SCERT KERALA STD VIII Social Science (Malayalam Medium) Chapter 04 അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും: സമ്പദ്‌വ്യവസ്ഥയും - Questions and Answers | Teachers Handbook

Kerala Syllabus Class 8 സാമൂഹ്യശാസ്ത്രം: Chapter 4 അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും: സമ്പദ്‌വ്യവസ്ഥയും - ചോദ്യോത്തരങ്ങൾ

Class 8 സോഷ്യൽ സയൻസ് - അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും: സമ്പദ്‌വ്യവസ്ഥയും - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 4 Basic Economic Problems and the Economy - Teachers Handbook

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 8: സോഷ്യൽ സയൻസ് - അധ്യായം 4: അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും: സമ്പദ്‌വ്യവസ്ഥയും - ചോദ്യോത്തരങ്ങൾ 
♦ മനുഷ്യന്റെ ആവശ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു: അടിസ്ഥാന ആവശ്യങ്ങളും സന്തോഷദായക ആവശ്യങ്ങളും. അവ താരതമ്യം ചെയ്ത് ഉദാഹരണങ്ങൾ സഹിതം കുറിപ്പ് എഴുതുക.
• അടിസ്ഥാന ആവശ്യങ്ങൾ:
വിവിധതരം സാധനങ്ങളുടെയും സേവനങ്ങളുടെയും ശരിയായ ഉപയോഗത്തിലൂടെയാണ് ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ ജീവിതത്തിന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ എന്നുപറയാം.
• സന്തോഷദായക ആവശ്യങ്ങൾ:
നമ്മുടെ ജീവിതത്തെ കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുന്ന ചില ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങളെ സന്തോഷദായക ആവശ്യങ്ങൾ എന്നുപറയുന്നു. ആഡംബരകാറുകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉയർന്ന മൂല്യമുള്ള വസ്ത്രങ്ങൾ എന്നിവയുടെയെല്ലാം ഉപയോഗം ഇതിനുദാഹരണമാണ്.

♦ നമ്മുടെ ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങളും സന്തോഷദായകാവശ്യങ്ങളും കണ്ടെത്തി പട്ടികപ്പെടുത്തുക.
അടിസ്ഥാന ആവശ്യങ്ങൾ  സന്തോഷദായക ആവശ്യങ്ങൾ 
• ഭക്ഷണം,
• വസ്ത്രം
• പാർപ്പിടം
• ആഡംബരകാറുകൾ
• വിലപിടിപ്പുള്ള ആഭരണങ്ങൾ
• ഉയർന്ന മൂല്യമുള്ള വസ്ത്രങ്ങൾ
♦ ആവശ്യങ്ങളുടെ പൊതുവായ സവിശേഷതകൾ എന്തെല്ലാം?
• മനുഷ്യന്റെ ആവശ്യങ്ങൾ വൈവിധ്യവും എണ്ണമറ്റതുമാണ്. 
• ചില ആവശ്യങ്ങൾ ഒറ്റയ്ക്കും മറ്റു ചിലത് കൂട്ടായ പരിശ്രമത്തിലൂടെയും നിറവേറ്റാൻ കഴിയുന്നവയാണ്.
• ഒരിക്കൽ നിറവേറ്റപ്പെട്ട ആവശ്യം ആവർത്തിക്കപ്പെടാം.
• സമയം, സ്ഥലം, വ്യക്തികൾ എന്നിവയ്ക്കനുസരിച്ച് ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും.
• മനുഷ്യപുരോഗതിക്കൊപ്പം ആവശ്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നു. 

♦ നിങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നു എന്നുകരുതുക. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്? പട്ടികപ്പെടുത്തുക.
• സ്കൂൾ കോമ്പൗണ്ടിൽ എവിടെയാണ് കൃഷി ചെയ്യാൻ ഏറ്റവും നല്ല സ്ഥലം എന്ന് കണ്ടെത്തുക.
• ഏതൊക്കെ പച്ചക്കറികൾ കൃഷി ചെയ്യണമെന്ന് തീരുമാനിക്കുക.
• മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുക.
• ജൈവ വളങ്ങളും കീടനാശിനികളും തിരഞ്ഞെടുക്കുക.
• ഒരു ജലസേചന സംവിധാനം ക്രമീകരിക്കുക.
• കൃഷിക്കുള്ള കാലാവസ്ഥയും, വിത്ത് തിരഞ്ഞെടുപ്പും ആസൂത്രണം ചെയ്യുക. 
• വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കുക.
• കൃഷിപരിപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പങ്കിടുക.
• കൃഷിച്ചെലവിന് ഫണ്ട് കണ്ടെത്തുക.
• ആവശ്യമെങ്കിൽ, കാർഷിക വിദഗ്ധരുടെ സഹായം തേടുക.
• വിളയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ നടത്തുക.
• പരിസ്ഥിതി സൗഹൃദ കൃഷി രീതികൾ ഉറപ്പാക്കുക.

♦ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദനപ്രക്രിയയുമായി ബന്ധപ്പെട്ട് ഒരു രാജ്യം അഭിമുഖീകരിക്കുന്ന മൂന്ന് അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ എന്തൊക്കെയാണ്?
• എന്ത് ഉൽപാദിപ്പിക്കണം? (What to produce?)
• എങ്ങനെ ഉല്പാദിപ്പിക്കണം? (How to produce?)
• ആർക്കുവേണ്ടി ഉൽപാദിപ്പിക്കണം? (For whom to produce?)

♦ 'എന്ത് ഉൽപാദിപ്പിക്കണം' എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
• ഒരോ രാജ്യവും ലഭ്യമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തി എന്ത് ഉൽപാദിപ്പിക്കണമെന്ന മുൻഗണന നിശ്ചയിക്കേണ്ടതുണ്ട്. 
• എന്ത് ഉൽപാദിപ്പിക്കണം എന്ന് തീരുമാനിച്ചാൽ അത് എത്രമാത്രം ഉൽപാദിപ്പിക്കണമെന്നതും പ്രസക്തമാണ്. 
• ഏതെങ്കിലും ഒരു സാധനമോ സേവനമോ കൂടുതൽ ഉൽപാദിപ്പിക്കണമെന്ന് രാജ്യം തീരുമാനിക്കുകയാണെങ്കിൽ മറ്റു സാധനങ്ങൾ ഉൽപാദിപ്പിക്കാനായി ഉപയോഗിക്കേണ്ട വിഭവങ്ങളെ പരിമിതപ്പെടുത്തേണ്ടിവരും. 
• സമൂഹത്തിന്റെ ആവശ്യങ്ങളും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ അളവും തമ്മിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുവേണ്ടിയാണ് രാജ്യം ഇത്തരം തീരുമാനങ്ങളെടുക്കുന്നത്.

♦ നൽകിയിട്ടുള്ള ചിത്രങ്ങൾ നിരീക്ഷിക്കുക (പാഠപുസ്തകം പേജ് 62). ചിത്രം 4.3 ലും 4.4 ലും ചപ്പാത്തിയുടെ നിർമ്മാണത്തിൽ എന്തുവ്യത്യാസമാണ് കാണാൻ കഴിയുന്നത്?
i. ചിത്രം 4.3 - മനുഷ്യാധ്വാനത്തിന്റെ ഫലമായി ചപ്പാത്തി ഉത്പാദിപ്പിക്കപ്പെടുന്നു
ii. ചിത്രം 4.4 - യന്ത്രങ്ങൾ ഉപയോഗിച്ചാണ് ചപ്പാത്തി ഉത്പാദിപ്പിക്കുന്നത്. ഇവിടെ ഉത്പാദനം വർദ്ധിക്കുന്നു. മനുഷ്യാധ്വാനം കുറവാണ്.

♦ ഇതുപോലെ കൃഷിയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ചിത്രങ്ങൾ (പാഠപുസ്തകം പേജ് 63) നിരീക്ഷിച്ച് ഏത് ഉൽപാദനഘടകമാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തൂ.
i. ചിത്രം 4.5 - കൂടുതൽ മനുഷ്യാധ്വാനം, പരമ്പരാഗത ഉപകരണങ്ങൾ
ii. ചിത്രം 4.6 - ആധുനിക വിളവെടുപ്പ് യന്ത്രങ്ങൾ ഉപയോഗിക്കുന്നു, മനുഷ്യാധ്വാനം കുറവാണ്.

♦ 'എങ്ങനെ ഉൽപാദിപ്പിക്കണം' എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
• എങ്ങനെ ഉൽപാദിപ്പിക്കണം എന്നത് സാങ്കേതികരീതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 
• ഏത് സാങ്കേതിക രീതിയാണ് സ്വീകരിക്കേണ്ടതെന്ന് ആ പ്രദേശത്ത് ലഭ്യമായ വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കുന്നത്. 
• വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ഉൽപാദനത്തിന്റെ രീതിയിൽ വ്യത്യാസം ഉണ്ടാകാറുണ്ട്.

♦ ‘തൊഴിൽ തീവ്ര സാങ്കേതികരീതി.’, ‘മൂലധന തീവ്ര സാങ്കേതികരീതി.’ എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
• കൂടുതൽ തൊഴിൽ ശക്തിയും, കുറഞ്ഞ മൂലധനവും ഉപയോഗിച്ച് ഉൽപാദനം നടത്തുന്ന രീതിയെയാണ് "തൊഴിൽ തീവ്ര സാങ്കേതികരീതി'' എന്നുവിളിക്കുന്നത്.
• കൂടുതൽ മൂലധനവും കുറച്ചു തൊഴിൽ ശക്തിയും ഉപയോഗിച്ച് ഉൽപാദനം നടത്തുന്ന രീതിയാണ് "മൂലധന തീവ്ര സാങ്കേതികരീതി''.

♦ തൊഴിൽ തീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുള്ള ഉൽപാദനം. 
• കുറഞ്ഞ തോതിലുള്ള മൂലധന ഉപയോഗം.
• കൂടുതൽ സമയം ആവശ്യമായ ഉൽപാദനരീതി.
• പരിസ്ഥിതിസൗഹൃദമായ ഉൽപാദനരീതി.
• സാങ്കേതികവിദ്യയുടെ കുറഞ്ഞ ഉപയോഗം

♦ മൂലധനതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• തൊഴിലാളികളുടെ ആവശ്യകതയിലെ കുറവ്.
• കൂടുതൽ മൂലധനനിക്ഷേപം ഉപയോഗപ്പെടുത്തുന്നു. 
• ഉൽപാദനക്ഷമത ഉറപ്പുവരുത്തുന്നു.
• സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നു.
• ഉൽപാദനത്തിന് കുറഞ്ഞ സമയം.

♦ നിങ്ങളുടെ പ്രദേശത്ത് തൊഴിൽ തീവ്രസാങ്കേതികരീതിയും, മൂലധന തീവ്രസാങ്കേതിക രീതിയും ഉപയോഗപ്പെടുത്തി നടത്തുന്ന ഉൽപാദന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തുക.
തൊഴിൽ തീവ്രസാങ്കേതികരീതി  മൂലധന തീവ്രസാങ്കേതിക രീതി
•  പച്ചക്കറി കൃഷി
• നെൽകൃഷി
• ചെറിയ വീടുകളുടെ നിർമ്മാണം
• കൊട്ട നെയ്ത്ത്
• മൺപാത്ര നിർമ്മാണം
• യന്ത്രങ്ങൾ ഉപയോഗിച്ച് ഉഴുക, നടുക, വിളവെടുക്കുക
• റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാണം
• യന്ത്രങ്ങൾ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം
• വസ്ത്ര നിർമ്മാണം 
• യന്ത്രവൽകൃത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ
♦ 'ആർക്കുവേണ്ടി ഉൽപാദിപ്പിക്കണം' എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയായിരിക്കണം ഉൽപാദനം നടത്തേണ്ടത്. ഉൽപാദിപ്പിക്കപ്പെടുന്ന സാധനങ്ങളും സേവനങ്ങളും സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിതരണം ചെയ്യണം. ഇതാണ് ആർക്കുവേണ്ടി ഉൽപാദിപ്പിക്കണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

♦ ഉൽപാദന ഘടകങ്ങൾ എന്തൊക്കെയാണ്? ഉൽപന്നമൂല്യം എങ്ങനെയാണ് വിതരണം ചെയ്യേണ്ടത്?
• ഉൽപാദന ഘടകങ്ങൾ: ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം 
• ഭൂമിക്ക് പാട്ടമായും, തൊഴിലിന് വേതനമായും, മൂലധനത്തിന് പലിശയായും, സംഘാടനത്തിന് ലാഭമായും ഉൽപന്നമൂല്യം വിതരണം ചെയ്യേണ്ടതാണ്.

♦ ചിന്തിക്കുക, കണ്ടെത്തുക (പാഠപുസ്തകം പേജ് 65)
• ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾ ഒരു ഉൽപാദന യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. അംഗങ്ങൾക്കിടയിൽ പല അഭിപ്രായങ്ങളും ഉയർന്നുവന്നു. എന്തായിരിക്കും അവർ തീരുമാനമെടുക്കേണ്ട അടിസ്ഥാന പ്രശ്നം.
എന്ത് ഉൽപാദിപ്പിക്കണം

• ചർച്ചകൾക്കൊടുവിൽ കുറച്ചുസ്ഥലം പാട്ടത്തി നെടുത്ത് കൃഷിചെയ്യാൻ തീരുമാനിച്ചു. കൃഷിക്ക് നിലമൊരുക്കാൻ യന്ത്രങ്ങളും തൊഴിലാളികളും ഏതേത് അളവിൽ വേണം എന്ന ചർച്ചയായി. ഇത് ഏത് അടിസ്ഥാന സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ ഉൽപാദിപ്പിക്കണം

• കുടുംബശ്രീ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് പച്ചക്കറി കൃഷിചെയ്യാത്ത കുടുംബങ്ങളുണ്ട്. അവർക്ക് പച്ചക്കറി ആവശ്യവുമാണ്. മിച്ചം വരുന്നത് ആവശ്യക്കാർക്ക് വിൽക്കാം എന്ന ലക്ഷ്യവും ഇവർക്കുണ്ട്. കൂടാതെ കൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ടതുണ്ട്. ഇത് ഏത് അടിസ്ഥാന സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആർക്കുവേണ്ടി ഉൽപാദിപ്പിക്കണം

♦ എന്താണ് സമ്പദ്‌വ്യവസ്ഥ? ഓരോ സമ്പദ്‌വ്യവസ്ഥയുടെയും ധർമ്മം എന്താണ്?
ഒരു രാജ്യം വിവിധ സാധനസേവനങ്ങളുടെ ഉൽപാദനം, വിതരണം, ഉപഭോഗം എന്നിവ ക്രമീകരിക്കുന്ന രീതിയാണ് സമ്പദ്‌വ്യവസ്ഥ. ലഭ്യമായ വിഭവങ്ങളുടെ ഉപയോഗത്തിലൂടെ മനുഷ്യരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക എന്നതാണ് ഓരോ സമ്പദ്വ്യവസ്ഥയുടെയും ധർമ്മം. 

♦ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
• സമ്പദ് വ്യവസ്ഥ മനുഷ്യനിർമ്മിതമാണ്
• സമ്പദ് വ്യവസ്ഥ മാറ്റങ്ങൾക്ക് വിധേയമാണ്
• സമ്പദ്‌വ്യവസ്ഥയിൽ നടക്കുന്ന സാമ്പത്തികപ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
• ഉൽപാദനം, വിതരണം, ഉപഭോഗം എന്നിവ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന പ്രവർത്തനങ്ങളാണ്

♦ ഉൽപാദകഘടകങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ എത്രയായി തരംതിരിക്കാം? ഏതെല്ലാം?
• ഉൽപാദകഘടകങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ മൂന്നായി തരംതിരിക്കാം.
• മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
• സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
• മിശ്ര സമ്പദ്‌വ്യവസ്ഥ

♦ എന്താണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ (Capitalist Economy)?
ഉൽപാദകഘടകങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികളിൽ കേന്ദ്രീകരിച്ചിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണിത്.

♦ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• എല്ലാ വ്യക്തികൾക്കും സ്വത്ത് കൈവശം വയ്ക്കാനുള്ള അവകാശമുണ്ട് പരമാവധി ലാഭം എന്നതാണ് ലക്ഷ്യം
• ഗവൺമെന്റ് ഇടപെടൽ പരിമിതമാണ്
• സ്വകാര്യവ്യക്തികൾക്ക് ഏതു വിഭവങ്ങൾ സംഭരിക്കാനും അവ ഉപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കാനും സാധിക്കും
• ഉപഭോക്താവിന് വിപണിയിൽ പൂർണ്ണ സ്വാതന്ത്ര്യമുണ്ട് (ഉപഭോക്താവിന്റെ പരമാധികാരം)
• വ്യവസായസ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം നിലനിൽക്കുന്നു. 

♦ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഇന്ന് സർക്കാരിന്റെ പങ്ക് എന്താണ്?
മുതലാളിത്ത സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന പല രാജ്യങ്ങളിലും സാമ്പത്തിക വികസനത്തിൽ ഗവൺമെന്റിന്റെ സജീവ പങ്കാളിത്തം ഇന്ന് കാണാൻ കഴിയും.

♦ എന്താണ് സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ (Socialist Economy)?
• എല്ലാ ഉൽപാദകഘടകങ്ങളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ. 
• ഒരു കേന്ദ്രീകൃത ആസൂത്രണ സമിതിയായിരിക്കും സാമ്പത്തിക പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കുന്നത്.

♦ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• ഉൽപാദകഘടകങ്ങളുടെ ഉടമസ്ഥാവകാശം ഗവൺമെന്റിൽ നിക്ഷിപ്തം 
• സാമൂഹികക്ഷേമമാണ് പ്രധാന ലക്ഷ്യം
• വിപണിയുടെമേൽ ഗവൺമെന്റിന്റെ നിയന്ത്രണം
• വിഭവങ്ങളുടെ ലഭ്യതയും ദേശീയ ലക്ഷ്യങ്ങളും മുൻനിർത്തി കേന്ദ്ര ആസൂത്രണ സമിതി വിഭവങ്ങളെ വിനിയോഗിക്കുന്നു
• വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം കുറയ്ക്കുന്നു

♦ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം എന്താണ്?
സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം സാമൂഹിക ക്ഷേമമാണ്.

♦ എന്താണ് മിശ്ര സമ്പദ്‌വ്യവസ്ഥ (Mixed Economy)?
മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില പ്രത്യേകതകൾ ഒരുമിച്ചുകാണാൻ കഴിയുന്നതാണ് മിശ്ര സമ്പദ്‌വ്യവസ്ഥ.

♦ മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും സഹവർത്തിത്വം
• ലാഭേച്ഛയും സാമൂഹ്യക്ഷേമവും പ്രധാന ലക്ഷ്യങ്ങൾ
• സാമ്പത്തിക പ്രവർത്തനങ്ങളിലെ വ്യക്തിസ്വാതന്ത്ര്യം
• ഗവൺമെന്റ് പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള സാമ്പത്തികാസൂത്രണം 
• ചില മേഖലകളിൽ സാധനങ്ങളുടെ വിലയിൽ ഗവൺമെന്റിന്റെ നിയന്ത്രണം
• അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് പ്രാധാന്യം നൽകുന്നു.

♦ മിശ്രസമ്പദ്‌വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് എങ്ങനെയാണ്?
മിശ്രസമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കുന്നത് വിപണികളിലൂടെയും കേന്ദ്രീകൃതാസൂത്രണ സംവിധാനത്തിലൂടെയുമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മിശ്രസമ്പദ്വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്.

♦ ആഗോളസമ്പദ്‌വ്യവസ്ഥ ഇന്ന് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്താണ് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ?
അറിവും വൈദഗ്ധ്യവും വളർച്ചയുടെയും നവീകരണത്തിന്റെയും ചാലകങ്ങളാകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെയാണ് വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൂചിപ്പിക്കുന്നത്. ഈ സമ്പദ്‌വ്യവസ്ഥയിൽ, അറിവ് ഒരു പ്രധാന വിഭവമായി കണക്കാക്കപ്പെടുന്നു, അതിന്റെ സൃഷ്ടിയും വ്യാപനവും പ്രയോഗവും സാമ്പത്തിക വികസനത്തിന് നിർണ്ണായകമാണ്.

♦ എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് സാമ്പത്തികശാസ്ത്രം?
മനുഷ്യന്റെ ആവശ്യങ്ങൾ, അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥകൾ എന്നിവയെല്ലാം ചർച്ചയ്ക്ക് വിധേയമാക്കുന്ന പഠനശാഖയാണ് സാമ്പത്തികശാസ്ത്രം. നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ബജറ്റ്, ബാങ്കിങ് കമ്പോളം, സാധനസേവനങ്ങൾ മുതലായവയും ഇതിൽ ഉൾപ്പെടുന്നു. 

♦ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ആദം സ്മിത്ത്

♦ ആദ്യകാലത്ത് സാമ്പത്തിക ശാസ്ത്രം എങ്ങനെയാണ് അറിയപ്പെട്ടിരുന്നത്, അതിന്റെ പ്രധാന വക്താവ് ആരായിരുന്നു? 
ആദ്യകാലത്ത് സമ്പത്തിന്റെ ശാസ്ത്രം എന്ന നിലയിലാണ് സാമ്പത്തികശാസ്ത്രം അറിയപ്പെട്ടിരുന്നത്. ഇതിന്റെ പ്രധാന വക്താവായിരുന്നു സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡംസ്മിത്ത്. 

♦ വിവിധ സാമ്പത്തിക വിദഗ്ധർ സാമ്പത്തിക ശാസ്ത്രത്തെ എങ്ങനെയാണ് നിർവചിച്ചത്?
• ആദം സ്മിത്ത് - സമ്പത്തിന്റെ ശാസ്ത്രം
• ആൽഫ്രഡ് മാർഷൽ - ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം
• ലയണൽ റോബിൻസ് - മനുഷ്യന്റെ ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യുന്ന ശാസ്ത്രശാഖ

♦ ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായ ഡേവിഡ് റിക്കാർഡോയുടെ പ്രധാന സംഭാവനകൾ എന്തൊക്കെയാണ്?
• ഡേവിഡ് റിക്കാർഡോ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വഴി ഇരുരാജ്യങ്ങളിലേയും ക്ഷേമം വർധിപ്പിക്കാം എന്ന സിദ്ധാന്തം കൊണ്ടുവന്നു. 
• ഭൂമിയുടെ പാട്ടത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ 'പാട്ടസിദ്ധാന്തം' വളരെ പ്രസിദ്ധമാണ്.

♦ കാൾ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തം എന്താണ്?
മാർക്സിന്റെ അഭിപ്രായത്തിൽ ഉൽപാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളുടെ അധ്വാനമാണ്. എന്നാൽ ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രം തൊഴിലാളിക്ക് നൽകി അധികഭാഗവും മുതലാളി കൈക്കലാക്കുന്നു.

♦ ജെ. എം. കെയിൻസിന്റെ പ്രധാന ആശയം എന്താണ്?
സാമ്പത്തികമേഖലയിൽ ഗവൺമെന്റിന്റെ ഇടപെടൽ എന്ന സിദ്ധാന്തത്തിനുവേണ്ടി വാദിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജെ.എം. കെയിൻസ്. ഗവൺമെന്റിന്റെ ഇടപെടലിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

♦ ജെ. എ. ഷുംപീറ്ററുടെ 'സൃഷ്ടിപരമായ നശീകരണം' എന്താണ്?
ചെക്ക് റിപ്പബ്ലിക് വംശജനായ ജെ. എ. ഷുംപീറ്റർ ആവിഷ്കരിച്ച ആശയമാണ് 'സൃഷ്ടിപരമായ നശീകരണം'. വ്യവസായങ്ങളും സാങ്കേതികവിദ്യകളും നൂതന കണ്ടുപിടുത്തങ്ങളാൽ പുത്തൻ അവസരങ്ങളും വളർച്ചയും സൃഷ്ടിക്കുന്നു. എന്നാൽ നിലവിലുള്ള വ്യവസായങ്ങളും സാങ്കേതികവിദ്യകളും നൂതന കണ്ടുപിടിത്തങ്ങളാൽ തടസ്സപ്പെടുകയോ നശിക്കുകയോ ചെയ്യുന്നുവെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.

♦ ചുവടെ നൽകിയിരിക്കുന്ന ആശയങ്ങൾ ഏതെല്ലാം സാമ്പത്തിക ശാസ്ത്രജ്ഞരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുക.
• സ്മാർട്ട് ഫോൺ വ്യവസായങ്ങളുടെ ആവിർഭാവം ടേപ്പ്റെക്കോർഡർ, വീഡിയോ പ്ലെയർ, ഫിലിം ക്യാമറ എന്നീ വ്യവസായങ്ങളുടെ തകർച്ചയ്ക്ക് കാരണമായി - ജെ. എ. ഷും പീറ്റർ
• സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റ് ഇടപെടൽ ആവശ്യമാണ് - ജെ.എം. കെയിൻസ്
• രണ്ടുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വഴി ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കാനും കഴിയും - ഡേവിഡ് റിക്കാർഡോ
• ഉൽപാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളുടെ അധ്വാനമാണ് - കാൾ മാർക്‌സ് 

♦ സാമ്പത്തിക ശാസ്ത്രത്തിന്റെ വികാസത്തിന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞർ നൽകിയ സംഭാവനകൾ എന്തൊക്കെയാണ്?
• ‘ചാണക്യൻ - രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കാര്യക്ഷമമായ നികുതി സമ്പ്രദായം വിഭാവനം ചെയ്തു.
• ‘ദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് 
• ‘മഹാത്മാഗാന്ധി - മഹാത്മാഗാന്ധിയുടെ സാമ്പത്തികദർശനങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളായ "ഹിന്ദ് സ്വരാജ്, "ഇന്ത്യ ഓഫ് മൈ ഡ്രീംസ്'' എന്നിവയിൽ പ്രതിപാദിച്ചിട്ടുണ്ട്.
• ‘അമർത്യ കുമാർ സെൻ - ക്ഷേമ സാമ്പത്തികശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾക്ക് 1998 ൽ നോബൽ സമ്മാനം ലഭിച്ചു.
• അഭിജിത് വിനായക് ബാനർജി - ആഗോള ദാരിദ്ര്യനിർമ്മാർജനത്തിനുള്ള പരീക്ഷണാത്മക സമീപനം വിഭാവനം ചെയ്തതിന് 2019 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 

♦ ഗാന്ധിജി മുന്നോട്ട് വച്ച സാമ്പത്തികചിന്തകൾ എന്തെല്ലാമായിരുന്നു?
• സ്വയം പര്യാപ്തത, വികേന്ദ്രീകരണം എന്നിവയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
• പ്രാദേശികമായി തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ഗ്രാമീണ വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതുണ്ട്.
• പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെ വിപണനത്തിനായി പ്രാദേശിക വിപണികൾ വിപുലപ്പെടുത്തുക.
• സാമൂഹികനീതി ഉറപ്പാക്കാനായി സാമ്പത്തിക അസമത്വം ലഘൂകരിക്കണം.

♦ അമർത്യകുമാർ സെന്നിന്റെ ക്ഷേമ സാമ്പത്തികശാസ്ത്ര ചിന്തകൾ എന്തെല്ലാമാണ്?
• സാമ്പത്തികപുരോഗതി കൈവരിക്കാൻ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹികനീതി എന്നിവയ്ക്ക് ഊന്നൽ നൽകണം.
• ലിംഗസമത്വം, സ്ത്രീശാക്തീകരണം എന്നിവ രാജ്യപുരോഗതിക്ക് അനിവാര്യമാണ്.
• സാമ്പത്തികവികസനം വിലയിരുത്തേണ്ടത് അത് മനുഷ്യാവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും ചെലുത്തുന്ന സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാവണം.

♦ 1998-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ്?
അമർത്യ കുമാർ സെൻ

♦ 2019-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത്, എന്തിന്?
• അഭിജിത് വിനായക് ബാനർജി, എസ്തർ ഡഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കാണ് 2019 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. 
• ആഗോള ദാരിദ്ര്യനിർമ്മാർജനത്തിനുള്ള പരീക്ഷണാത്മക സമീപനം വിഭാവനം ചെയ്തതിന്. 

♦ ഇന്ത്യയിലെ ചില സാമ്പത്തികശാസ്ത്രജ്ഞരുടെ പേരുകളും അവരുടെ ചിന്തകളും ചുവടെ നൽകിയിരിക്കുന്നു. വിട്ടുപോയത് കണ്ടെത്തുക?
A. ഗാന്ധിജി
B. ക്ഷേമ സാമ്പത്തിക ശാസ്ത്രം
C. അഭിജിത് വിനായക് ബാനർജി
D. ചോർച്ച സിദ്ധാന്തം

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments