SCERT KERALA STD VI Malayalam BT (അടിസ്ഥാന പാഠാവലി) Unit 01 മനസ്സു തുറക്കാം - Chapter 2 - തായ്മൊഴിപ്പീലികൾ - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 6 അടിസ്ഥാന പാഠാവലി - Unit 01 മനസ്സു തുറക്കാം: പാഠം 02 - തായ്മൊഴിപ്പീലികൾ - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'മനസ്സു തുറക്കാം' എന്ന യൂണിറ്റിലെ 'തായ്മൊഴിപ്പീലികൾ' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
 തായ്മൊഴിപ്പീലികൾ 
മാതൃഭാഷയുടെ പ്രാധാന്യവും മഹത്വവും വെളിവാക്കുന്ന രചനകളാണ് ആറാം ക്ലാസിലെ അടിസ്ഥാനപാഠാവലിയിലെ 'മനസ്സ് തുറക്കാം' എന്ന ആദ്യ യൂണിറ്റിലെ 'തായ്മൊഴിപ്പീലികൾ' എന്ന ആദ്യത്തെ പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. 
വികാരങ്ങളെയും അനുഭവങ്ങളെയും അതിന്റെ എല്ലാ തീവ്രതയോടുംകൂടി ആവിഷ്കരിക്കണമെങ്കിൽ തീർച്ചയായും മാതൃഭാഷ തന്നെ വേണം. ഏത് അറിവും ഹൃദയത്തിൽ പതിയുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടുതന്നെ ഭാഷ സ്വായത്തമാക്കുന്നതിലും അത് ഉപയോഗിക്കുന്നതിലും ഏറെ ശ്രദ്ധ വേണം. ഭാഷ പഠിക്കാൻ പോയ അനുഭവവും ഭാഷാപിതാവിന്റെ കാഴ്ചപ്പാടും ഒക്കെ ചേർത്ത് ഒരുക്കിയിരിക്കുന്നതാണ് 'തായ്മൊഴിപ്പീലികൾ'.

♦ പാഠഭാഗത്തേക്ക്
♦ സ്നേഹത്തിന്റെ ഭാഷയാണ് മാതൃഭാഷ. അതു നമ്മുടെ ഹൃദയത്തെ തൊടുന്നതോടൊപ്പം വിജ്ഞാനത്തെ ഉൾക്കൊള്ളാനും സഹായിക്കുന്നു.
ഏതൊരു വേദവുമേതൊരു ശാസ്ത്രവു- 
മേതൊരു കാവ്യവുമേതൊരാൾക്കും
ഹൃത്തിൽപതിയേണമെങ്കിൽ സ്വഭാഷതൻ 
വസ്ത്രത്തിൽ നിന്നുതാൻ കേൾക്കവേണം.
   - എന്റെ ഭാഷ - വള്ളത്തോൾ
ആശയം:
വേദമായാലും ശാസ്ത്രമായാലും കാവ്യമായാലും അതു മനസ്സിൽ പതിയണമെങ്കിൽ മാതൃഭാഷയിലൂടെതന്നെ ആവണം. അല്ലെങ്കിൽ അതു കേവലം അറിവുശേഖരണമായി ചുരുങ്ങുന്നു. ഈ അറിവ് സ്വീകർത്താവിൽ മാറ്റങ്ങളൊന്നുമുണ്ടാക്കുന്നില്ല. വിജ്ഞാനം മാതൃഭാഷയിലൂടെ വൈകാരികമായി സ്വീകരിക്കുമ്പോഴാണ് അറിവ് പുതിയ ചിന്തകളും സർഗാത്മകമായ സൃഷ്ടികളുമായി വളരുക. ഇങ്ങനെ മാതൃഭാഷയിലൂടെ ഹൃദയത്തിൽ പതിയേണ്ട അറിവുകളെക്കുറിച്ചാണ് വള്ളത്തോൾ സൂചിപ്പിക്കുന്നത്.

♦ പദപരിചയം
ഹൃത്ത് - ഹൃദയം
സ്വഭാഷ - സ്വന്തം ഭാഷ
വക്ത്രം - മുഖം, വായ

♦ ഭാഷ പ്രയോഗിക്കുമ്പോൾ കോണ്ട കാര്യങ്ങളെക്കുറിച്ചാണ് കുഞ്ചൻനമ്പ്യാർ വിവരിക്കുന്നത്
മാധുര്യഗുണങ്ങളുമാക്ഷരക്തിയും വേണം 
സാധുത്വം പദങ്ങൾക്കും സതതം സംഭവിക്കേണം 
ബോധിപ്പിപ്പതിനുള്ള കുശലത്വമതും വേണം
ബോധമുള്ളവർക്കുള്ളിൽ ബഹുമാനം വരുത്തേണം. 
          - പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളൽ - കുഞ്ചൻനമ്പ്യാർ
ആശയം
അക്ഷരവ്യക്തതയോടൊപ്പം ചൊല്ലാനും ചിന്തിക്കാനും പുതിയ കണ്ടെത്തലുകളിൽ എത്താനും സഹായിക്കുന്ന മാധുര്യം ഭാഷയ്ക്കുണ്ടാകണം. രസിപ്പിക്കുന്ന ഭാഷയാണ് മധുരിപ്പിക്കുന്ന ഭാഷ വരികൾക്കിടലൂടെ സഞ്ചരിച്ച് പുതിയ അർത്ഥതലങ്ങളിൽ എത്തിച്ചേരാനുള്ള സാധ്യതയും ഭാഷയെ കൂടുതൽ മധുരമുള്ളതാക്കുന്നു; സുന്ദരമാക്കുന്നു. ഏറ്റവും അനുയോജ്യമായ വാക്ക് യോജിച്ച സന്ദർഭങ്ങളിൽ ചേർത്തുവയ്ക്കുമ്പോഴാണ് സാധുത്വം കൈവരുന്നത്.
അറിവും വിവേകവുമുള്ളവർക്കിടയിൽ കാവ്യഭാഷയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ബഹുമാനമുണ്ടാകണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ വേണമെന്ന് നമ്പ്യാർ സൂചിപ്പിക്കുന്നു. സാമൂഹികവിമർശനം നടത്തിയ കവിയാണ് കുഞ്ചൻ നമ്പ്യാർ. ഹാസത്തോടൊപ്പം പ്രാസവും തന്റെ ഭാഷയിൽ ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. പറയുന്ന കഥ മെച്ചമാകണമെങ്കിൽ താളവും മേളവും അത്യാവശ്യമാണെന്നും നമ്പ്യാർ  ഉറപ്പിക്കുന്നു.

♦ കുട്ടിക്കാലത്ത് ഭാഷ എഴുതിപ്പഠിക്കാൻ പോയ അനുഭവം ഓർത്തെടുക്കുന്നതാണ് അടുത്ത കവിതാഭാഗം 
ഇന്നുമോർമ്മയിൽ തങ്ങിനിൽക്കുന്നു ബാലത്തിന്റെ 
കിന്നരിത്തലപ്പാവു ചൂടിയ കിനാവുകൾ!
ഹരിശ്രീ കുറിക്കുവാൻ പള്ളിമേടയിലേക്കു 
വരവും പോക്കും, വഴിതെറ്റിയ നേരമ്പോക്കും 
അക്ഷരം വരഞ്ഞെന്നും തേയുന്ന വിരൽത്തുമ്പും 
കക്ഷത്തിലാക്കിയ തടുക്കും വാറോലയും
ഇടവപ്പേമാരിയെത്തടയാൻ പനയോല-
ക്കുടയും, കുചേലന്റെ കുട്ടികളായീ ഞങ്ങൾ
                  അക്ഷരങ്ങൾ - പാലാ നാരായണൻനായർ
ആശയം
അക്ഷരങ്ങളിലൂടെ ഭാഷ നുകരുന്ന കാലമാണ് ബാല്യകാലം. കുട്ടിക്കാലത്തിന്റെ കസവുതലപ്പാവ് ചൂടിയ സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ് ഈ കവിതയിലൂടെ കവി പങ്കുവയ്ക്കുന്നത്. ഹരിശ്രീ കുറിക്കാനായി വിദ്യാലയത്തിലേക്കുള്ള യാത്രയും അവിടെനിന്നുള്ള തിരിച്ചുവരവും ഇതിനിടയിലുണ്ടാകുന്ന പലതരം നേരമ്പോക്കുകളും കവിയുടെ ഓർമ്മയിൽ തെളിയുകയാണ്. അക്ഷരം വരയുന്നതു കൊണ്ട് തേഞ്ഞുപോയ വിരൽത്തുമ്പും കവിയുടെ ഓർമ്മയിൽ വരുന്നു. കക്ഷത്തിലിടുക്കിയ ചെറിയ പായയും ഗ്രന്ഥക്കെട്ടുകളും ഇടവപ്പേമാരിയെത്തടയാൻ പനയോലക്കുടയുമായി കൂട്ടുകാരോടൊപ്പം വിദ്യാലയത്തിലേക്കുപോകുന്ന ഞങ്ങൾ കഷ്ടപ്പാടുകൾ മറികടക്കുന്ന കുചേലന്റെ കുട്ടികളായി മാറുന്നു എന്നാണ് കവി പറയുന്നത്.

♦ പദപരിചയം
കിന്നരിത്തലപ്പാവ് - കസവു കൊണ്ടുള്ള തലപ്പാവ്
തടുക്ക് - ഇരിക്കാനുള്ള ചെറിയ പായ 
വാറോല - ഗ്രന്ഥങ്ങൾ, വേദപുസ്തകം

♦ മലയാളത്തിന്റെ പഞ്ചവർണ്ണക്കിളിയെക്കുറിച്ചുള്ള കവിതാഭാഗമാണ് അടുത്തത്.
കവിതേ, പച്ചച്ചിറകുള്ള നീ മഴവില്ലിൻ
കഴുത്തുമായിട്ടൊറ്റയ്ക്കിവിടെ പറന്നെത്തി.
കാഞ്ഞിരക്കൊമ്പത്തത്രേ വന്നിരുന്നതു കിളി
കാരുണ്യാമൃതഗംഗ ചോരുന്ന കണ്ഠത്തോടെ.
അക്കഴുത്തിലെ നാനാവർണ്ണവും നറുനീരി- 
ന്നുൾക്കുളിരൊലിയും ചേർന്നിന്നുമീ മലയാളം 
മധുരിക്കുന്നു; പച്ചക്കിളി, നിൻ കൊക്കാഴ്ത്തുന്ന 
മലരും കനിയുമുൾത്തേനുമീ മലയാളം.
                 - പഞ്ചവർണ്ണക്കിളി - ഒളപ്പമണ്ണ
ആശയം
മലയാളത്തിന് മാധുര്യവും സൗന്ദര്യവും നൽകിയ, കവിതയാകുന്ന പലനിറങ്ങളുള്ള കിളിയെക്കുറിച്ചാണ് 'പഞ്ചവർണ്ണ ക്കിളി' എന്ന കവിതയിൽ ഒളപ്പമണ്ണ് സൂചിപ്പിക്കുന്നത്. പച്ചച്ചിറകും മഴവില്ലിന്റെ കഴുത്തും കവിതയുടെ സൗന്ദര്യത്തെ സൂചിപ്പിക്കുന്നു. മലയാളകവിതയാകുന്ന പഞ്ചവർണ്ണക്കിളിയെ കവി തുഞ്ചൻപറമ്പിലെ കാഞ്ഞിരക്കൊമ്പത്താണ് ഇരുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിലെ കാഞ്ഞിരംപോലും മധുരിക്കുമെന്നാണ് കാവ്യസങ്കല്പം! കവിതയുടെ ചരിത്രപരമായ സ്ഥാനവും ഇവിടെ സൂചിപ്പിക്കുന്നു. പഞ്ചവർണ്ണക്കിളിയുടെ പല വർണ്ണങ്ങൾ മലയാളകവിതയുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. വ്യത്യസ്തഭാവങ്ങളും വ്യത്യസ്ത താളങ്ങളും ഭാവനകളും പ്രമേയങ്ങളും ഉൾക്കൊള്ളുന്നതാണ് മലയാളകവിത. കവിതയുടെ ഒഴുക്ക് (നീരൊലി) നിർണ്ണയിക്കുന്നത് ഭാവവും താളവും ഈണവുമാണ്. മലയാളകവിത മധുരമുള്ളതായി മാറുന്നത് ഭാവാനുസൃതമായ ഈണവും താളവും ഭാവനകളും ചേരുമ്പോഴാണ്. കവിതയാകുന്ന പഞ്ചവർണ്ണക്കിളി ഭാഷയാകുന്ന ഫലവും തേനും ആസ്വദിച്ച് ഭാവനാകാശത്തിലൂടെ പാറിപ്പറന്നുകൊണ്ടിരിക്കുന്നു.

♦ കിളിയും കിളിപ്പാട്ടും
♦ കിളിയെക്കൊണ്ട് കവിത ചൊല്ലിക്കുന്ന രീതിയാണ് മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ സ്വീകരിച്ചത്. 
ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ, കഥാശേഷവും ചൊല്ലു നീ.
                    - (അധ്യാത്മരാമായണം കിളിപ്പാട്ട്)
ഓരോരോ കഥകൾ നീ ചൊന്നതു കേൾക്കുന്തോറു- 
മാരോമൽ കിളിപ്പെണ്ണേ! പാരമുണ്ടാനന്ദം മേ!
                   - (ഭാരതം കിളിപ്പാട്ട്)
എഴുത്തച്ഛന്റെ പഞ്ചവർണ്ണക്കിളിയെക്കുറിച്ച് കവിതയിൽ ഒളപ്പമണ്ണ എന്തെല്ലാം പറഞ്ഞിട്ടുണ്ട്? വിശകലനം ചെയ്തു കുറിപ്പെഴുതുക.
മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ കിളിയെക്കൊണ്ട് കവിത ചൊല്ലിക്കുന്ന രീതിയാണ് സ്വീകരിച്ചത്. മലയാളഭാഷയുടെ വളർച്ചയിൽ എഴുത്തച്ഛന്റെ രചനകൾക്ക് മുഖ്യ പങ്കാണുള്ളത്. ഒളപ്പമണ്ണ എഴുതിയ പഞ്ചവർണ്ണക്കിളി എന്ന കവിത മലയാളകവിതയെ പഞ്ചവർണ്ണക്കിളിയായി സങ്കല്പിക്കുന്നു. പച്ചച്ചിറകും മഴവില്ലിന്റെ കഴുത്തും കവിതയുടെ സൗന്ദര്യത്തെയാണ് സൂചിപ്പിക്കുന്നത്. തുഞ്ചൻപറമ്പിലെ കാഞ്ഞിരമരക്കൊമ്പിലാണ് ഈ പഞ്ചവർണ്ണക്കിളി വന്നിരിക്കുന്നത്. കിളിയുടെ പലവർണ്ണങ്ങൾ മലയാള കവിതയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. അതുമാത്രമല്ല കാഞ്ഞിരമരത്തിനുപോലും കവിതയുടെ മാധുര്യം ലഭിച്ചിരിക്കുന്നു. മലയാളകവിത വ്യത്യസ്ത ഭാവങ്ങളും വ്യത്യസ്ത താളങ്ങളും ഭാവനകളും പ്രമേയങ്ങളും ഉൾക്കൊള്ളുന്നതാണ്. കവിതയുടെ ഒഴുക്ക് നിർണ്ണയിക്കുന്നത് അതിന്റെ ഭാവവും താളവുമാണ്. ഇക്കാര്യങ്ങളെല്ലാം ഒളപ്പമണ്ണ തന്റെ കവിതയിൽ പറഞ്ഞുവച്ചിട്ടുണ്ട്.
പഞ്ചവർണ്ണക്കിളി ഭാഷാപിതാവായ എഴുത്തച്ഛന്റെ സ്നേഹ വാത്സല്യങ്ങളേറ്റുവാങ്ങി മലയാളഭാഷയെ സമ്പന്നമാക്കി. മഴവില്ലിന്റെ മനോഹാരിതയും തെളിനീരുപോലെ മധുരമൂറുന്ന വാക്കുകളും കൊണ്ട് കവിതയെന്ന പഞ്ചവർണ്ണക്കിളി മലയാളഭാഷയെ എല്ലാകാലത്തും സുന്ദരമാക്കുന്നു എന്ന് ഒളപ്പമണ്ണ വ്യക്തമാക്കുന്നു.

♦ എന്റെ മലയാളം
♦ കവിതാഭാഗങ്ങൾ വായിച്ചല്ലോ? അവയിൽ സൂചിപ്പിച്ചിട്ടുള്ള മാതൃഭാഷയുടെ സവിശേഷതകൾ, മഹത്വം, പ്രാധാന്യം തുടങ്ങിയവ കണ്ടെത്തി ചർച്ചചെയ്യുക. 'എന്റെ മലയാളം' എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
മാതൃഭാഷ, നമ്മുടെ ആത്മാവിന്റെ സ്വരം
മാത്യഭാഷയെ (മലയാളം) ഒരു മയിലായി സങ്കൽപ്പിച്ചാൽ അതിന്റെ മനോഹരമായ പീലികളാണ് ഭാഷാകാവ്യങ്ങൾ. അവയോരോന്നും സൗന്ദര്യംകൊണ്ടും മൃദുത്വംകൊണ്ടും സമന്വയംകൊണ്ടും ഭാഷയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. വ്യത്യസ്ത രൂപത്തിലും നിറത്തിലുമുള്ള പീലികളുടെ മേളനംകൊണ്ട് ഭംഗിയാർന്നതാണ് മയിലിന്റെ നടനം, അതുപോലെ വിവിധങ്ങളായ കാവ്യങ്ങൾ അവയുടെ ഈണവും താളവും ഭാവവുംകൊണ്ട് ഭാഷയ്ക്ക് മനോഹാരിത നൽകുന്നു.
മാതൃഭാഷ
മനുഷ്യന് ജന്മസിദ്ധമായ സമ്മാനമാണ് മാതൃഭാഷ. ഒരു കുഞ്ഞ് ആദ്യം ഉച്ചരിക്കുന്ന വാക്കുകൾ ആ കുഞ്ഞിന്റെ മാതൃഭാഷയിലാണ്. മാതൃഭാഷയുമായുള്ള അവന്റെ ബന്ധം ശാരീരികവും മാനസികവുമാണ്. മാതൃഭാഷ മാത്രമേ ഒരാളുടെ ഹൃദയവുമായി നേരിട്ടുള്ള ബന്ധം പുലർത്തുകയുള്ളൂ. മാതൃഭാഷയ്ക്ക് സൗന്ദര്യവും മഹത്വവും മറ്റ് ഒട്ടേറെ സവിശേഷതകളുമുണ്ട്.
സൗന്ദര്യം
മാതൃഭാഷ ഓരോ മനുഷ്യരിലും സ്വാഭാവികമായി പടർന്ന് പോകുന്നൊരു സംഗീതം പോലെയാണ്. ഓരോ ഭാഷയ്ക്കും സ്വന്തം രാഗഭാവമുണ്ട്. ഉദാഹരണത്തിന് മലയാളം മാധുര്യവും ചാതുര്യവും നിറഞ്ഞ ഭാഷയാണത്. മനോഹരങ്ങളായ വാക്കുകൾ, ലാളിത്വപൂർണ്ണമായ വ്യാകരണരീതികൾ, ആശയവിനിമയത്തിന് അനന്തമായ സാധ്യതകൾ എന്നിവ ഇതിൽ കാണാം. മാതൃഭാഷയിൽ പറയുമ്പോഴാണ് ഒരാൾക്ക് തന്റെ ഉള്ളിലെ മുഴുവൻ വികാരങ്ങളും ആധികാരികമായി പ്രകടിപ്പിക്കാൻ കഴി യുന്നത്.
സവിശേഷതകൾ
മാതൃഭാഷയിലൂടെ ഒരു വ്യക്തി തന്റെ സംസ്കാരത്തെ, പാരമ്പര്യത്തെ, ചരിത്രത്തെ തിരിച്ചറിയുന്നു. ഓരോ ഭാഷയും അതിന്റെ ജനതയുടെ ജീവിതരീതികൾ, വിശ്വാസങ്ങൾ, പ്രബോധനങ്ങൾ എന്നിവയുടെ ആകെത്തുകയാണ്. മലയാളം പോലെയുള്ള ഭാഷകൾ പഴമയുടെയും സാഹിത്യവിഭവങ്ങളുടെയും സമൃദ്ധമായ നിധിയാണ്. അതിനാൽത്തന്നെ, മാതൃഭാഷ വ്യക്തിയുടെ സാംസ്കാരിക ശേഖരണത്തിന്റെ ഒരമൂല്യഖനിയാണ്.
മഹത്വം
മനുഷ്യൻ ആദ്യമായി ആത്മാവിഷ്കാരം നടത്തുന്ന ഭാഷയാണ് മാതൃഭാഷ. അതിലൂടെ അയാൾ അറിവിന്റെ ലോകത്തേക്ക് കടന്നുപോകുന്നു. മതം, ആചാരങ്ങൾ, വൈജ്ഞാനികചിന്തകൾ, ജീവിതമൂല്യങ്ങൾ എന്നിവയെല്ലാം മാതൃഭാഷയിലൂടെയാണ് ആദ്യമായി അയാളിൽ പകർത്തപ്പെടുന്നത്. അതിനാൽത്തന്നെ ഇത് ജനതയുടെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്ന ശക്തിയാണ്. 
പ്രാധാന്യം
ഭാഷയ്ക്ക് പിന്നിൽ നിലകൊള്ളുന്നത് ഒരുദേശത്തിന്റെ ഭാവിയാണ്. മാതൃഭാഷയുടെ സംരക്ഷണവും പ്രോത്സാഹനവും നിർബന്ധമാണ്. ഇല്ലെങ്കിൽ ഭാഷയും സംസ്കാരവും മങ്ങിപ്പോകും. ലോകം എത്രമാത്രം ആധുനികമാകുകയാണെങ്കിലും മാതൃഭാഷയെ മറക്കുന്നത് നമ്മുടെ സ്വഭാവത്തെ നഷ്ടപ്പെടുത്തുന്നതിന് സമാനമാണ്. മാതൃഭാഷ ഒരാളുടെ ആത്മാവിന്റെ നാദമാണ്. അതിന്റെ സൗന്ദര്യവും മഹത്വവും മനസ്സിലാക്കി അതിനെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. വിദേശഭാഷകൾ പഠിച്ചാലും, മാത്യ ഭാഷയോടുള്ള പ്രണയം തീരരുത്. അത് ഒരാളുടെ യഥാർത്ഥ വ്യക്തിത്വത്തിന്റെ അടിസ്ഥാനം തന്നെയാണ്.

♦ ഹ്യത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ- 
വക്ത്രത്തിൽ നിന്നു താൻ കേൾക്കവേണം
           - (വള്ളത്തോൾ)
'സ്നേഹത്തിന്റെ ഭാഷയാണ് മാതൃഭാഷ'
എന്ന പ്രസ്താവന വരികളുടെ ആശയവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
ഒരു കുഞ്ഞ് അവന്റെ പ്രാഥമികമായ അറിവുകളെല്ലാം നേടുന്നത് മാതൃഭാഷയിലാണ്. അമ്മയിൽ നിന്നും ഗുരു നാഥനിൽനിന്നും ചുറ്റുപാടുനിന്നുമെല്ലാം അവൻ അറിവുകൾ ശേഖരിക്കുന്നു. സ്നേഹത്തിന്റെ തലോടലിനൊപ്പം ലഭിക്കുന്ന ഇത്തരം അറിവുകൾ നമ്മുടെ ഹൃദയത്തെ തൊടുന്നു. ഏതു വേദവും ശാസ്ത്രവും ഏതു കാവ്യവും ഗ്രഹിക്കാനുള്ള പ്രാപ്തി നാം നേടുന്നത് മാതൃഭാഷയിലൂടെ ലഭിക്കുന്ന ഈ അറിവിൽ നിന്നാണ്. വരികളും പ്രസ്താവനയും ഒരേ ആശയമാണ് പകർന്നുതരുന്നത്. 

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments