SCERT KERALA STD VIII Malayalam AT (അടിസ്ഥാന പാഠാവലി) Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ - Chapter 2 തോട്ടക്കാരി - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 02 - തോട്ടക്കാരി | മലയാളിയുടെ ഹെലൻകെല്ലർ - ചോദ്യോത്തരങ്ങൾ | Teaching Manual

എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'തോട്ടക്കാരി' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. 
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ തോട്ടക്കാരി - പി.ഭാസ്കരൻ 
♦ കവിതയുടെ ആശയം
കവിയും ഭാര്യയും പത്തുദിവസം വാടകവീട്ടിൽ നിന്നും മറുനാട്ടിലേക്ക് യാത്രപോയി. തിരികെയെത്തിയപ്പോൾ വീട്ടിലെ ചെടികളെല്ലാം ഉണങ്ങിനില്ക്കുന്നതുകണ്ട് ഭാര്യ സങ്കടപ്പെടുന്നു. 'തുളസി വാടിപ്പോയി' എന്നു പറയുമ്പോൾ കൂടുതൽ കരിഞ്ഞത് ഭാര്യയുടെ മുഖമാണെന്ന് കവി പറയുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയതിനാൽ വീടു തുറക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു കവി. ബലം പ്രയോഗിച്ച് കവി പൂട്ടുതുറന്നപ്പോൾ ഭാര്യ അലിവോടെ നോക്കുന്നതുകണ്ട്, മണ്ടത്തരം പറ്റിയതാണ് അതുപോട്ടെ, മറ്റൊരു താഴ് വാങ്ങാം എന്നു കവി പറയുന്നു. അപ്പോഴും അവർ വേദനിക്കുന്നതും ആകുലപ്പെടുന്നതും തന്റെ പിച്ചി പൂക്കാതെ ഉണങ്ങിപ്പോയതിലും നിശാഗന്ധി വെള്ളം കിട്ടാതെ നിലംപൊത്തിയതിലുമൊക്കെയാണ്. 
താക്കോലുപോയാൽ പോകട്ടെ, ഇക്കൊല്ലം ഓണമെത്തുമ്പോൾ മുറ്റത്ത് ഒരു പൂച്ചെടിയെങ്കിലും ഉണ്ടാകേണ്ടേ (പൂക്കാലം വിരുന്നെത്തേണ്ടേ) എന്ന ആശങ്കയാണ് ഭാര്യയ്ക്കുള്ളത്. ഭാര്യയുടെ ആശങ്കനിറഞ്ഞ ചോദ്യം കേട്ട് കവി മറുപടി പറയുന്നത് 'അല്ലയോ തോട്ടക്കാരി, നീ രണ്ടുനേരവും കുടത്തിൽ വെള്ളമെടുത്തുകൊണ്ടുപോയി നിന്റെ ഉള്ളിലെ വാത്സല്യവും ചേർത്ത് നനയ്ക്കുമ്പോൾ അവ വീണ്ടും തളിർത്ത് പൂവിടുകില്ലേ' എന്നാണ്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന സൂചനയാണ് കവി ഇവിടെ നൽകുന്നത്.
ചെടികൾ വാടിക്കരിഞ്ഞതുകണ്ട് ഭാര്യ കണ്ണീരൊഴുക്കി. അവളുടെ ദുഃഖം കണ്ട് കവിക്കും ദുഃഖം തോന്നി. ആശ്വാസവാക്കുകളാൽ കവി ഭാര്യയുടെ മനസ്സ് തണുപ്പിക്കുന്നു. അവളുടെ കണ്ണീർ മായുകയും മുഖം പ്രകാശമാനമാകുകയും ചെയ്യുന്നു. ഭാര്യയുടെ മനസ്സ് സന്തോഷഭരിതമായപ്പോൾ കവിയുടെ മനസ്സിലും സന്തോഷം നിറഞ്ഞു എന്നതിനെയാണ് 'മനസ്സിന്റെ വാതിൽ അധരങ്ങളാൽ പൊൻതാക്കോലുകൊണ്ട് തുറന്നു' എന്ന വരികളിൽ സൂചിപ്പിക്കുന്നത്.

♦ ഈണത്തിൽ ചൊല്ലാം
♦ കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക.
കാവ്യഭാഗത്തിന് യോജിച്ച ഈണം കണ്ടെത്തി ഗ്രൂപ്പുകളായി തിരിഞ്ഞ് കാസിൽ അവതരിപ്പിക്കുക.

♦ വിശകലനക്കുറിപ്പ്
"കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ 
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീവർണ്ണം 
അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം 
നിന്നുടെയധരങ്ങൾ തുറന്നു പൊൻതാക്കോലാൽ'' - വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 
പത്തുദിവസത്തെ ദൂരെയാത്ര കഴിഞ്ഞ് കവിയും സഹധർമ്മിണിയും വാടക വീട്ടിലെത്തിയപ്പോൾ വാടിനിൽക്കുന്ന ചെടികൾ കണ്ട് ഭാര്യ വിഷമിക്കുന്നു. അവൾ സ്നേഹപൂർവം പരിപാലിച്ചിരുന്നതാണ് ആ ചെടികൾ. വാടിപ്പോയ തുളസിയും ഉണങ്ങിയ പിച്ചിയും നിലംപൊത്തിക്കിടക്കുന്ന നിശാഗന്ധിയുമൊക്കെക്കണ്ട് അവളുടെ കണ്ണുനിറഞ്ഞൊഴുകുന്നു. കവിയാകട്ടെ കളഞ്ഞുപോയ താക്കോലിന്റെ കാര്യമോർത്താണ് വിഷമിക്കുന്നത്. കവി ഓരോന്നും പറഞ്ഞ് ഭാര്യയെ സമാധാനിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ സംരക്ഷകയായ ഭാര്യയെ തോട്ടക്കാരി എന്നാണ് കവി സംബോധന ചെയ്യുന്നത്. തോട്ടക്കാരിയും ചെടികളും തമ്മിലുള്ള ആത്മബന്ധം കവിതയിൽ നിന്ന് മനസ്സിലാക്കാം.
ഇനിയും നീ സ്നേഹപൂർവം വെള്ളം കൊടുത്താൽ ചെടികൾ പഴയതുപോലെ ജീവസ്സുറ്റതാകും, പുഷ്പിക്കും എന്ന കവിയുടെ സാന്ത്വനവാക്കുകൾ ഭാര്യയുടെ ദുഃഖം ശമിപ്പിക്കുന്നു. കണ്ണീർ ഒഴുകി വറ്റിയ അവരുടെ കവിളിൽ ചുവപ്പ് പടർന്നു. കവിയുടെ സാന്ത്വന വാക്കുകളിൽ നിന്നുണ്ടായ പ്രതീക്ഷയുടെ ചുവപ്പായിരിക്കാം അവരുടെ കവിളിൽ തുടിപ്പായി പടർന്നത്. ഭാര്യയുടെ സന്തോഷം കണ്ടപ്പോൾ കവിയുടെ മനസ്സു നിറഞ്ഞതിനെയാണ് മനസ്സിന്റെ അടഞ്ഞവാതിൽ അവരുടെ അധരങ്ങളാകുന്ന പൊൻതാക്കോൽ കൊണ്ട് തുറന്നു എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.
പ്രത്യാശ നിറഞ്ഞ ഈ വാക്കുകൾകൊണ്ട് ഭാര്യയുടെ വിഷമം ഇല്ലാതാക്കിയപ്പോൾ തന്റെ മനസ്സും സ്വസ്ഥമായി എന്ന് കവി കരുതുന്നു. വാടിയതും കരിഞ്ഞതുമായ ചെടികളെല്ലാം വീണ്ടും തളിരണിയിക്കാൻ തോട്ടക്കാരിയുടെ ആർദ്രത കാരണമാകും എന്ന് കവി ഭാര്യയോട് പറയുന്നു. ആ പ്രത്യാശയുടെ വെളിച്ചമാണ് താൽക്കാലികമായ ദുഃഖത്തിന്റെ ഇരുട്ടിനെ അകറ്റിക്കളയുന്നത്.

♦ ആസ്വാദനമെഴുതാം
''അപ്പോൾ ഞാൻ ചൊല്ലി: തോട്ടക്കാരീ, നിൻ വാത്സല്യത്തിൻ അദ്ഭുതവർഷമേഘം മൺകുടമൊക്കത്തേറ്റി
ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ 
ഇവിടം നനച്ചിടും, പേടിക്കാനെന്തിരിപ്പൂ''
ഈ വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി ചർച്ചചെയ്യുക. 
തുടർന്ന് "തോട്ടക്കാരി' എന്ന കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ (സാദൃശ്യഭംഗി, താളാത്മകത, പ്രയോഗങ്ങൾ) എന്നിവ പരിഗണിച്ച് ഒരു ആസ്വാദനം എഴുതു. പരസ്പരം വായിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകളോടെ മെച്ചപ്പെടുത്തുമല്ലോ. 
വരികളുടെ വിശകലനം
'തോട്ടക്കാരി' എന്ന കവിതയിലെ ഏറ്റവും ശ്രദ്ധേയമായ, കാവ്യഭംഗി നിറഞ്ഞ വരികളാണിത്. വാടിക്കരിഞ്ഞു നിൽക്കുന്ന ചെടികൾ കണ്ട് വിഷമിച്ചു നിൽക്കുന്ന ഭാര്യയെ കവി ആശ്വസിപ്പിക്കുകയാണ്. ഇനി എല്ലാ ദിവസവും രണ്ടുനേരവും മുടങ്ങാതെ ചെടികളെല്ലാം നിന്റെ വാത്സല്യവും കൂടി ചേർത്ത് നനക്കുമ്പോൾ അവ പഴയതുപോലെ ജീവസുറ്റതാകും എന്ന് കവി ഭാര്യയോട് പറയുന്നു. വാടിവീണതെല്ലാം കൂടുതൽ കരുത്തോടെ ഉയിർത്തെണീക്കും എന്ന പ്രതീക്ഷ നൽകുന്ന വാക്കുകളാണ് കവിയുടേത്. വാത്സല്യത്തിൻ അത്ഭുത വർഷ മേഘമായി മാറുന്ന തോട്ടക്കാരിക്ക് അസാധ്യമായി ഒന്നുമില്ല എന്നാണ് കവി കരുതുന്നത്. കരിഞ്ഞുണങ്ങിയ പ്രകൃതിയെ ഹരിതാഭമാക്കാൻ പുഷ്പിപ്പിക്കാൻ തോട്ടക്കാരിയുടെ ആർദ്രമായ ഇടപെടലുകൾക്ക് കഴിയും എന്ന ആശയമാണ് ഈ വരികളിൽ നിറയുന്നത്. കുടുംബത്തെയും പൂന്തോട്ടത്തെയും ബാധിച്ച താളപ്പിഴകൾ തന്റെ വാത്സല്യമാകുന്ന അദ്ഭുതവർഷമേഘത്താൽ ഉർവരമാക്കാൻ സ്ത്രീക്ക് സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ പറയുന്നത്. കാവ്യഭംഗിയും പ്രതീക്ഷയുടെ വെളിച്ചവും പകർന്നു നൽകുന്ന സന്ദർഭമാണിത്.
ആസ്വാദനം 
പി. ഭാസ്കരന്റെ അതിമനോഹരവും അർഥസാന്ദ്രവുമായ കവിതയാണ് തോട്ടക്കാരി. ആഖ്യാതാവിന്റെ ഭാര്യയെയാണ് തോട്ടക്കാരിയായി അവതരിപ്പിക്കുന്നത്. പ്രമേയത്തിലും ആസ്വാദനാംശങ്ങളിലും കവിത ശ്രദ്ധേയമാണ്. വാടകവീട് പൂട്ടി, പത്തുദിവസത്തെ മറുനാടൻ വാസവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുടുംബിനി പരിചരിച്ചുപോന്ന ചെടികൾ വാടിയും കരിഞ്ഞും നിൽക്കുന്നത് ആഖ്യാതാവ് കാണുന്നു. വീടിന്റെ താക്കോൽ നഷ്ടപ്പെട്ടതോർത്ത് വിഷമിക്കുകയാണ് ഭർത്താവ്. എന്നാൽ ഭാര്യ വിഷമിക്കുന്നത് ചെടികൾക്കുണ്ടായ മാറ്റങ്ങൾ കണ്ടാണ്. ഇനിയും വെള്ളമൊഴിച്ച് പരിപാലിച്ചാൽ ചെടികൾ മുമ്പത്തേതിനേക്കാൾ നന്നായി വളർന്നുവരും എന്നാണ് ഭർത്താവ് പറയുന്നത്. ഈ പ്രത്യാശയിൽ ഭാര്യയുടെ ദുഃഖം അലിഞ്ഞില്ലാതാകുന്നു. നിരാശയിൽ നിന്ന് പ്രത്യാശയിലേക്കുള്ള വളർച്ചയാണ് കവിതയുടെ ആശയത്തിന് മിഴിവ് നൽകുന്നത്. 
കവിതയിലെ വർണ്ണനകളും സാദൃശ്യഭംഗിയും എടുത്തുപറയേണ്ടതുതന്നെയാണ്. തുളസി വാടിപ്പോയി എന്നു പറഞ്ഞപ്പോൾ കുടുംബിനിയുടെ 'മുഖത്തളിരാണ്' കരിഞ്ഞത് എന്ന് കവി വർണ്ണിക്കുന്നു. തോട്ടക്കാരിയുടെ വാത്സല്യത്തിൻ അത്ഭുവർഷമേഘം, കണ്ണിലെ മഴത്തുള്ളി, കവിൾത്തടത്തിലെ ഗന്ധമാദിനീ വർണ്ണം എന്നിങ്ങനെയുള്ള കാവ്യാത്മക പ്രയോഗങ്ങളും സാദൃശ്യകല്പനകളും കവിതയുടെ ആത്മാവിനോടു ചേർന്നു നിൽക്കുന്നവയാണ്. അർഥപൂർണ്ണവും ധ്വനിസാന്ദ്രവുമാണ് ഈ കാവ്യകല്പനകൾ.
‘കേക' വൃത്തത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ ചൊല്ലാൻ ഈ താളം സഹായകമാകുന്നു. അങ്ങനെ ഈണത്തിലും താളത്തിലും ചൊല്ലുമ്പോൾ കവിത മനസ്സിലേക്കു കടക്കുന്നു. അപ്പോൾ തോട്ടക്കാരിയായ കുടുംബിനി ആസ്വാദകമനസ്സിൽ തെളിഞ്ഞുനിൽക്കും.
നിന്മുഖത്തളിർ, ആർദ്രമായ കവിൾ, വാത്സല്യത്തിൻ അദ്ഭുത വർഷമേഘം, കണ്ണിലെ മഴത്തുള്ളി, ഗണ്ഡത്തിൽ ചിന്നിക്കാണുന്ന ഗന്ധമാദിനീവർണ്ണം, അധരങ്ങൾ തുറന്ന പൊൻതാക്കോൽ എന്നിങ്ങനെയുള്ള സവിശേഷ പ്രയോഗങ്ങൾ കവിതയുടെ ആസ്വാദനതലത്തെ ഉയർത്തുന്നവയാണ്. ഓരോ പ്രയോഗവും കവിതയുടെ പ്രമേയത്തോടും ഭാവതലത്തോടും ഇണങ്ങിച്ചേർന്നു നിൽക്കുന്നു.
കവിതയുടെ ദർശനം ഏറെ പ്രധാനമാണ്. 'കരിഞ്ഞമുഖം', ചുവന്നുതുടുത്ത കവിൾത്തടമാകുന്നത് കവിതയിൽ കാണാം. താക്കോൽ നഷ്ടപ്പെട്ടതിലാണ് ഭർത്താവ് ദുഃഖിക്കുന്നതെങ്കിൽ കുടുംബിനി ചെടികൾ വാടിയതോർത്താണ് വിഷമിക്കുന്നത്. ഭാര്യയുടെ പരിചരണം ചെടികളെ ഇനിയും ഉയർപ്പിക്കുകയും വളർത്തുകയും ചെയ്യുമെന്നും പേടിക്കാനില്ലെന്നും ഭർത്താവു പറയുമ്പോൾ ദുഃഖം സന്തോഷത്തിനും പ്രത്യാശയ്ക്കും വഴിമാറുന്നു. പത്തുദിവസം മാറിനിന്നതുകൊണ്ടാണ് ചെടികൾ വാടിക്കരിഞ്ഞത്. രണ്ടുനേരം നനച്ചു കൊടുത്താൽ അവ ഊർജസ്വലതയോടെ വളരും. തുളസിയും പിച്ചിയും നിശാഗന്ധിയുമെല്ലാം കുടുംബിനിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൊൻചിങ്ങത്തിന് പൂക്കളാൽ വിരുന്നൊരുക്കേണ്ടവരാണവർ. അതോർത്താണ് 'തോട്ടക്കാരി' വിലപിക്കുന്നത്. എന്നാൽ ഭർത്താവിന്റെ പ്രതീക്ഷ നിറഞ്ഞ വാക്കുകൾ അവൾക്ക് സാന്ത്വനമാകുന്നു. അവർ സന്തോഷത്തിലേക്കു മടങ്ങി വരുന്നു. അവരുടെ മനസ്സും മുഖവും പ്രസന്നമായപ്പോൾ കവിയും സന്തോഷിക്കുന്നു. തന്റെ പൂന്തോട്ടത്തെയും കുടുംബത്തെയും ബാധിച്ച താളപ്പിഴകളെ വാത്സല്യമാകുന്ന വർഷമേഘത്താൽ ഉണർത്താൻ സ്ത്രീക്ക് സാധിക്കും എന്ന് ബോധ്യപ്പെടുത്തുന്നു കവിതയിൽ കവി. ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കും നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും വളരുന്നതാണ് കവിതയുടെ ഇതിവൃത്തം.

♦ 'കൂടുതൽ കരിഞ്ഞതു നിന്മുഖത്തളിരല്ലോ'
നിന്മുഖത്തളിര് എന്ന പദത്തിന്റെ വിഗ്രഹാർഥം താഴെ പറയുന്നവയിൽ ഏത്?
(A) നിന്റെ മുഖത്തിന്റെ തളിര് 
(B) നിന്റെ മുഖമെന്ന തളിര് 
(C) നിന്റെ മുഖമാകുന്ന തളിര് 
(D) നിന്റെ മുഖവും തളിരും 
ഉത്തരം: C) നിന്റെ മുഖമാകുന്ന തളിര് 

♦ 'നിൻകവിൾ രണ്ടും വീണ്ടുമാർദ്രമായതു കണ്ടേൻ' സന്ദർഭം ഏത്?
(i) ബലം പ്രയോഗിച്ച് വീടിന്റെ പൂട്ട് പൊളിച്ചപ്പോൾ 
(ii) ഭാര്യയുടെ വിഷമം കവി കണ്ടില്ലെന്നു നടിച്ചപ്പോൾ. 
(A) (ii) മാത്രം ശരി
(B) (i) ഉം (ii) ഉം ശരി
(C) (i) മാത്രം ശരി
(D) രണ്ടും ശരിയല്ല
ഉത്തരം: (C) (i) മാത്രം ശരി

♦ മണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ 
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം. 
വരികളിലെ കാവ്യഭംഗി വിശദമാക്കുക.
യാത്ര കഴിഞ്ഞെത്തിയപ്പോൾ തന്റെ ചെടികളെല്ലാം വാടിക്കരിഞ്ഞു നില്ക്കുന്നതു കണ്ട് കണ്ണീരൊഴുക്കിയ ഭാര്യയെ “വാടിപ്പോയവ ഇനിയും നട്ടുനനച്ചുവളർത്താം'' എന്ന പ്രത്യാശ നൽകി കവി ആശ്വസിപ്പിക്കുന്നു. കണ്ണീരുണങ്ങിയ അവളുടെ ചുവന്ന കവിൾത്തടത്തെയാണ് 'ഗന്ധമാദിനീവർണം കവിളിൽ പടർന്നു, എന്ന് കവി വിശേഷിപ്പിക്കുന്നത്. മനോഹരമായ കവിഭാവനയാണിത്.

♦ ‘ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ
ഇവിടം നനച്ചീടും പേടിക്കാനെന്തിരിപ്പൂ.
പ്രത്യാശയും ശുഭചിന്തയും ജീവിതപ്രതിസന്ധികളെ മറികടക്കാൻ നമുക്ക് താങ്ങാകുന്നു എന്ന ആശയമാണോ ഈ വരികൾ പകർന്നുതരുന്നത്?
വാടകവീടുപൂട്ടി മറുനാട്ടിൽ യാത്രപോയി തിരിച്ചെത്തിയ കവിയും ഭാര്യയും ആകെ വിഷമത്തിലായിരുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയി. നട്ടുനനച്ചു വളർത്തിയ ചെടികളെല്ലാം വെള്ളം കിട്ടാതെ വാടിക്കരിഞ്ഞുപോയി. ഓണക്കാലത്ത് പൂവിട്ടു നില്ക്കേണ്ട ചെടികൾ വാടിപ്പോയതിൽ ഭാര്യ ഏറെ ദുഃഖിതയായിരുന്നു. വീടിനുള്ളിൽ കയറാൻ ബലം പ്രയോഗിച്ച് പൂട്ടുപൊളിക്കേണ്ടി വന്നതിൽ കവിയും ദുഃഖിതനായിരുന്നു. മറ്റൊരു താഴ് വാങ്ങാം എന്നുപറഞ്ഞ് കവി ഭാര്യയെ സാന്ത്വനിപ്പിക്കുന്നു. വാടിക്കരിഞ്ഞ ചെടികളെ ഓർത്ത് ആകുലപ്പെട്ട ഭാര്യയെ, നനച്ചുകൊടുത്താൽ അവ വീണ്ടും തളിർത്ത് പുഷ്പിക്കുമല്ലോ എന്നുപറഞ്ഞ് കവി സാന്ത്വനിപ്പിക്കുന്നു. കുടുംബജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ പ്രത്യാശ നിറഞ്ഞ വാക്കുകളാൽ പരസ്പരം സാന്ത്വനം പകർന്ന് മറികടക്കുന്ന ദമ്പതികളെയാണ് കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്.

♦ പദപരിചയം
• കുടുംബിനി - ഭാര്യ
• മറുനാടൻ യാത്ര - മറ്റൊരു നാട്ടിലേക്കുള്ള യാത്ര
• വാസം - താമസം
• വിഷണ്ണൻ - ദുഃഖിതൻ
• കരബലം - കൈയുടെ ബലം
• പോഴത്തം - മണ്ടത്തരം
• ഉരയ്ക്കുക - പറയുക
• ചൊല്ലി - പറഞ്ഞു
• നിലംപൊത്തി - നിലത്തുവീണുകിടക്കുന്നു
• വർഷമേഘം - മഴമേഘം
• ഗണ്ഡം - കവിൾത്തടം
• ഗന്ധമാദിനീവർണം - കോലരക്കിന്റെ നിറം (ചുവപ്പ്)
• ചിത്തം - മനസ്സ് 
• അധരം - ചുണ്ട് 
• മന്ദം - പതിയെ
• പൊൻതാക്കോൽ - സ്വർണത്താക്കോൽ

♦ പകരം പദങ്ങൾ
• മുഖം - ആനനം, വദനം, ആസ്യം 
• പൂന്തോട്ടം - ഉദ്യാനം, ആരാമം, ഉപവനം 
• കവിൾ - ഗണ്ഡം, കപോലം
• വെള്ളം - ജലം, സലിലം, തോയം
• മേഘം - മുകിൽ, ജലദം, വാരിദം
• കണ്ണ് - അക്ഷി, നേത്രം, നയനം
• മഴ - മാരി, വർഷം, വൃഷ്ടി 
• കഴുത്ത് - കന്ധരം, ഗ്രീവം, ഗളം
• ചിത്തം - മനസ്, മാനസം, മനം
• ചുണ്ട് - അധരം, ഓഷ്ഠം, ഛദം

♦ ലോപസന്ധി
• താഴൊന്നു - താഴ്, ഒന്നു

♦ ദ്വിത്വസന്ധി
• പറ്റിപ്പോയി - പറ്റി, പോയി
• ചിങ്ങപ്പൂക്കാലം - ചിങ്ങ, പൂക്കാലം
• മഴത്തുള്ളി - മഴ, തുള്ളി
• ഇക്കൊല്ലം - ഇ, കൊല്ലം

♦ ആദേശസന്ധി 
• നിത്യവും - നിത്യം, ഉം 
• ഗണ്ഡത്തിൽ - ഗണ്ഡം, ഇൽ 
• വാസവും - വാസം, ഉം

♦ ആഗമസന്ധി
• തുളസിയെന്നോതുമ്പോൾ - തുളസി, എന്നോതുമ്പോൾ 
• മടങ്ങിയെത്തും - മടങ്ങി, എത്തും 
• പൂക്കാതെയുണങ്ങി - പൂക്കാതെ, ഉണങ്ങി 
• നിന്നുടെയധരങ്ങൾ - നിന്നുടെ, അധരങ്ങൾ

♦ വിഗ്രഹിച്ചെഴുതാം
• മുഖത്തളിർ - മുഖമാകുന്ന തളിർ
• കരബലം - കരത്തിന്റെ ബലം
• നിശാഗന്ധിത്തൈ - നിശാഗന്ധിയുടെ തൈ 
• വർഷമേഘം - വർഷകാലത്തെ മേഘം
• മൺകുടം - മണ്ണുകൊണ്ടുള്ള കുടം
• മഴത്തുള്ളി - മഴയുടെ തുള്ളി
• പൊൻതാക്കോൽ - പൊന്നുകൊണ്ടുള്ള താക്കോൽ

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments