Kerala Syllabus Class 4 കേരള പാഠാവലി Unit 02 ഇനിയും മുന്നോട്ട് - പാഠം 01 - ചേർത്തുപിടിക്കാം - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
നാലാം ക്ലാസ്സ് കേരള പാഠാവലിയിലെ ''ഇനിയും മുന്നോട്ട് '' എന്ന യൂണിറ്റിലെ ''ചേർത്തുപിടിക്കാം'', എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ചേർത്തുപിടിക്കാം - വാതിൽ
♦ ആശംസ - വൈലോപ്പിള്ളി
♦ പാഠപുസ്തകത്തിലെ ചിത്രത്തോടൊപ്പം ചേർത്തിട്ടുള്ള വരികൾ ശ്രദ്ധിക്കൂ.
പോവുക പേമാരിയു-
മിടിയും കൂസിടാതെ
കാവുകൾ പൂ ചൂടുന്നു.
കാത്തുനിൽക്കയാമോണം.
- (വൈലോപ്പിള്ളി)
“കാത്തുനിൽക്കയാമോണം" - എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് ?
പഞ്ഞവും പേമാരിയും ഇടിയും മിന്നലും നിറഞ്ഞ ദുരിതമാസമാണ് കർക്കിടകം. പ്രതീക്ഷ കൈവിടരുത്, ഭയപ്പെടരുത്, ആശ്വാസം അകലെയല്ല എന്നതിന്റെയെല്ലാം സൂചനയാണിത്. കാവുകൾ പൂചൂടുന്നു എന്ന വരി പ്രകൃതിയിൽ വന്ന മാറ്റത്തെയാണ് വ്യക്തമാക്കുന്നത്. മഴക്കാലത്തെ ദുരിതങ്ങളെ അതിജീവിച്ച് കാവുകളും പരിസരങ്ങളും ഇപ്പോൾ ഓണത്തെ വരവേൽക്കാൻ പൂക്കളാൽ നിറഞ്ഞിരിക്കുന്നു.
കർക്കിടകത്തിലെ മഴക്കെടുതികളും കഷ്ടപ്പാടുകളും മാറി ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും പ്രകൃതിയിലും മനുഷ്യരിലും നിറഞ്ഞുതുടങ്ങി. പ്രത്യാശയുടെയും സമൃദ്ധിയുടെയും സന്ദേശമാണ് ഈ വരികളിലൂടെ വൈലോപ്പിള്ളി നൽകുന്നത്.
ചേർത്തുപിടിക്കാം
നാം ഇടപെടുന്ന പ്രകൃതിയും സമൂഹവും വൈവിധ്യം നിറഞ്ഞതാണല്ലോ.
സ്വാഭാവികമായും ചിലതിനോട് ഇഷ്ടവും മറ്റു ചിലതിനോട് അനിഷ്ടവും നമുക്ക് തോന്നാം. എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം ചുറ്റുമുള്ള എല്ലാ അനുഭവങ്ങൾക്കും പ്രസക്തിയും പ്രാധാന്യവും ഉണ്ട്. ചുറ്റുപാടുമുള്ള എല്ലാത്തിനേയും ചേർത്തുപിടിക്കുക, എല്ലാവരുടെയും സുഖദുഃഖങ്ങളിൽ പങ്കാളിയാകുക, പ്രതിസന്ധികളിൽപ്പോലും പ്രസന്നമായി ഇടപെടുക, ലോകത്തെയാകെ ഇഷ്ടപ്പെടുക. 'ഇഷ്ടം' എന്ന പാഠഭാഗം ഈ ആശയമാണ് അവതരിപ്പിക്കുന്നത്.
♦ ഇഷ്ടം
ഇഷ്ടമെന്ന പാഠഭാഗം വായിച്ചല്ലോ കൂട്ടുകാരേ. താഴെ നൽകുന്ന പ്രവർത്തനങ്ങൾ ചെയ്തുനോക്കുക.
♦ ടീച്ചർ വായിച്ചുതന്ന 'അനിഷ്ടം' എന്ന കഥയിലെ സോനയും 'ഇഷ്ടം' എന്നതിലെ കുട്ടിയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
അനിഷ്ടം എന്ന കഥയിലെ സോനയ്ക്ക് എല്ലാത്തിനോടും ദേഷ്യമാണ്. അവളോട് കൂട്ടുകൂടാൻ വന്ന കുറിഞ്ഞിപ്പൂച്ചയോടും കഴിക്കാൻ എടുത്തുവച്ച ഭക്ഷണത്തോടും മഴയോടുമെല്ലാം അവൾ അരിശം കാണിക്കുന്നു. എന്നാൽ ഇഷ്ടം എന്ന പാഠഭാഗത്തെ കുട്ടി എല്ലാ അനുഭവത്തെയും സ്നേഹപൂർവ്വം ചേർത്തുപിടിക്കുകയും പ്രസന്നമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നു.
♦ മഹാകവി വള്ളത്തോൾ ഗാന്ധിജിയെക്കുറിച്ച് എഴുതിയ 'എന്റെ ഗുരുനാഥൻ' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്:
'ലോകമേ തറവാട് തനിക്കീച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ'
ഈ വരികളും പാഠത്തിലെ ചിത്രങ്ങളും വരികളും തമ്മിൽ ചേർത്തുവായിക്കൂ. കണ്ടെത്തിയ കാര്യങ്ങൾ പങ്കുവയ്ക്കൂ.
മഹാകവി വള്ളത്തോളിന്റെ വരികളും ഇഷ്ടം എന്ന പാഠഭാഗവും സമാനമായ ആശയം അവതരിപ്പിക്കുന്നു. ഈ ലോകം ഒരു വലിയ കുടുംബമാണെന്നും മനുഷ്യൻ മാത്രമല്ല, പ്രകൃതിയിലെ ഓരോരോ ജീവജാലങ്ങളും ഘടകങ്ങളും ഈ കുടുംബത്തിലെ അംഗങ്ങളാണെന്നും നമ്മെ ഓർമ്മപ്പെടുത്തുകയാണ് വള്ളത്തോളിന്റെ കവിതാഭാഗവും പാഠഭാഗവും. മഴയും വെയിലും കടലും അടങ്ങുന്ന പ്രകൃതിയുടെ വ്യത്യസ്തഭാവങ്ങളെ ഇഷ്ടത്തോടെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പാഠഭാഗത്തെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം, എല്ലാ അനുഭവങ്ങളും പ്രസന്നമായി ചേർത്തുപിടിക്കുവാൻ നമുക്ക് കഴിയണം. പൂച്ചക്കുട്ടി, പട്ടിക്കുട്ടി, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങൾ, മീനുകൾ, കിളികൾ, പുഴ, പുല്ല്, കാറ്റ്, നക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ എല്ലാത്തിനോടും സ്നേഹവും പരിഗണനയും പുലർത്തണം. 'ചെടികളും പുഴുക്കളും' നമ്മുടെ കുടുംബക്കാർ എന്നാണല്ലോ വള്ളത്തോൾ പറഞ്ഞുവയ്ക്കുന്നത്.
♦ നിങ്ങൾക്ക് ഇങ്ങനെയുള്ള മറ്റേതൊക്കെ ഇഷ്ടങ്ങൾ പറയാനുണ്ട്? ഓരോ ഇഷ്ടവും എഴുതി യോജിച്ച ചിത്രം വരയ്ക്ക
അനു തയാറാക്കിയ കുറിപ്പ്
നമ്മൾ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും. എനിക്ക് ഏറ്റവും ഇഷ്ടം മഴയാണ്. മഴ വരുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നും.
ആകാശത്ത് കറുത്ത മേഘങ്ങൾ വരുമ്പോൾ ഞാൻ ജനലിലൂടെ നോക്കി നിൽക്കും. ആദ്യം ചെറിയ ചാറ്റൽ മഴ, അതിനുശേഷം വലിയ മഴത്തുള്ളികൾ! മണ്ണിൽവീഴുമ്പോൾ നല്ലൊരു മണം ഉയരും. ആ മണം എനിക്ക് ഒരു പാട് ഇഷ്ടമാണ്. മണ്ണിന് ജീവൻ നൽകുന്ന മണമാണത്. ചിലപ്പോൾ മഴ വരുമ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ടാകാം. പക്ഷേ എനിക്കിഷ്ടം മഴയെ ബുദ്ധിമുട്ടിക്കുന്ന ഒന്നായി കാണാനല്ല. മഴ പെയ്യുമ്പോൾ വീടിന്റെ ഉമ്മറത്തിരുന്ന് മഴയുടെ ശബ്ദം കേട്ട് ചായ കുടിക്കാൻ നല്ല രസമാണ്. മഴവെള്ളം കൈനീട്ടി തൊടാനും എനിക്കിഷ്ടമാണ്. മഴയുടെ ശബ്ദം കേൾക്കുമ്പോൾ പാട്ട് കേൾക്കുന്ന അനുഭവമാണ് ഉണ്ടാകുക.
മഴ പെയ്യുമ്പോൾ ചെടികൾക്ക് നല്ല പച്ചപ്പ് വരും. ഇലകളിൽ മഴത്തുള്ളികൾ മുത്തുകൾ പോലെ തിളങ്ങും. കുളങ്ങളും പുഴകളും വെള്ളം നിറഞ്ഞ് ഒഴുകും. ഈ കാഴ്ചയെല്ലാം എത്ര ഭംഗിയാണെന്നോ! ലോകത്തിലെ എല്ലാ ജീവികൾക്കും ചെടികൾക്കും മഴ ഒരുപാട് ആവശ്യമാണ്. മഴയില്ലെങ്കിൽ ആർക്കും ജീവിക്കാൻ കഴിയില്ലല്ലോ.
♦ വാവ ജീവനെ കാക്കുന്നു
'വാവ ജീവനെ കാക്കുന്നു' എന്ന പാഠഭാഗം വീരാൻ കുട്ടിയുടെ 'വാവേ വാവേ' എന്ന കവിതയിലേതാണ്. വാവ കിളികളുടെ ദാഹം തീർക്കുന്നു, വാവ മീനിനെ സംസാരിപ്പിക്കുന്നു, വാവ കാക്കയെ സ്വതന്ത്രമാക്കുന്നു. വാവ ജീവനെ കാക്കുന്നു എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ‘വാവേ വാവേ' എന്ന കവിതയിലുള്ളത്. ഇതിൽ നാലാമത്തെ ഭാഗമാണ് പാഠഭാഗം.
♦ കവിതയുടെ ആശയം
'ആകാശമാകെയിരുൾ പരന്നു' എന്നു തുടങ്ങുന്ന വരികൾ ഒരു വലിയ പ്രകൃതിദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. കനത്ത പേമാരിയും ഇടിമിന്നലും ഒരു വലിയ വിപത്തു വരുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു.
'വാവയ്ക്ക് കണ്ടു മിഴി നിറഞ്ഞു' എന്നു പറയുമ്പോൾ, ഈ ദുരന്തം ഒരു കുഞ്ഞിന്റെ മനസ്സിൽ പോലും എത്ര വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്ന് കാണിക്കുന്നു.
'അവളുടെ കാക്ക, കുയിൽ, പിറാവ്
മഴയിൽ നനഞ്ഞ് വിറയ്ക്കയല്ലേ!' എന്ന വരികൾ കുഞ്ഞിന് ചുറ്റുമുള്ള പക്ഷികളോടും മൃഗങ്ങളോടുമുള്ള ആഴമായ സ്നേഹം വ്യക്തമാക്കുന്നു. അവയുടെ ദുരിതം സ്വന്തം ദുരിതമായി വാവയ്ക്ക് അനുഭവപ്പെടുന്നു.
'കൂടും കുടിയും തകർന്നുപോയാൽ
അവരുടെ വാവകളെന്തു ചെയ്യും!' എന്ന ചോദ്യത്തിൽ, സ്വന്തം സുരക്ഷിതത്വത്തെക്കാൾ ഉപരിയായി, ആ നിസ്സഹായരായ ജീവികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള വാവയുടെ ആശങ്കയാണ് പ്രകടമാകുന്നത്. ഇത് കുഞ്ഞുങ്ങളുടെ നിസ്വാർത്ഥമായ സ്നേഹത്തെയും സഹാനുഭൂതിയെയും കാണിക്കുന്നു.
'പെട്ടെന്നവൾക്കൊരു ചിന്ത വന്നു' എന്നു തുടങ്ങുന്ന വരികളിൽ ഒരു കുട ഉപയോഗിച്ച് ജീവികളെ രക്ഷിക്കാൻ ശ്രമിക്കുന്ന വാവയുടെ നിഷ്കളകമായ മനസ്സും, കുഞ്ഞിന്റെ ആഗ്രഹത്തെ മാനിക്കുന്ന അമ്മയെയും ചിത്രീകരിച്ചിരിക്കുന്നു. കുട ഒരു തണൽ / അഭയം എന്നതിന്റെ പ്രതീകമാണ്. തന്റെ സ്നേഹവും സുരക്ഷിതത്വവും
മറ്റള്ളവരിലേക്ക് പങ്കുവെക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണ് വാവ. വാവയുടെ വിളി കേട്ട് മാനുകളും അണ്ണാനും മയിലുമെല്ലാം ഓടിവന്നു. ഇത് സ്നേഹത്തിന്റെയും ദയയുടെയും ശക്തിയാണ്. ആത്മാർത്ഥമായ ഒരു വിളിക്ക് എല്ലാവരും പ്രതികരിക്കും എന്നതിന്റെ സൂചന കൂടിയാണിത്.
'ചുട്ടെരിക്കപ്പെട്ട കാട്ടിൽനിന്ന് ' എന്ന വരികളിൽ പ്രകൃതി നേരിടുന്ന മറ്റ് വലിയ ഭീഷണികളെ കവി വരച്ചു കാട്ടുന്നു. വനനശീകരണം, മലകളുടെ നാശം, ജല മലിനീകരണം, കാലാവസ്ഥാമാറ്റം എന്നിവയെല്ലാം ജീവികൾക്ക് ഭീഷണിയാണ്. ഈ ഭീഷണികളിൽ നിന്നെല്ലാം രക്ഷ തേടിയാണ് അവയെല്ലാം വാവയുടെ കുടച്ചോട്ടിലേക്ക് വരുന്നത്. വാവയുടെ കൊച്ചുകുടയുടെ തണൽ വലിയൊരു അഭയകേന്ദ്രമായി മാറുന്നു. സ്നേഹവും കാരുണ്യവും വളർന്ന്, ഒരു കൊച്ചുവീട് ഒരു കാടായി മാറുന്നത്, സ്നേഹത്തിന് എത്ര വലിയ ശക്തിയുണ്ടെന്ന് കാണിക്കുന്നു.
വാവ മനുഷ്യരും മൃഗങ്ങളുമടങ്ങുന്ന ആ കൂട്ടായ് മയിൽ സന്തോഷം കണ്ടെത്തുന്നു. എല്ലാവരെയും ഒരുമിച്ചിരുത്തി ഭക്ഷണം നൽകി, അവരോടൊപ്പം ഉറങ്ങുന്ന വാവ, ലോക സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്.
♦ കവിത നൽകുന്ന സന്ദേശം
കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹവും സഹാനുഭൂതിയും, പ്രകൃതിയിലെ ജീവജാലങ്ങളോട് മനുഷ്യനുള്ള കടപ്പാടും ഈ കവിത എടുത്ത് കാണിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്ന്, സ്നേഹത്തിലൂടെയും ദയയിലൂടെയും ഒരു പുതിയ ലോകം കെട്ടിപ്പടുക്കാൻ കഴിയും എന്ന പ്രത്യാശയുടെ സന്ദേശമാണ് കവിത നൽകുന്നത്.
♦ ദ്വീപുകളി
പത്തോ ഇരുപതോ പേർക്ക് ചേർന്നു കളിക്കാവുന്ന ഒരു കളിയാണിത്. കുട്ടികളെല്ലാവരും കൂടി ഒരു കപ്പൽ യാത്രയിലാണ്. ഇടയ്ക്കു വച്ച് കപ്പൽ തകരുന്നു. കപ്പൽ തകരുന്നതിന് അടുത്തായി ചെറിയ ചെറിയ ഏതാനും ദ്വീപുകൾ ഉണ്ട് . അവിടെ കയറിപ്പറ്റാൻ സാധിച്ചവർ രക്ഷപ്പെടും. കളിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ചില വൃത്തങ്ങൾ വരയ്ക്കുന്നു. കളിക്കുന്നവരുടെ എണ്ണം 20 ആണെന്നിരിക്കട്ടെ. അവർക്കെല്ലാവർക്കും കയറി നിൽക്കാനുള്ള വലിപ്പം ദ്വീപുകൾക്ക് ഉണ്ടാവുകയില്ല. കളിയാരംഭിക്കുമ്പോൾ കുട്ടികൾ കൈകോർത്ത് ദ്വീപുകൾക്കിടയിലൂടെ നടക്കണം. അവർ കപ്പൽ യാത്രയിലാണ്. ടീച്ചർ വിസിൽ അടിക്കുകയോ കൈയടിക്കുകയോ ചെയ്യുമ്പോൾ കുട്ടികൾ ദ്വീപിൽ കയറി നിൽക്കണം. കപ്പൽ തകരുന്നു എന്നതിന്റെ സൂചനയാണ് വിസിലടി. ശബ്ദം കേൾക്കുമ്പോൾ രക്ഷപ്പെട്ട് ദ്വീപിൽ കയറാനായി ശ്രമിക്കണം. സ്വാഭാവികമായും ചിലർ മറ്റുള്ളവരെ തള്ളി മാറ്റും. എന്നിട്ട് വൃത്തത്തിനകത്ത് കയറും. വൃത്തത്തിൽ കയറാൻ കഴിയാത്തവർ കളിയിൽ നിന്നു പുറത്താവും. കളി പല പ്രാവശ്യം തുടരാം. ഇതാണ് ദ്വീപുകളി.
♦ ടീച്ചർ ദ്വീപുകളി പരിചയപ്പെടുത്തിയല്ലോ. കളിയെപ്പറ്റി ചർച്ച ചെയ്തു കണ്ടെത്തിയ കാര്യങ്ങൾ മുൻനിർത്തി “വാവ ജീവനെ കാക്കുന്നു'' എന്ന കവിത വായിക്കു.
തന്റെ ചുറ്റുപാടുമുള്ള ജീവികളെ സ്നേഹിക്കുന്ന കുട്ടിയാണ് കവിതയിലെ വാവ. വലിയ ഇടിയും മഴയും വന്നപ്പോൾ അവൾ തന്റെ പരിസരത്തുള്ള കാക്കയെക്കുറിച്ചും കുയിലിനെക്കുറിച്ചും പ്രാവിനെക്കുറിച്ചുമെല്ലാമാണ് ചിന്തിച്ചത്. കാട്ടിലും മലയിലുമെല്ലാം ജീവിക്കുന്ന അവരുടെ കൂടു തകർന്നുപോയാൽ അവരും കുഞ്ഞുങ്ങളും എന്തു ചെയ്യും എന്നാണവൾ ചിന്തിച്ചത്. അമ്മയോട് ശാഠ്യംപിടിച്ചുവാങ്ങിയ കുട നിവർത്തി മുറ്റത്തുവച്ച് അതിലവൾ കൂട്ടുകാർക്ക് അഭയം നൽകുന്നു. ജീവജാലങ്ങളെല്ലാം കുടച്ചുവട്ടിൽ ഒതുങ്ങി നിൽക്കുന്നതു കണ്ട് വാവ സന്തോഷിക്കുന്നു. അവളുടെ തണൽക്കുട വലിയൊരു കാടുപോലെ അവർക്ക് അഭയം നൽകി. ദ്വീപുകളിയിൽ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ രക്ഷയാണ് നോക്കുന്നത്. അതിനു വേണ്ടി കൂട്ടുകാരെ തള്ളിമാറ്റുന്നു. മറ്റുള്ളവരുടെ സുരക്ഷയെ കരുതാതെ സ്വന്തം ഇടം കണ്ട ത്താനാണ് അവർ ശ്രമിക്കുന്നത്.
♦ മൂന്നാം ക്ലാസിലെ ഏതു കവിതയുടെ താളത്തോടാണ് ഇതു യോജിക്കുന്നതെന്ന് കണ്ടെത്തിചൊല്ലൂ.
'ഒരുകുട്ടി പണ്ടൊരു റൊട്ടികട്ടു
അവനെ മുതിർന്നവർ കെട്ടിയിട്ടു
വന്നവർ വന്നവർ മാറി മാറി
വേദനിപ്പിച്ചു വിഷം തളിച്ചു' എന്ന കവിതയുടെ താളത്തിൽ 'വാവ ജീവനെ കാക്കുന്നു' എന്ന കവിത ചൊല്ലാം.
♦ 'വീട് വലുതാവുന്നു' എന്ന കഥയിൽ വീട്ടിലേക്ക് പലരും വന്നുചേരുന്നുണ്ട്. ഇവിടെ വാവ വീട്ടിലേക്കു വിളിച്ചുവരുത്തുന്നവർക്ക്, അവരിൽ നിന്ന് എന്തു വ്യത്യാസമാണുള്ളത്?
വീട് വലുതാകുന്നു എന്ന കഥയിൽ അമ്മുക്കുട്ടിയുടെ വീട്ടിലേക്ക് വരുന്നവർ, പ്രധാനമായും അവളുടെ കുടുംബാംഗങ്ങളും അവൾക്ക് ചുറ്റുമുള്ള പരിചിതരും സങ്കൽപ്പത്തിലുള്ള ജീവികളും ആണ്. കൂട്ടുകാർ, അയൽക്കാർ, ഈച്ച, പൂച്ച, പൂമ്പാറ്റ, കോഴി, ഉറുമ്പ്, പാമ്പ്, പറവകൾ എന്നിങ്ങനെ പരിചിതമായ ചുറ്റുപാടുകളിലുള്ളവരും അല്ലാത്തവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അമ്മുക്കുട്ടിയുടെ സ്വന്തം ഇഷ്ടത്തിലൂടെയും എല്ലാവരേയും ഉൾക്കൊള്ളാനുള്ള അവളുടെ മനോഭാവത്തിലൂടെയുമാണ് വീട് വലുതാകുന്നതും അംഗങ്ങൾ കൂടുന്നതും. താൻ മാത്രമുള്ള വീട് എത്ര വിരസം. എല്ലാവരും വന്നപ്പോൾ എത്ര രസം! എന്നാണ് അമ്മുക്കുട്ടി ചിന്തിക്കുന്നത്.
വാവ ജീവനെ കാക്കുന്നു' എന്ന കവിതയിൽ വാവ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് പ്രധാനമായും ദുരിതമനുഭവിക്കുന്നവരെയും, പ്രകൃതിക്ഷോഭത്താൽ കഷ്ടപ്പെടുന്നവരെയുമാണ്. ആദ്യം അവൾക്ക് പ്രിയപ്പെട്ടവരായ കാക്ക, കുയിൽ, പ്രാവ് തുടങ്ങി പരിസരവാസികളായ ജീവികളെക്കുറിച്ചാണ് വേവലാതി. പിന്നീട് അവളുടെ വിളി കേട്ട് ഓടിവരുന്നത് മാനും അണ്ണാനും മയിലുമെല്ലാം ആണ്. എന്നാൽ ഈ ജീവികൾ വരുന്നത് സാധാരണ സാഹചര്യങ്ങളിൽ നിന്നല്ല, മറിച്ച് ചുട്ടെരിക്കപ്പെട്ട കാട്ടിൽനിന്ന്, ഇല്ലാതെയായ മലയിൽനിന്ന്, നഞ്ഞുകലർന്ന
നദിയിൽനിന്ന്, പൊള്ളുമാകാശച്ചെരിവിൽ നിന്ന് എന്നിങ്ങനെയുള്ള വലിയ ദുരിതങ്ങളിൽ നിന്നാണ്. വാവയുടെ കുടക്കീഴിലേക്ക് വരുന്നവരുടെ പ്രധാന ലക്ഷ്യം അതിജീവനവും അഭയവുമാണ്. പ്രകൃതിക്ഷോഭമോ (ഇടിയും മഴയും), മനുഷ്യന്റെ പ്രകൃതി ചൂഷണങ്ങളോ (കാട് ചുട്ടെരിക്കൽ, മലയില്ലാതാക്കൽ, നദിമലിനീകരണം) കാരണം വീടും വാസസ്ഥലവും നഷ്ടപ്പെട്ട് നിസ്സഹായരായവരാണ് വാവയുടെ അടുത്തെത്തുന്നത്. വാവയുടെ മനസ്സിലെ ദയയും സഹാനുഭൂതിയുമാണ് അവരെ വിളിച്ചുവരുത്തുന്നത്.
♦ ചുട്ടെരിക്കപ്പെട്ട കാട്ടിൽനിന്ന് രക്ഷപ്പെട്ട ആന, നമുക്കെഴുതാനിടയുള്ള കത്ത് തയ്യാറാക്കും.
30/07/2026
മുളങ്കൂട്ടം
എന്റെ പ്രിയപ്പെട്ടവരെ, നിങ്ങൾക്കെല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. കാടിന്റെ മക്കളിൽ ഒരാളാണ് ഞാൻ. “വാവ ജീവനെ കാക്കുന്നു' എന്ന കവിതയിലെ കൊച്ചുമിടുക്കിയായ വാവയെ നിങ്ങൾക്കറിയാമല്ലോ. അവളുടെ കുടച്ചോട്ടിൽ അഭയം തേടിയെത്തിയവരിൽ ഞാനുമുണ്ടായിരുന്നു.
എന്റെ ഓർമ്മകളിൽ ഇപ്പോഴും ആ ദിവസത്തെ കനത്ത ഇരുളും ഇടിയും മഴയും അതിനെക്കാൾ ഭീകരമായ കാടിന്റെ നിലവിളിയും മായുന്നില്ല. ഞാൻ വന്നത് ചുട്ടെരിക്കപ്പെട്ട കാട്ടിൽനിന്നാണ്. എന്റെ വീടായിരുന്നു ആ കാട്. തലയുയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളെല്ലാം നിമിഷനേരം കൊണ്ട് വെന്ത് ചാരമായി മാറി. എന്റെ കൂട്ടുകാരായ പക്ഷികൾ, മാൻപേടകൾ, അണ്ണാൻ കുഞ്ഞുങ്ങൾ... എല്ലാവരും ഇല്ലാതായി.
മലകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, നദികൾവിഷമയമാകുന്നു, ആകാശം പൊള്ളിപ്പിളരുന്നു. ഈ ദുരിതങ്ങളെല്ലാം മനുഷ്യരുടെ പല പ്രവൃത്തികളുടെയും ഫലമാണെന്ന് എനിക്കറിയാം. ഞങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുമ്പോൾ, ഞങ്ങൾ എവിടെ പോകും? ഞങ്ങൾക്ക് വേറെ ഭൂമിയില്ല. അങ്ങനെ ഭയന്നുവിറച്ച് ഓടുമ്പോഴാണ്, ഒരു മാലാഖയെപ്പോലെ വാവയുടെ വിളി ഞാൻ കേൾക്കുന്നത്. ആ കുഞ്ഞുഹൃദയത്തിൽനിന്ന് ഉയർന്ന സ്നേഹവും ദയയും ആ ഇരുട്ടിലും എനിക്കൊരു വെളിച്ചമായി തോന്നി. ഒരു കൊച്ചുകുടയുടെ തണൽ, ഞങ്ങളെപ്പോലുള്ള ആയിരങ്ങൾക്ക് അഭയമായി മാറി. വാവ ഞങ്ങൾക്ക് ഭക്ഷണം നൽകി, ഞങ്ങളോടൊപ്പം ഉറങ്ങി. ആ കുഞ്ഞുമോളുടെ സ്നേഹം കണ്ടപ്പോൾ, ഈ ലോകത്ത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് എനിക്ക് തോന്നി.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്ര വലുതാണെന്ന് ഞാനറിയുന്നു. കാടുകൾ ഞങ്ങളുടെ വീടാണ്, നദികൾ ഞങ്ങളുടെ ദാഹം തീർക്കുന്നു, മലകൾ ഞങ്ങൾക്ക് അഭയം നൽകുന്നു. ഞങ്ങളുണ്ടങ്കിൽ മാത്രമേ നിങ്ങളുടെ ലോകത്തിനും സന്തുലിതാവസ്ഥ ഉണ്ടാകൂ.
ഞങ്ങൾക്കൊരപേക്ഷയേ ഉള്ളൂ. ഞങ്ങളുടെ വീടുകൾ തകർക്കരുത്. ഞങ്ങളുടെ കാടുകൾ വെട്ടി നശിപ്പിക്കരുത്. നദികളിൽ വിഷം കലർത്തരുത്. ഈ ഭൂമി ഞങ്ങൾക്കും ജീവിക്കാനുള്ളതാണ്. വാവയെപ്പോലെ സ്നേഹമുള്ള മനസ്സുകൾ ഈ ലോകത്തുണ്ടെങ്കിൽ, ഞങ്ങൾക്ക് അതിജീവിക്കാൻ കഴിയും. നിങ്ങളുടെ കാടുകളെ സംരക്ഷിക്കുക, പുഴകളെ വൃത്തിയായി സൂക്ഷിക്കുക. ഞങ്ങളെയും നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കാണുക. സ്നേഹത്തോടെയും ദയയോടെയും ഞങ്ങളെ സ്വീകരിക്കുക. ഒരുമിച്ച് ഈ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കുക.
സ്നേഹത്തോടെ,
കറുമ്പൻ കാട്ടാന
♦ 'മറ്റുള്ളവർക്കായ്' എന്ന രചന ടീച്ചർ പരിചയപ്പെടുത്തിയല്ലോ? ഇതിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ എഴുതൂ.
ഭോപ്പാൽ ദുരന്തം ഉണ്ടായ രാത്രിയിൽ, എല്ലാ വരും പേടിച്ച് ഓടിയപ്പോഴും ഒരു മനുഷ്യൻ മാത്രം അവിടെ ഉറച്ചുനിന്നു. ആ സ്റ്റേഷൻ മാസ്റ്റർ, തന്റെ ജീവൻ പോലും നോക്കാതെ, മറ്റുള്ളവർക്കു വേണ്ടി ഒരു ദീപം പോലെ കത്തി നിന്നു. വിഷവാതകം ശ്വസിച്ച് അദ്ദേഹത്തിന് ബുദ്ധിമുട്ടായപ്പോഴും, ട്രെയിനുകളിൽ വരുന്ന ആളുകൾക്ക് അപകടം ഉണ്ടാകാതിരിക്കാൻ അദ്ദേഹം ഫോൺ വിളിച്ച് മുന്നറിയിപ്പ് നൽകി. അത് വെറുമൊരു ജോലിയായിരുന്നില്ല, ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള വലിയൊരു പോരാട്ടമായിരുന്നു.
അവസാനം, ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ആ നല്ല മനുഷ്യൻ തളർന്നു വീണു മരിക്കുമ്പോൾ പോലും ഫോൺ അദ്ദേഹം കൈയിൽ മുറുകെ പിടിച്ചിരുന്നു. സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവരുടെ ജീവനുവേണ്ടി ജീവൻ കൊടുത്ത ആ മനുഷ്യൻ നമ്മളെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. ആപത്ത് വരുമ്പോൾ, നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിച്ച് സഹായിക്കാൻ നമ്മൾ തയ്യാറാകണം. അദ്ദേഹ ത്തിന്റെ ആ ധൈര്യവും സ്നേഹവുമാണ് ധാരാളമാളുകളുടെ ജീവൻ രക്ഷിച്ചത്. ആ നന്മയുടെ വെളിച്ചം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും.
♦ യുദ്ധം അത്ര നല്ലതല്ല
♦ പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന കഥ വായിച്ചല്ലോ. കഥയിൽനിന്നു നിങ്ങൾ എന്തു മനസ്സിലാക്കി? കുറിപ്പായി എഴുതു.
മാനും പുലിയും കടുവയും പുല്ലും പുഴുവും മനുഷ്യനും പറവകളും എല്ലാം
ചേർന്നതാണ് ഈ ഭൂമി. ഈ ഭൂമിയിൽ ആരും ആരുടെയും ശത്രുവല്ല. നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുക മാത്രമേ ചെയ്യാവൂ. വേറൊരു ഭാഷ സംസാരിക്കുന്നതിന്റെ പേരിലും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നതിന്റെ പേരിലും മറ്റൊരു ദൈവത്തെ ആരാധിക്കുന്നതിന്റെ പേരിലും ഒന്നും ഒരാളെയും ശത്രുക്കളായി കാണാൻ പാടില്ല. മനുഷ്യർ എങ്ങനെയാണ് ശത്രുക്കളെ കണ്ടെത്തുന്നതെന്ന് ഒരു കൊച്ചുകഥയിലൂടെ അവതരിപ്പിക്കുന്നതാണ് 'യുദ്ധം അത്ര നല്ലതല്ല' എന്ന പാഠഭാഗം.
♦ പാഠപുസ്തകത്തിലെ കഥ തുടങ്ങുന്ന രീതി ശ്രദ്ധിച്ചുവോ? ഈ കഥ മറ്റേതെല്ലാം രീതിയിൽ തുടങ്ങാം? കണ്ടെത്തി പറയൂ.
• ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു.
• യുദ്ധം അത്ര നല്ല കാര്യമാണോ?
• പണ്ടുപണ്ട് നടന്ന കഥയാണിത്.
• ഒരു കുട്ടി ചിത്രപുസ്തകം വായിക്കുകയായിരുന്നു.
• യുദ്ധം ഒരു രസികൻ സംഗതിയാണെന്നു കരുതിയ ഒരു കുട്ടിയുണ്ടായിരുന്നു.
• ഒരു കുട്ടിക്ക് ഒരിക്കൽ ഒരു ചിത്രപുസ്തകം കിട്ടി.
ഇങ്ങനെ വ്യത്യസ്ത രീതികളിൽ കഥ തുടങ്ങാം.
♦ ഈ കഥ നമുക്കു തരുന്ന സന്ദേശമെന്താണ്?
എല്ലാവരും നല്ലവരാണ്. ഒരു പാവം ആടിനെ ശത്രുവായി തെറ്റിദ്ധരിക്കുകയാണ് കുട്ടി. തന്നെ ശത്രുവായി കുട്ടി കാണുന്നത് ആടിന് സങ്കടം ഉണ്ടാക്കുന്നുണ്ട്. തെറ്റിദ്ധാരണകളാണ് പലപ്പോഴും സംഘർഷങ്ങൾക്കു കാരണമാകുന്നത്. സംഘർഷങ്ങളും തർക്കങ്ങളും പിന്നീട് വലിയ വലിയ യുദ്ധങ്ങൾക്ക് വഴിയൊരുക്കും. സ്വാർത്ഥതാല്പര്യങ്ങൾക്കായി നമ്മൾ ശത്രുക്കളെ ഉണ്ടാക്കരുത്. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ഭൂമിയാണ് വേണ്ടത്. യുദ്ധം ഒരിക്കലും ഒരു നല്ല കാര്യമല്ല.
♦ യുദ്ധം ഉണ്ടാവരുതെന്ന് കരുതുന്നവരാണ് നാം യുദ്ധമില്ലെങ്കിൽപ്പിന്നെ എന്തിനാണ് പട്ടാളക്കാർ? പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ചിത്രം വായിച്ചശേഷം കണ്ടെത്തിയ കാര്യങ്ങൾ ചേർത്ത് വിവരണം എഴുതു.
കഥയിലെ കുട്ടി പട്ടാളക്കാരനാകാനും പടയുണ്ടാക്കാനും ആഗ്രഹിച്ചത് യുദ്ധം ചെയ്യാനാണ്. എന്നാൽ പട്ടാളക്കാർ വെറും യുദ്ധം ചെയ്യുന്നവർ മാത്രമല്ല എന്ന് ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. ചിത്രത്തിൽ കാണുന്ന പട്ടാളക്കാർ യുദ്ധം ചെയ്യുകയല്ല. അവരുടെ കൈയിൽ തോക്കോ പീരങ്കിയോ ഒന്നുമില്ല. അവർ നാട്ടിൽ വെള്ളപ്പൊക്കം, മലയിടിച്ചിൽ, വലിയ വാഹനാപകടങ്ങൾ, തീപിടുത്തം എന്നിവയൊക്കെയുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയവരാണ്. പ്രളയത്തിൽ ഒലിച്ചുപോയ പാലത്തിനു പകരം മറ്റൊരു പാലം നിർമ്മിക്കുന്നതും ഹെലികോപ്റ്ററിൽ അപകടത്തിൽപ്പെട്ട ആളുകളെ രക്ഷിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. നമുക്ക് പെട്ടെന്ന് എത്താൻ പറ്റാത്ത അപകടമേഖലകളിൽ വളരെ പെട്ടെന്ന് ചെന്നെത്താനും രക്ഷാപ്രവർത്തനം നടത്താനും പട്ടാളക്കാർക്ക് കഴിയും. പട്ടാളം നമ്മുടെ രാജ്യത്തെ കാക്കുന്നു. ശത്രുക്കളിൽനിന്ന് നമ്മെ കാക്കുന്നു. അതുപോലെ നാം അപകടങ്ങളിൽ അകപ്പെടുമ്പോഴെല്ലാം പട്ടാളക്കാർ രക്ഷയ്ക്കെത്തും.

0 Comments