SCERT KERALA STUDY NOTES: STD VI Malayalam AT (കേരളപാഠാവലി) Unit 01 അമൃതം നുകരാം - Chapter 3 - ഉടമസ്ഥത - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 6 കേരള പാഠാവലി - Unit 01 അമൃതം നുകരാം: പാഠം 03 - കൊയക്കട്ട - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ
'അമൃതം നുകരാം' എന്ന യൂണിറ്റിലെ 'കൊയക്കട്ട' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
കൊയക്കട്ട - ദിവാകരൻ വിഷ്ണുമംഗലം    
♦ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കൊയക്കട്ട എന്ന കവിത, കവിയുടെ ബാല്യകാലത്തിന്റെ മാധൂര്യമൂറുന്ന ഓർമ്മകളാണ്. കവിതയുടെ ആശയം താഴെ നൽകുന്നു.
കുട്ടിക്കാലത്തെക്കുറിച്ചാണ് കവി ഇവിടെ പറയുന്നത്. മഴക്കാലമാണ്. എന്നും മൂവന്തിനേരത്താണ് വലിയമ്മ (മുത്തശ്ശി) പാടത്തെ പണിയും കഴിഞ്ഞ് വീട്ടിലെത്തുക. വലിയമ്മ വരുന്നതും കാത്ത് കുട്ടികൾ വഴിയിലേക്ക് നോക്കിയിരിക്കുകയാണ്. ആകെയുള്ള വെളിച്ചം മങ്ങിക്കത്തുന്ന
ചിമ്മിനിവിളക്കിന്റേതാണ്.
വലിയമ്മ ഒരിക്കലും വെറുംകൈയോടെ വരാറില്ല. കൊതിയൂറുന്ന കൊയക്കട്ട മടിക്കുത്തിൽ പൊതിഞ്ഞുകെട്ടിയാണ് വരിക. പണിക്കാർ ചൂടുന്ന കൊരമ്പ ധരിച്ചാലും മഴയത്ത് നനഞ്ഞൊട്ടിയാണ് അവർ വരിക. വന്നയുടനെ വലിയമ്മ മടിക്കുത്തിലെ പൊതിയഴിക്കുന്നതും കാത്തു നില്ക്കുകയാണ് കുട്ടികൾ. പലഹാരപ്പൊതിയിൽ വലിയമ്മയുടെ വാത്സല്യത്തിന്റെ പാൽനിലാവലിഞ്ഞിട്ടുണ്ടെന്ന് കവി പറയുന്നു. പാടത്ത് വിളഞ്ഞ നെല്ല് അരിയാക്കി പൊടിച്ചുണ്ടാക്കിയതാണ് കൊയക്കട്ട, മണ്ണിൽ വളരുന്ന തണൽമരങ്ങളുടെ കുളിരും അതിൽ കലർന്നിട്ടുണ്ട്. പനി വന്നാൽ തുണി നനച്ചു നെറ്റിയിലിട്ടു പനിയെ ശമിപ്പിക്കുന്ന വലിയമ്മയുടെ കരസ്പർശത്തിന്റെ കുളിര് അതിനുണ്ടായിരുന്നു. മുറിവുപറ്റിയാൽ ഇലകൾ ചതച്ച് നീരെടുത്ത് മുറിവിലിട്ട് നീറ്റൽ ശമിപ്പിക്കുന്ന നാട്ടറിവിന്റെ പെരുമയും ഉണ്ടായിരുന്നു. വലിയമ്മ ഇന്നില്ല. വയലുകൾ നികത്തി മനുഷ്യർ നഗരങ്ങൾ പണിതു. വമ്പൻമാളുകളിൽ നഗരത്തീവിഭവങ്ങൾ നിറഞ്ഞിരിക്കുന്നു. പലനാടുകളിൽ നിന്നും വിലപിടിച്ച പലഹാരങ്ങൾ പലതും കവി പിന്നീട് കഴിച്ചു. പക്ഷേ കുഞ്ഞായിരിക്കുമ്പോൾ വലിയമ്മ കൊണ്ടുവന്നു തന്ന കൊയക്കട്ടയോളം രുചി മറ്റൊന്നിനുമില്ല എന്ന് കവി തിരിച്ചറിയുന്നു.

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് താഴെ നൽകിയിരിക്കുന്നത്.

♦ കവിത ചൊല്ലാം
♦ കവിത ഒറ്റയ്ക്കും സംഘമായും ചൊല്ലി അവതരിപ്പിക്കൂ. നിങ്ങൾക്കേറെ പരിചിതമായ താളവും ഈണവുമാണ് ഈ കവിതയ്ക്കുള്ളത്. ഇതേ താളത്തിലുള്ള പല കവിതകളും പാട്ടുകളും നിങ്ങൾ കേട്ടിട്ടുണ്ട്. സമാനതാളമുള്ള പാട്ടുകളും കവിതകളും കണ്ടെത്തി അവതരിപ്പിക്കുമല്ലോ.
വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കവിതയാണിത്.
സമാനതാളത്തിലുള്ള വരികൾ കൂടി ചൊല്ലിനോക്കു. 
പറഞ്ഞതങ്ങനെ തന്നെ പാതിരാവായല്ലോ പത്നി  
കുറഞ്ഞൊന്നുറങ്ങട്ടെ ഞാൻ ഉലകീരേഴും 
നിറഞ്ഞ കൃഷ്ണനെക്കാണാൻ പുലർകാലെ പുറപ്പെടാം 
അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം 
             - രാമപുരത്തുവാരിയർ (കുചേലവൃത്തം വഞ്ചിപ്പാട്ട്) 
പോരാപോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ 
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ
ആകാശപ്പൊയ്കയിൽ പുതുതാകുമലയിളക്കട്ടേ 
ലോകബന്ധുഗതിക്കുറ്റ മാർഗം കാട്ടട്ടേ
              - വള്ളത്തോൾ (സാഹിത്യമഞ്ജരി)
അനുപമക്യപാനിധിയഖിലബാന്ധവൻ ശാക്യ-  
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ, ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ 
               - കുമാരനാശാൻ (കരുണ)

♦ കവിതയിലെന്തെല്ലാം കാര്യങ്ങൾ? 
♦ മലഞ്ചെരിവിലെ കൊച്ചുവീടുകളിൽ കത്തുന്ന വിളക്കുകളെ കവിതയിൽ എങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു? 
ചിമ്മിനിവിളക്കുകളെ മിന്നാമിനുങ്ങുപോലെ മുനിഞ്ഞു കത്തുന്നു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പഴയകാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന ചെറിയ മണ്ണെണ്ണ വിളക്കുകളായിരുന്നു ഇവ.

♦ "നേരമേറെ മോന്തിയായല്ലോ'' എന്ന് ആശങ്കപ്പെടാൻ എന്താവും കാരണം?
വയൽവരമ്പിലൂടെ, മരങ്ങൾക്കിടയിലൂടെ വലിയമ്മ വരുന്നുണ്ടോ എന്ന് മിഴിനട്ടു കാത്തിരിക്കുകയാണ് കുട്ടികൾ. വലിയമ്മ തന്റെ മടിക്കുത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കൊയക്കട്ട കാത്തിരിക്കുകയാണ് അവർ. അതുകൊണ്ടാണ് നേരമേറെ മോന്തിയായല്ലോ എന്ന് കുട്ടികൾ ആശങ്കപ്പെടുന്നത്. 

♦ വലിയമ്മ കൊണ്ടുവരുന്ന കൊയക്കട്ടയിൽ രുചിക്കപ്പുറം എന്തെല്ലാം അടങ്ങിയിട്ടുണ്ട്? 
വലിയമ്മ കൊണ്ടുവരുന്ന കൊയക്കട്ടയിൽ വാൽസല്യത്തിന്റെ തേൻനിലാവലിഞ്ഞുചേർന്നിട്ടുണ്ട്. തലമുറകളുടെ അധ്വാനഫലമായ പാടത്തിന്റെ പച്ചപ്പ് അതിലലിഞ്ഞിട്ടുണ്ട്. പാടത്ത് വിളഞ്ഞ നെല്ല് കുത്തി അരിയാക്കി പൊടിച്ചുണ്ടാക്കിയതാണ് കൊയക്കട്ടെ. മണ്ണിന്റെ പശിമയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിന്റെ താളവുമതിലുണ്ട്. ആ മണ്ണിൽ നിന്നും വളർന്ന് മാനത്തോളമുയരുന്ന തണൽമരങ്ങളുടെ കുളിരും അതിൽ കലർന്നിട്ടുണ്ട്.

♦ വലിയമ്മയുടെ കൈകളുടെ സ്പർശത്തെ എങ്ങനെയാണ് വിശേഷിപ്പിച്ചിട്ടുള്ളത് ?
പനി വന്നാൽ തുണി നനച്ചു നെറ്റിയിലിട്ടു തണുപ്പിക്കുന്ന വലിയമ്മയുടെ കരസ്പർശത്തിന് കുളിരുണ്ട്. മുറിവു പറ്റിയാൽ, ചെടികളുടെ ഔഷധഗുണത്തെപ്പറ്റി അറിയുന്ന വലിയമ്മ ഇലകൾ ചതച്ച് നീരെടുത്ത് മുറിവിലിട്ട് നീറ്റൽ ശമിപ്പിക്കുമായിരുന്നു. അന്നത്തെ നാട്ടുസംസ്കാരത്തിന്റെ ഭാഗമാണിതെല്ലാം.

♦ പ്രകൃതിയിലും ജീവിതത്തിലും വന്നുചേർന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തു.
വയലുകൾ നികന്നെങ്ങും
നഗരത്തീവിഭവങ്ങൾ
വിളമ്പുന്ന മണിമേട-
യുയർന്നു വാനിൽ!
പല ദേശങ്ങളിൽനിന്നും
വിലയേറും പലഹാരം 
പലതും ഞാനതിൽപ്പിന്നെ- 
ക്കഴിച്ചെന്നാലും
വലിയമ്മ കൊണ്ടുവന്ന
കൊയക്കട്ടയോളമൊന്നും 
പകർന്നില്ല രുചിയെന്നിൽ,
സ്മൃതിയിൽ, ഹത്തിൽ.

♦ ചിത്രം വരയ്ക്കുന്ന വാക്കുകൾ
മുനിഞ്ഞു കത്തുന്നു മിന്നാ-
മിനുങ്ങുപോൽ ചിമ്മിനിക്കൂ 
ടകലെയായ് കൂരതോറും
മലഞ്ചെരിവിൽ.
♦ ഈ വരികളിൽ ഒരു ചിത്രം തെളിയുന്നുണ്ടല്ലോ. വയൽവരമ്പിലൂടെ വരുന്ന വലിയമ്മയുടെ ചിത്രവും കവിതയിൽ കാണാം. ഇതുപോലെ നിങ്ങൾക്കു
പ്രിയപ്പെട്ട ഒരു കാഴ്ചയെ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെ വാക്കുകൾ കൊണ്ടുള്ള ഒരു ചിത്രമായി ആവിഷ്കരിക്കൂ. ഗദ്യത്തിലും എഴുതാം.
നക്ഷത്രം വിരിയുന്ന ആകാശം
നിശാശാന്തിയുടെ പടർപ്പരിൽ
നിറമൊഴിഞ്ഞു കിടക്കുന്ന ആകാശം,
പുതപ്പുപോലെ തഴുകി വിരിയുന്നു 
നക്ഷത്രവീണയുടെ സംഗീതത്തിൽ. 
ഒരൊറ്റ വിളക്കുകളുമില്ലാത്ത
നീലവിഹായസ്സിൽ
തിളക്കത്തോടെ തെളിയുന്നു 
തുമ്പ വിരിഞ്ഞ കണക്കെ 
നക്ഷത്രക്കൂട്ടങ്ങൾ
തീരംതൊടാതെ കനിഞ്ഞ സ്വപ്നം 
പോലെയാണോരോ തിളക്കവും 
ചൊരിയുന്നു ഓർമ്മകളെ പോലെ 
തുച്ഛമായൊരു പുഞ്ചിരിയും തൂകിടുന്നു.

♦ വരികളിൽ നിറയുന്ന സൗന്ദര്യം
♦ സ്നേഹവും വാത്സല്യവും രുചിയും ഒത്തുചേർന്ന സുഖകരമായ അനുഭവമാണ് കവിത പകർന്നുതരുന്നത്. 
'സ്മരണയിൽ മണക്കുന്നു കൊതിയൂറും കൊയക്കട്ട 
അതിലുണ്ട് വാത്സല്യത്തിൻ പാൽനിലാവ്'
ഇങ്ങനെ സുന്ദരമായ ഒട്ടേറെ പ്രയോഗങ്ങൾ കവിതയിലുണ്ട്. വരികളിൽ നിറയുന്ന സൗന്ദര്യം കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
വാത്സല്യത്തിന്റെ പാൽനിലാവ് പൊഴിക്കുന്ന കൊയക്കട്ട 
ഗ്രാമീണജീവിതത്തെ അനുഭവിപ്പിക്കുന്ന കാഴ്ചകളവതരിപ്പിക്കുന്ന കവിയാണ് ദിവാകരൻ വിഷ്ണുമംഗലം. പുതിയ കാലത്തെ നാഗരികസമ്പന്നതയുടെ മറവിൽ പൊലിഞ്ഞുപോകുന്ന ഗ്രാമീണ കാഴ്ചകളെയും അനുഭവങ്ങളെയും വായനക്കാരുടെ ഉള്ളിൽത്തട്ടും വിധം അദ്ദേഹം ആവിഷ്കരിക്കുന്നു. കൊയക്കട്ട എന്ന ഭക്ഷണത്തിലൂടെ വലിയമ്മ പകർന്നുതന്ന രുചിയോർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് കൊയക്കട്ട എന്ന കവിതയിലൂടെ കവി ദിവാകരൻ വിഷ്ണുമംഗലം. കൊഴുക്കട്ട എന്ന പദത്തിനു പകരം നാട്ടുഭാഷയിലെ കൊയക്കട്ട എന്ന പദമാണ് സ്വീകരിച്ചിരിക്കുന്നത്. അത് നാട്ടുസംസ്കാരത്തിലൂടെ വേരൂന്നിയ വാക്കാണ്. കുട്ടിക്കാലത്തെ ഒരോർമ്മയെ പുനരാവിഷ്കരിക്കുകയാണ് കവി ഇവിടെ. ഇരുൾ മൂടിയ മൂവന്തി നേരത്ത് മണ്ണെണ്ണ വിളക്കിന്റെ ചെറുവെളിച്ചത്തിൽ വീടിന്റെ ചായ്പിൽ വലിയമ്മയേയും കാത്തിരിക്കുകയാണവർ. വലിയമ്മ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മുത്തശ്ശിയെയാണ്. പാടത്തെ പണിയും കഴിഞ്ഞ് കൊരമ്പ ചൂടിയിട്ടും നനഞ്ഞൊട്ടിയ ദേഹത്തോടെ കടന്നുവരുന്നുണ്ട് മുത്തശ്ശി. അവരുടെ മടിക്കുത്തിൽ കുട്ടികൾക്കായി കരുതിവച്ചിരിക്കുന്ന കൊയക്കട്ടയുണ്ട്. മുത്തശ്ശിയുടെ പലഹാരപ്പൊതിയിൽ വാത്സല്യത്തിന്റെ പാൽ നിലാവോടൊപ്പം മണ്ണിന്റെ കുളിരുകൂടിയുണ്ട്. പനി വന്നാൽ തുണി നനച്ച് നെറ്റിയിലിട്ട് തണുപ്പിക്കുന്ന മുത്തശ്ശിയുടെ കരസ്പർശത്തിന്റെ കുളിരും, മുറിവു പറ്റിയാൽ ചെടികളുടെ ഇലകൾ ചതച്ച് നീരെടുത്ത് മുറിവിലിട്ടുതന്ന് മുത്തശ്ശി നീറ്റൽ ശമിപ്പിക്കുന്നതും കവി ഓർത്തെടുക്കുന്നു.
മുത്തശ്ശി ഇന്നില്ല, വയലുകൾ നികത്തി നഗരമായി മാറി. തീപാറുന്ന വിഭവങ്ങൾ വിളമ്പുന്ന വമ്പൻ മാളുകളെല്ലായിടത്തും പൊന്തിവന്നു. ഇക്കാലത്തിനിടയിൽ പലയിടത്തുനിന്നും വിലപിടിച്ച പലഹാരങ്ങൾ ഏറെ കഴിച്ചു. എന്നാൽ കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി മടിയിലിട്ടു കൊണ്ടുവന്ന ആ കൊയക്കട്ടയോളം രുചി ഒന്നിനുമില്ലെന്ന് അന്നത്തെ കുട്ടി ഇന്ന് തിരിച്ചറിയുന്നു. മനോഹരങ്ങളായ പ്രയോഗങ്ങൾ നിറച്ചുവെച്ചിരിക്കുകയാണ് കവിതയിൽ. സന്ധ്യാസമയത്തെ സൂചിപ്പിക്കാനാണ് മുനിഞ്ഞുകത്തുന്ന മിന്നാമിനുങ്ങ് പോലെ കൂരയിലെ ചിമ്മിനിവിളക്കുകളെന്ന് കവി അവതരിപ്പിക്കുന്നത്. ചരൽക്കുന്നു കയറിയുമിറങ്ങിയും മരങ്ങൾക്കിടയിലൂടെ തെളിയുന്ന മുത്തശ്ശിയുടെ രൂപവും മനോഹരമായി കവിതയിൽ വരച്ചുകാണിക്കുന്നു.
പലഹാരപ്പൊതി തുറക്കാൻ ഇറയത്ത് മിഴിനട്ട് കൊതിയോടെ കാത്തിരുന്ന മധുരബാല്യമെന്ന പ്രയോഗവും മനോഹരമാണ്. കൊയക്കട്ട വാത്സല്യത്തിന്റെ പാൽനിലാവായി മാറുന്നു. കൊയക്കട്ടയിൽ വാനിനോളം പടരുന്ന തണൽ വൃക്ഷത്തിന്റെ കുളിരുമുണ്ടെന്ന് കവി ഓർത്തെടുക്കുന്നു. മുത്തശ്ശിയുടെ മരണത്തെ മറവിതൻ കരിമ്പടം പുതച്ചെങ്ങോ മറഞ്ഞുപോയി എന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒട്ടെറെ പ്രയോഗസവിശേഷതകളാൽ നിറഞ്ഞുനിൽക്കുന്ന കവിതയാണ് കൊയക്കട്ട. അതിനപ്പുറം നഗരത്തീവിഭവങ്ങൾ എന്ന ബിംബവൽക്കരണവും ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. പുതിയ കാലത്തെ ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ് സംസ്കാരത്തെ നഗരത്തീവിഭവമെന്ന പദം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.
പ്രകൃതിയുടെ സ്വാഭാവിക രുചികൾക്കു പകരമാവില്ല. പുതിയ കാലത്തിന്റെ കൃത്രിമരുചികൾ. പ്രകൃതിയെ മറന്ന് അന്ധമായ നഗരവൽക്കരണത്തിലേക്ക് മുന്നേറുന്ന മനുഷ്യനോട് പഴയകാല ഭക്ഷണസംസ്കാരത്തിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുകയാണ് ഇവിടെ കവി.

♦ കൊയക്കട്ട എന്ന കവിത എഴുതിയത്? 
• വിഷ്ണുനാരായണൻ നമ്പൂതിരി 
• ദിവാകരൻ വിഷ്ണുമംഗലം
• എം. വി. വിഷ്ണുനമ്പൂതിരി
ഉത്തരം: ദിവാകരൻ വിഷ്ണുമംഗലം

♦ വലിയമ്മ മറവിതൻ
കരിമ്പടം പുതച്ചൊ
മറഞ്ഞുപോയി
ഈ വരികൾ സൂചിപ്പിക്കുന്നത്?
• വലിയമ്മയുടെ മറവി
• വലിയമ്മയുടെ സ്നേഹം
• വലിയമ്മയുടെ മരണം
ഉത്തരം: വലിയമ്മയുടെ മരണം

♦ 'നഗരത്തീവിഭവങ്ങൾ' എന്നതുകൊണ്ട് കവി ഉദ്ദേശിച്ചത് എന്ത്?
• നഗരത്തിലെ വിഭവങ്ങൾ
• നഗരത്തിലെ തീ പാറുന്ന വിഭവങ്ങൾ
• മധുരമൂറുന്ന വിഭവങ്ങൾ
ഉത്തരം: നഗരത്തിലെ തീ പാറുന്ന വിഭവങ്ങൾ

♦ കഥാപാത്രനിരൂപണം
• അതിലുണ്ട് വാത്സല്യത്തിൻ 
പാൽനിലാവ്
• പനിവന്നാൽ നെറ്റിതൊട്ടു 
നനവാർന്ന ശീലവച്ചു 
തണുപ്പിക്കും കരസ്പർശ- 
ക്കുളിരുമുണ്ട്
കവിത വായിക്കുമ്പോൾ മനസ്സിൽ തെളിയുന്ന വലിയമ്മയുടെ രൂപം, സ്വഭാവസവിശേഷതകൾ എന്നിവ ഉൾപ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
കൊയക്കട്ട എന്ന കവിത വായിക്കുമ്പോൾ മനസ്സിൽ നിറയുന്ന രൂപമാണ് വലിയമ്മയുടേത്. വാൽസല്യവും സ്നേഹവും കരുതലും എല്ലാം വലിയമ്മയുടെ പ്രത്യേകതകളായി എടുത്തു പറയാം.
പണി കഴിഞ്ഞ് വരുന്ന വലിയമ്മ മടിക്കുത്തിൽ പേരക്കുട്ടികൾക്കു നൽകാൻ പലഹാരം കരുതിയിട്ടുണ്ടാകും. കൊച്ചുമക്കൾ തന്റെ വരവും കാത്ത് ഇരിക്കുമെന്ന് വലിയമ്മയ്ക്കറിയാം. ഒരിക്കലും അവരെ നിരാശപ്പെടുത്താതിരിക്കാൻ വലിയമ്മ ശ്രദ്ധിക്കുമായിരുന്നു എന്ന് കുട്ടികളുടെ കാത്തിരിപ്പ് വ്യക്തമാക്കുന്നു. കുട്ടികൾക്ക് വാൽത്സല്യത്തിന്റെ പാൽനിലാവ് പകരാൻ വലിയമ്മയ്ക്ക് കഴിയുന്നു. കുട്ടികൾക്കു പനി വന്നാൽ നനച്ച തുണി നെറ്റിയിലിട്ടും നാട്ടുമരുന്നുകൾ നൽകിയും അവർക്കൊപ്പം വലിയമ്മയുണ്ട്. അവരുടെ കരസ്പർശത്തിന്റെ കുളിര് കുട്ടികൾക്ക് ആശ്വാസമായിരുന്നു. ഇങ്ങനെ കവിതയിൽ സ്നേഹത്തിന്റെ തണൽവൃക്ഷമായി വലിയമ്മ പടർന്നു നിൽക്കുന്നു.

♦ പദപരിചയം 
• വലിയമ്മ - മുത്തശ്ശി
• കൂര - കുടിൽ
• ചായ്പ് - വീടിനോടുചേർന്ന് വശങ്ങളിൽ താഴ്ത്തിക്കെട്ടിയ ഭാഗം
• മുനിഞ്ഞു കത്തുക - മങ്ങിക്കത്തുക
• മിഴി നട്ട് - കണ്ണുംനട്ട് 
• മോന്തി - മൂവന്തി (സന്ധ്യ)
• കൊരമ്പ - മഴ നനയാതിരിക്കാനായി പനയോലയോ പുല്ലോ കൊണ്ടുണ്ടാക്കി തലയിൽ വയ്ക്കുന്നത്.
• ജന്മാന്തര സുകൃതം - മുജ്ജന്മത്തിൽ ചെയ്ത നന്മ
• ജീവൽപ്രപഞ്ച പാഠം - ജീവലോകം നൽകുന്ന അറിവ്
• കരം - കൈ 
• സ്മൃതി - ഓർമ്മ

♦ പര്യായപദങ്ങൾ
• മഴ - വൃഷ്ടി, വർഷം, മാരി
• വാനം - ആകാശം, അംബരം, ഗഗനം 
• കരം - കൈ, ഭുജം, ഹസ്തം 
• നഗരം - പുരി, പുരം, നഗരം, പത്തനം 
• മിഴി - കണ്ണ്, അക്ഷി, നേത്രം
• വഴി - വീഥി, പന്ഥാവ്, സരണി

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments