനെ പക്ഷികൾ ചിറകുകുടയുന്നതായി കവി സങ്കല്പിച്ചിരിക്കുന്നു. സന്ധ്യാസമയത്തെ ആലിന്റെ നിഴൽ ഇരുളിനെ കാത്തുകിടന്ന് ഉറക്കമായി എന്ന പ്രയോഗവും ഏറെ ആകർഷകമാണ്. രാത്രി വന്നണയുന്നതിനെ കണ്ണാന്തളിപ്പൂവ് വിരിയുന്നതിനോടാണ് കവി സാദൃശ്വപ്പെടുത്തുന്നത്. കരിനിഴൽ, കരളോർക്കും, കഥ, മരുവും, പുരുമോദം തുടങ്ങിയ വരികളിലെ അക്ഷരങ്ങളുടെ ആവർത്തനം കവിതയുടെ ചൊല്ലഴക് വർധിപ്പിക്കുന്നു.

♦ തേവാരിക്കേണമിന്നിയെനിക്കു നീ
പൂവെല്ലാം കൊണ്ടത്തായെന്നു ചൊല്ലും.
ഈ വരികളിൽ ആഗ്രഹം എന്ന അർഥത്തിൽ പ്രയോഗിച്ച പദം ഏത് ?
(A) ചൊല്ലും
(B) ഇച്ഛ 
(C) തേവാരിക്കേണം
(D) കൊണ്ടത്താ
ഉത്തരം: (B) ഇച്ഛ 

♦ നിച്ചലും നിന്നു പടകളിക്കും.
പട കളിക്കുന്നത് ആരൊക്കെ? 
(A) ഗോപബാലന്മാരും ശ്രീകൃഷ്ണനും 
(B) അമ്മയും ശ്രീകൃഷ്ണനും
(C) അച്ഛനും ശ്രീകൃഷ്ണനും
(D) ഗോപികമാരും ശ്രീകൃഷ്ണനും
ഉത്തരം: (C) അച്ഛനും ശ്രീകൃഷ്ണനും

♦ ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കുമ്പോൾ ഹൃദയത്തിൽ
വ്യാപിക്കുന്നത്?
(A) സൗരമണ്ഡലം
(B) സൂര്യപ്രകാശം 
(C) കണ്ണീർക്കണം
(D) പാർണമി 
ഉത്തരം: (D) പാർണമി 

♦ ജീവിതത്തിന്റെ നൈരന്തര്യത്തെക്കുറിച്ചാണോ നിമിഷം എന്ന കവിതയിലൂടെ കവി ആവിഷ്കരിക്കുന്നത്?
പൂക്കൾ വിരിയുകയും കൊഴിഞ്ഞുവീഴുകയും ചെയ്യും. ഓരോ ദിവസവും നൂറുനൂറായിരം പുതിയ പുതിയ മനോഹാരിതകൾ പ്രകൃതിയിൽ ഉണ്ടാകും ആകാശത്ത് തിളങ്ങുന്ന സൂര്യബിംബം ഒരുനാൾ കെട്ടുപോയാലും ആ കരിയിൽ നിന്ന് തീ ഊതിപ്പിടിപ്പിച്ച് സർഗശക്തി മറ്റൊരു തീക്കട്ടയുണ്ടാക്കും. ഇങ്ങനെ പറയുമ്പോൾ ഒരിക്കലും അവസാനിക്കാത്ത ജീവന്റെ, ജീവിതത്തിന്റെ തുടർച്ചയിലുള്ള കവിയുടെ വിശ്വാസമാണ് പ്രകടമാകുന്നത്.

♦ പ്രലോഭനം എന്ന കവിതയിൽ ചിത്രീകരിച്ചിട്ടുള്ള പ്രകൃതിദൃശ്യങ്ങൾ എടുത്തെഴുതുക.
വയലുകൾക്കപ്പുറത്ത് വാകപൂത്ത വഴിയിലൂടെ നടന്നകന്നു പോകുന്ന 'അന്തി', ആറ്റിൻകരയിലെ വെള്ളിലത്തോപ്പിനുള്ളിൽ ഇളംകാറ്റ് വീശുമ്പോഴുള്ള ഇലയനക്കങ്ങൾ, സന്ധ്യാസമയത്തെ ആലിൻചുവട്ടിലെ നിഴൽ, ഒരു പുരാണശോകകഥ പോലെ ഇരുണ്ടഭൂമി, കണ്ണാന്തളിപ്പൂവുപോലെ വിരിയുന്ന സന്ധ്യ എന്നിവയാണ് പ്രലോഭനം എന്ന കവിതയിൽ ചിത്രീകരിച്ചിട്ടുള്ള പ്രകൃതിദൃശ്യങ്ങൾ.

♦ വിഗ്രഹിച്ചെഴുതുക
• ഓമനപ്പൈതൽ - ഓമനയായ പൈതൽ
• നൂതനഭംഗി - നൂതനമായ ഭംഗി
• വെള്ളിലത്തോപ്പ് - വെള്ളിലകൾ നിറഞ്ഞ തോപ്പ്
• ശ്യാമളഭൂമി - ശ്യാമളമായ ഭൂമി

♦ ദ്വിത്വസന്ധി
• ഓമനപ്പൈതൽ - ഓമന, പൈതൽ
• കാട്ടിക്കാട്ടി - കാട്ടി, കാട്ടി 
• അച്ഛനെപ്പോലെ - അച്ഛനെ, പോലെ 
• നൽച്ചേല - നൽ, ചേല
• കണ്ണീർക്കണം - കണ്ണീർ, കണം
• തീക്കട്ട - തീ, കട്ട
• വെള്ളിലത്തോപ്പ് - വെള്ളില, തോപ്പ്
• പെരുവഴിത്തിരിവ് - പെരുവഴി, തിരിവ്

♦ ആദേശസന്ധി
• വെളിച്ചവും - വെളിച്ചം, ഉം
• ബിംബവും - ബിംബം, ഉം 

♦ ലോപസന്ധി
• മൊട്ടിടുന്നു - മൊട്ട്, ഇടുന്നു 
• പൂവെല്ലാം - പൂവ്, എല്ലാം 

♦ ആഗമസന്ധി
• ഇച്ഛയെനിക്ക് - ഇച്ഛ, എനിക്ക്
• തന്നെയാരോ - തന്നെ, ആരോ
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Post a Comment

0 Comments