SCERT KERALA STUDY NOTES: STD VI Malayalam BT (അടിസ്ഥാന പാഠാവലി) Unit 03 ഒത്തുതുഴയാം - Chapter 2 - ആ രക്തം മാഞ്ഞുപോയില്ല - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 02 - ആ രക്തം മാഞ്ഞുപോയില്ല - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'ഒത്തുതുഴയാം' എന്ന യൂണിറ്റിലെ 'ആ രക്തം മാഞ്ഞുപോയില്ല' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ആ രക്തം മാഞ്ഞുപോയില്ല - ഉറൂബ് 
മൂന്നു തലമുറകളുടെ കഥ പറയുന്ന നോവലാണ് ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', ഈ നോവലിലെ ഒരു ഭാഗമാണ് പാഠഭാഗം. ഒരു ചരിത്ര ക്ലാസ് മുറിയാണ് പാഠഭാഗത്ത് ആദ്യം കാണുന്നത്. ഇന്ത്യയെ കൊള്ളയടിച്ചതിന് ബ്രിട്ടീഷ് പാർലമെന്റ് വിചാരണ ചെയ്ത ക്ളൈവിനെ കള്ളനും തെമ്മാടിയും ആയിട്ടാണ് വിദ്യാർത്ഥിയായ കുഞ്ഞിരാമൻ ക്ലാസിലെ ചർച്ചകളിൽ പറഞ്ഞത്.
വിദ്യാലയത്തിന്റെ അടുത്തുള്ള തുണിക്കടയിൽ പിക്കറ്റിംഗ് നടത്തുന്ന വടക്കൻ നമ്പ്യാർ പോലീസിന്റെ ബൂട്ട്സ് കൊണ്ടുള്ള ചവിട്ടേറ്റ് വീണപ്പോൾ ഇത്തിരി വെള്ളം കൊടുക്കാൻ ആരും ധൈര്യം കാണിക്കുന്നില്ല. ആ സമയത്ത് നമ്പ്യാർക്ക് കുഞ്ഞിരാമൻ വെള്ളം കൊടുക്കുന്നു. ശുശ്രൂഷിക്കുന്നു. പിറ്റേന്ന് നീ രാജ്യം പിടിക്കാൻ പോകുന്നോ എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിന് അതൊരു
സ്കൗട്ടിന്റെ ചുമതലയാണെന്ന് അവൻ ധീരമായി മറുപടി പറഞ്ഞു. നോവൽഭാഗത്തെ പ്രധാന കഥാപാത്രമായ കുഞ്ഞിരാമൻ വിദ്യാലയ
കാലഘട്ടത്തിൽ എങ്ങനെയായിരുന്നു എന്ന് കാണിച്ചു തരികയാണ് 'ആ രക്തം മാഞ്ഞുപോയില്ല...' എന്ന പാഠഭാഗത്ത്. നാട്ടിൽ പ്രചരിച്ചിരുന്ന ബ്രിട്ടീഷ് വിരോധം വിദ്യാർത്ഥികളിലേക്ക് സംക്രമിക്കുന്നതും ചരിത്രക്ലാസുകളിൽ അതിന്റെ അലകൾ പ്രത്യക്ഷപ്പെടുന്നതും കുഞ്ഞിരാമൻ എന്ന വിദ്യാർത്ഥിയുടെ ധീരമായ നിലപാടുകളുമാണ് ഈ പാഠഭാഗത്തുള്ളത്.

♦ വായിക്കാം പറയാം
♦ “ചരിത്രം പഠിപ്പിക്കുന്നിടത്ത് അതിന്റെ അലകൾ പ്രത്യക്ഷപ്പെട്ടു.'' - എന്തിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്?
നാട്ടിൽ പ്രചരിച്ചിരുന്ന ബ്രിട്ടീഷ് വിരോധം ക്ലാസ് റൂമിലേക്കും വിദ്യാർത്ഥികളിലേക്കും സംക്രമിക്കുകയായിരുന്നു. ഉപ്പുസതഗ്രഹവും വിദേശവസ്ത്ര ബഹിഷ്കരണവും ഹരിജനപ്രസ്ഥാനവും എല്ലാം വിദ്യാർത്ഥികൾ തികച്ചും മനസ്സിലാക്കിയിരുന്നില്ലെങ്കിലും പഠിപ്പിക്കുന്നേടത്ത് അതിന്റെ അലകൾ പ്രത്യക്ഷപ്പെട്ടു.

♦ ക്ലൈവിനെക്കുറിച്ച് കുഞ്ഞിരാമന്റെ അഭിപ്രായവും അതിന് മാസ്റ്റർ നൽകിയ മറുപടിയും എന്തായിരുന്നു?
ക്ലൈവ് കള്ളനും തെമ്മാടിയുമായിരുന്നു എന്ന് കുഞ്ഞിരാമൻ ക്ലാസിലെ ചർച്ചകൾക്കിടയിൽ ഉറക്കെ പറഞ്ഞു. ക്ളൈവിനു പകരം വേറൊരാൾ ആയിരുന്നെങ്കിലും അങ്ങനെയൊക്കെ തന്നെ ആയിരിക്കും ചെയ്യുക എന്നായിരുന്നു മാസ്റ്ററുടെ മറുപടി.

♦ “അപ്പോഴും തേനീച്ചക്കൂട് മൂളുകയാണ്''. ഇവിടെ എന്തിനെയാണ് തേനീച്ചക്കൂടിന്റെ മൂളലായി പറഞ്ഞിരിക്കുന്നത്? 
സാമ്രാജ്യം സ്ഥാപിക്കാനും കച്ചവടം ഉറപ്പിക്കുവാനുമാണ് പടിഞ്ഞാറൻ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയത്. അതുപോലെ ഇന്ത്യയിലും വന്നു. അതുകൊണ്ട് ആ ക്ലൈവ് അല്ലെങ്കിൽ വേറൊരു ക്ലൈവ് എന്ന മാസ്റ്ററുടെ പ്രസ്താവനയെ ചൊല്ലി പിൻബെഞ്ചിൽ ഒരു വലിയ വാദപ്രതിവാദം തന്നെ നടന്നു. ചോദ്യങ്ങൾ ഉടലെടുക്കുന്നത് കുഞ്ഞിരാമനിൽ നിന്നാണ്. അവ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് പ്രചരിച്ചു. ഒരു തേനീച്ചക്കൂട് പോലെ ക്ലാസ് മുറി ബഹളമയമായി.

♦ ''പത്രം വായിക്കരുതെന്ന് ഒരാധ്യാപകന് വിദ്യാർഥികളോട് പറയാമോ?'' - പത്രത്തിലെ വാർത്തകളെന്തെല്ലാമായിരുന്നു? അവ വായിച്ചാൽ ഉള്ള കുഴപ്പമെന്തായിരിക്കും?
സ്വാത ന്ത്ര്യ സമരത്തിന്റെ വാർത്തകൾ പത്രങ്ങളിൽ വരുന്നുണ്ടായിരുന്നു. അതിന്റെ അലകൾ ജാലകപ്പഴുതുകളിലൂടെ സ്കൂൾമുറിയിലേക്കും വരുന്നു. അവ വിദ്യാലയപരിസരങ്ങളെ സ്പർശിക്കാതിരിക്കാൻ അധ്യാപകർ കൂടുതൽ കരുതലുകൾ ഏർപ്പെടുത്തി. സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളുടെ വാർത്തകൾ വിദ്യാർത്ഥികളെ കൂടുതാൾ സമരാത്സുകരാക്കുമെന്നതുകൊണ്ടാണിത്.

♦ “പിടിക്ക്, രാജ്യം പിടിക്ക്'' ഇൻസ്‌പെക്ടറുടെ ഈ പരിഹാസത്തിന്റെ സന്ദർഭമെന്താണ്? 
വിദേശവസ്ത്രബഹിഷ്കരണത്തിന്റെ ഭാഗമായി സ്കൂളിനടുത്തുള്ള തുണിക്കടയിൽ പിക്കറ്റിങ് സമരത്തിന് എത്തിയ വടക്കൻ നമ്പ്യാരെ പോലീസ് സ്കൂളിന് കിഴക്കു പുറത്തുള്ള ഒരു ഒഴിഞ്ഞ പാടത്തേക്ക് കൊണ്ടുപോയി. 'നിന്റെ രാജ്യം ഒക്കെ പിടിച്ചുകഴിഞ്ഞോടാ, ഇവിടേക്ക് വരാൻ?' എന്ന് ഇൻസ്പെക്ടർ നമ്പ്യാരോട് പറയുകയും ബുട്ട്സിട്ട കാലുകൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. നമ്പ്യാർ മറിഞ്ഞുവീണു. ബോധരഹിതനായിക്കിടക്കുന്ന നമ്പ്യാരെ നോക്കി ഇൻസ്പെക്ടർ കിതച്ചുകൊണ്ട് പറഞ്ഞത് 'പിടിക്ക്, രാജ്യം പിടിക്ക്' എന്നതായിരുന്നു. രാജ്യത്തിനുവേണ്ടി പോരാടുന്നവരെ പരിഹസിക്കുന്ന വാക്കുകളായിരുന്നു ഇത്.

♦ ''എന്നിട്ടും അയാൾ അടി കൊടുക്കാനല്ല, കൊള്ളാനാണ് വന്നത്.'' ഈ വാക്യത്തിലെ ''എന്നിട്ടും'' എന്ന പ്രയോഗം കൊണ്ട് എന്താണ് അർഥമാക്കുന്നത്?
പോലീസ് പോയപ്പോൾ പതുങ്ങിനിന്ന ആൾക്കൂട്ടം വയലിൽ വീണുകിടക്കുന്ന വടക്കൻ നമ്പ്യാരാടെ അടുത്തേക്ക് വന്നു ആ ചെറുപ്പക്കാരന്റെ ശരീരം കണ്ട് അവർ അത്ഭുതം കൂറി. ഒരുകോൽ വീതിയുള്ള മാറിടം! ദീർഘ ബലിഷ്ഠങ്ങളായ കൈകൾ! കുടുങ്ങിയ അരക്കെട്ട്! ചന്ദനത്തിന്റെ വർണ്ണം! ഒരൊറ്റ അടിക്ക് അഞ്ചുപേരെ തെറുപ്പിക്കാവുന്ന ശക്തി എന്നിട്ടും അയാൾ അടി കൊടുക്കാൻ അല്ല കൊള്ളാനാണ് വന്നത്.
ഇവിടെ കരുത്തൻ ആയിട്ടും പോലീസിനെതിരെ ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ തന്റെ കായികശക്തി കൊണ്ടോ എതിരിടാൻ നിൽക്കാതിരുന്ന വടക്കൻ നമ്പ്യാരെ സ്തുതിച്ചു കൊണ്ടാണ് ജനങ്ങൾ മനസ്സിൽ ഇത്രയും മൊഴിഞ്ഞത്. ആ അർഥത്തിലാണ് ഇവിടെ ''എന്നിട്ടും'' എന്ന പ്രയോഗം പ്രസക്തമാകുന്നത്. 

♦ ''പെട്ടെന്ന് വെള്ളവുമായി ഒരു ചെറുക്കൻ പാടത്തേക്കിറങ്ങി. ആളുകൾ അത്ഭുതപ്പെട്ടു.'' എന്തുകൊണ്ടാണ് ആളുകൾ അത്ഭുതപ്പെട്ടത്?
ഇൻസ്പെക്ടറുടെ ബൂട്സിട്ട കാലുകൾ കൊണ്ട് ഇടിയും ചവിട്ടും കിട്ടിയ വടക്കൻ നമ്പ്യാരുടെ ശരീരത്തിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന് അല്പം വെള്ളം കൊടുക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല. കച്ചവടക്കാരും കൃഷിക്കാരും നോക്കിനിന്ന് കാഴ്ച കാണുകയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് വെള്ളവുമായി ഒരു ചെറുക്കൻ പാടത്തേക്ക് ഇറങ്ങുകയും നമ്പ്യാരുടെ മുഖത്തേക്ക് വെള്ളം തളിച്ച് ബോധം വന്നപ്പോൾ കുടിക്കാൻ വായിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തത്. മറ്റു വിദ്യാർത്ഥികളും കൂടി താങ്ങിയെടുത്ത് തണലത്ത് കൊണ്ടുപോയി കിടത്തി ശുശ്രൂഷിച്ചു. ഈ ധൈര്യം കണ്ടാണ് ആളുകൾ അത്ഭുതപ്പെട്ടത്.

♦ പറയാതെ പറയുമ്പോൾ...
♦ “പുറത്ത് കാറ്റടിച്ചു കൊണ്ടിരിക്കുകയാണ്.''
ഇവിടെ ''കാറ്റ്'' എന്ന വാക്ക് അതിന്റെ യഥാർഥ അർഥത്തിൽ അല്ല പ്രയോഗിച്ചിരിക്കുന്നത്. കാറ്റ് എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് കണ്ടെത്തു.
പാഠഭാഗത്ത് ഇതുപോലുള്ള പ്രയോഗങ്ങൾ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതു. അവ സൂചിപ്പിക്കുന്ന ആശയവും എഴുതണം.
പുറത്ത് കാറ്റടിച്ചു കൊണ്ടിരിക്കുകയാണ് എന്ന പ്രയോഗത്തിൽ കാറ്റ് ദേശീയപ്രസ്ഥാനത്തിന്റെ അലകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഒരു പ്രദേശത്ത് കാറ്റടിച്ചാൽ അതിന്റെ അലകൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കുമല്ലോ. അതുപോലെ സ്വാതന്ത്ര്യസമരത്തിന്റെ അലകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിയതുപോലെ ക്ലാസ് മുറികളിലേക്കും വ്യാപിച്ചു. ഇതുപോലെ ധാരാളം പ്രയോഗങ്ങൾ നോവൽഭാഗത്ത് കാണാം. അവയിൽ ഏതാനും ചിലത് താഴെക്കൊടുക്കുന്നു. 
• തേനീച്ചക്കൂടു പോലെ : ക്ലാസ് മുറികളിലെ ചർച്ചകൾ എപ്പോഴും
ശബ്ദമുഖരിതമായിരിക്കുമല്ലോ. ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായ ക്ലാസ് റൂം ചർച്ചകളാണ് സൂചിപ്പിക്കുന്നത്. അവയിൽ എതിരഭിപ്രായങ്ങളും ഉണ്ടാകാം. ഈ ചർച്ചകളെയാണ് തേനീച്ചക്കൂടു പോലെ എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്. 
• ചോറങ്ങും കൂറിങ്ങും : സർക്കാർ ഉദ്യോഗസ്ഥരായ അധ്യാപകർക്ക് ദേശീയ പ്രസ്ഥാനത്തോട് യോജിപ്പാണെങ്കിലും അനുകൂലിച്ച് സംസാരിക്കാനാവില്ല. ആ അർഥത്തിൽ ബ്രിട്ടീഷ് സർക്കാരിനോട് എതിർപ്പുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ ആവില്ല. കാരണം അവർക്ക് ചോറ് നൽകുന്നത് സർക്കാർ ആണല്ലോ. പക്ഷേ അവരുടെ കൂറ് ദേശീയപ്രസ്ഥാനത്തോടാണ്.
• പിടിക്ക് രാജ്യം പിടിക്ക് : അധികാരിവർഗ്ഗത്തിന്റെ പടയാളികൾ പോലീസുകാർ കൂടിയാണ്. അവരെ സംബന്ധിച്ചിടത്തോളം രാജ്യം എന്നും ബ്രിട്ടീഷ് സർക്കാർ ആണ് ഭരിക്കുക എന്ന ഒരു ചിന്തയുണ്ട്. അതിനടിസ്ഥാനത്തിലാണ് അവർ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ആക്ഷേപിക്കുന്നത്. രാജ്യം പിടിക്ക് എന്ന് പറയുന്നത് ഒരിക്കലും പിടിച്ചെടുക്കാൻ ആവില്ല എന്ന അർത്ഥത്തിലാണ്. 
• കടഞ്ഞെടുത്ത തുള്ളികൾ: ഈ രാജ്യത്തിന് വേണ്ടി പോരാടുമ്പോൾ, അതിനായി ജീവൻ നൽകുമ്പോൾ ചിന്തിയ ചോരയെ കടഞ്ഞെടുത്ത ചോരയായി കാണുന്നു. ചോരത്തുള്ളികൾ ചിന്തിയത് ഒരു രാജ്യത്തിനു വേണ്ടിയാണ് എന്നുള്ള അർഥത്തിലാണ് കടഞ്ഞെടുത്ത തുള്ളികൾ എന്ന പ്രയോഗിച്ചിരിക്കുന്നത്. 
തല്ലിച്ചതച്ച സർപ്പം: ശക്തനായ വടക്കൻ നമ്പ്യാരുടെ കഴിവിനെയാണ് സർപ്പത്തോട് ഉപമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനവ്യാപ്തി വളരെ വിപുലമാണ്. മാത്രമല്ല ശാരീരികമായും അദ്ദേഹം ശക്തനാണ്. അതുകൊണ്ടുതന്നെ ഈ പ്രയോഗം വളരെ പ്രസക്തമാണ് താനും.

♦ തലക്കെട്ട് നിർദ്ദേശിക്കാം
♦ ഈ നോവൽഭാഗത്തിന് നൽകിയ തലക്കെട്ട് ''ആ രക്തം മാഞ്ഞുപോയില്ല'' എന്നതാണല്ലോ.
ശീർഷകത്തിന്റെ സവിശേഷതകൾ കണ്ടെത്താമോ? യോജിച്ച മറ്റൊരു ശീർഷകം നിർദ്ദേശിക്കൂ. എന്തുകൊണ്ട് അത് യോജിക്കുന്നു എന്നും പറയണം.
നോവൽഭാഗത്തെ ഏറ്റവും മർമ്മപ്രധാനമായ ഭാഗമാണ് വടക്കൻ നമ്പ്യാർ ഇൻസ്പെക്ടറുടെ തൊഴിയും ഇടിയും ഏറ്റ് രക്തം വാർന്നൊലിച്ച് പാടത്ത് കിടക്കുന്ന കാഴ്ച. ബൂട്ട്സ് ഇട്ട കാലുകൾ കൊണ്ട് ചവിട്ടേറ്റതിനാൽ വടക്കൻ നമ്പ്യാരുടെ ശരീരത്തിൽ നിന്നും രക്തം ഇറ്റിറ്റു വീഴുകയാണ്. പക്ഷേ ആ രക്തം മാഞ്ഞുപോകുകയില്ല. അത് വെറും രക്തമല്ല. ആത്മധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ്. അതുപോലെ വടക്കൻ നമ്പ്യാരുടെ രക്തം ആ പാടത്തു നിന്നു മാത്രമല്ല ജനങ്ങളുടെ മനസ്സിൽ നിന്നും മായില്ല. ഇങ്ങനെ ഈ തലക്കെട്ട് ഏറ്റവും ഉചിതമായി മാറുന്നു.
• മറ്റൊരു ശീർഷകം
അടങ്ങാത്ത അലയൊലികൾ
ഈ നോവൽഭാഗത്തിന് നിർദ്ദേശിക്കാവുന്ന മറ്റൊരു തലക്കെട്ടാണ് അടങ്ങാത്ത അലയൊലികൾ. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ വ്യാപിക്കുന്നതാണ് കഥാസന്ദർഭം നോവൽഭാഗത്തിന്റെ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്ന മികച്ച മറ്റൊരു തലക്കെട്ടാണിത്. ഈ ശീർഷകത്തിന്റെ വാക്കുകൾ തമ്മിൽ ചേർച്ചയുള്ളതും അർഥതലം വ്യാപ്തിയുള്ളതുമാണ്. 

♦ കുഞ്ഞിരാമനെക്കുറിച്ച്
കുഞ്ഞിരാമൻ എന്ന വിദ്യാർത്ഥിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. കുഞ്ഞിരാമനെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ പാഠഭാഗത്തുണ്ട്. നോക്കൂ..
• “ക്ലൈവ് കള്ളനും തെമ്മാടിയുമായിരുന്നു. സർ!” കുഞ്ഞി രാമൻ കയറിപ്പറഞ്ഞു.
• “സർ, ഈ കള്ളത്തരങ്ങളും കെട്ടുകഥകളും എത്ര കാലം പഠിക്കാം?"
• പെട്ടെന്ന് വെള്ളവുമായി ഒരു ചെറുക്കൻ പാടത്തേക്കിറങ്ങി. 
ഇങ്ങനെ കുഞ്ഞിരാമനെക്കുറിച്ച് എഴുത്തുകാരൻ നൽകുന്ന സൂചനകളെല്ലാം കണ്ടെത്തൂ. ഈ സൂചനകളിൽനിന്ന് കുഞ്ഞിരാമന്റെ പല സവിശേഷതകളും മനസ്സിലാക്കാൻ കഴിയും.
അവയെല്ലാം ഉൾക്കൊള്ളിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കൂ 
കഥാപാത്രനിരൂപണം 
പോരാളിയായ കുഞ്ഞിരാമൻ 
ഉറൂബിന്റെ പ്രശസ്ത നോവലാണ് സുന്ദരികളും സുന്ദരന്മാരും. ഈ നോവലിലെ ഒരു ചെറിയ ഭാഗമാണ് "ആ രക്തം മാഞ്ഞു പോയില്ല'' എന്ന തലക്കെട്ടിൽ പാഠഭാഗമായി ചേർത്തിട്ടുള്ളത്. ഈ പാഠഭാഗത്ത് വിദ്യാർത്ഥിയായ കുഞ്ഞിരാമൻ എല്ലാവരെയും ആവേശഭരിതരാക്കുന്ന ഒരു കഥാപാത്രമാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനകാലഘട്ടത്തിലാണ് ഇവിടെ കഥ നടക്കുന്നത്. കുട്ടികൾ ഒന്നും സമരരംഗത്ത് ഇല്ലാത്ത കാലഘട്ടമാണ്. പോരാളിയായ കുഞ്ഞിരാമൻ ക്ലാസിലെ മികച്ച വിദ്യാർത്ഥി മാത്രമല്ല ഒരു സ്കൗട്ട് താരം കൂടിയാണ്. ക്ലാസിലെ മിക്ക പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്ന ആളുമാണ്
കുഞ്ഞിരാമൻ.
വാർത്തകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ കാര്യങ്ങളെല്ലാം കുട്ടികളും അറിയുന്നുണ്ട്. ചരിത്രം പഠിക്കുന്ന സമയത്ത് അവർ ഈ കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് പാർലമെന്റ് കുറ്റവിചാരണയ്ക്ക് വിധേയനാക്കിയ റോബർട്ട് ക്ലൈവിനെക്കുറിച്ച് ആ ചർച്ചയ്ക്കിടയിൽ കുഞ്ഞിരാമൻ പറയുന്നത് ഇങ്ങനെയാണ്. ക്ലൈവ് കള്ളനും തെമ്മാടിയുമാണ്. പക്ഷേ ഇത്തരം ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാപകർ ആഗ്രഹിക്കുന്നില്ല. ക്ലൈവിന് പകരം ആരായിരുന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് അധ്യാപകൻ ആശ്വസിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെല്ലാം കള്ളന്മാർ ആണോ എന്ന് വീണ്ടും കുഞ്ഞിരാമൻ ചോദിക്കുന്നു. അവർ വന്നത് കച്ചവടത്തിനായാണ് അതുകൊണ്ടുതന്നെ അവർ ഇവിടം കീഴടക്കുകയും ചെയ്തു. അങ്ങനെ കീഴടക്കുന്നതിനിടയിൽ അവരിവിടത്തെ സമ്പത്തും കൊള്ളയടിച്ചിട്ടുണ്ടാകാം. ഈ ക്ലൈവ് അല്ലെങ്കിൽ മറ്റൊരു ക്ലൈവായാലും ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് അധ്യാപകൻ ഉറപ്പിച്ചുപറയുന്നു. അവരെ സംബന്ധിച്ചിടത്തോളം ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല. രാഷ്ട്രീയത്തിനുള്ള വേദിയല്ല സ്കൂളെന്ന് കുഞ്ഞിരാമനെ ബോധ്യപ്പെടുത്തുന്നുണ്ട് അധ്യാപകർ. കുഞ്ഞിരാമനെ താരമാക്കുന്നത് ഈ സംഭവം മാത്രമല്ല. അവന്റെ ധീരതയും സ്വഭാവ മികവും പ്രകടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി നടന്നു. വിദേശ വസ്ത്രബഹിഷ്കരണ സമരത്തിന്റെ ഭാഗമായി ഒരു തുണിക്കട പിക്കറ്റ് ചെയ്യാൻ വടക്കൻ നമ്പ്യാരും മറ്റൊരു പോരാളിയും എത്തി. സമരത്തിനിടയിൽ പോലീസ് വടക്കൻ നമ്പ്യാരെ വലിച്ചിഴച്ച് ഒരു പാടത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് ബൂട്ട്സ് ഇട്ട കാലുകൊണ്ട് ക്രൂരമായ മർദ്ദനത്തിന് വിധേയനാക്കി. അദ്ദേഹം ബോധംകെട്ട് ചോര ഒലിപ്പിച്ചുകൊണ്ട് ആ പാടത്ത് കിടന്നു. പോലീസ് പോയതിനു ശേഷം പലരും ആ ധീരനായ പോരാളിയെ കാണാൻ അവിടെ എത്തി. പക്ഷേ ഒരിറ്റു വെള്ളം കൊടുക്കാനോ അയാളെ ശുശ്രൂഷിക്കാനോ ആരും തയ്യാറായില്ല. ആ സമയത്താണ് ഒരുപാത്രം വെള്ളവുമായി കുഞ്ഞിരാമൻ പാടത്തേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് വെള്ളമിറ്റിച്ചു കൊടുക്കുകയും ബോധം വന്നപ്പോൾ ആവശ്യമായ ശുശ്രൂഷ നൽകുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. പിറ്റേദിവസം കുഞ്ഞിരാമനെ ചോദ്യം ചെയ്യാൻ പോലീസ് എത്തി. പോലീസ് ഇൻസ്പെക്ടറോട് വളരെ ചാരുതയോടെ താനൊരു സ്കൗട്ട് ആണെന്നും അപകടത്തിൽപെട്ട ആളെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും താൻ ആ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും സധൈര്യം സംസാരിക്കാൻ കുഞ്ഞിരാമൻ തയ്യാറായി. കുഞ്ഞിരാമന്റെ ധീരതയും സ്വഭാവമികവും പ്രകടിപ്പിക്കുന്ന സംഭവമായി ഇതിനെ കാണാം.
മറ്റുള്ളവരൊക്കെ നോക്കിനിൽക്കുമ്പോൾ തന്റേടത്തോടെ ഈ ധീര പ്രവൃത്തി ചെയ്യാൻ മനസ്സുകാട്ടിയ ഒരു മികച്ച വിദ്യാർത്ഥിയായി കുഞ്ഞിരാമനെ കാണാം. അധ്യാപകർ ചോറിങ്ങും കൂറങ്ങും എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ വളരെ തന്റേടത്തോടെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിർവഹിക്കാൻ അവൻ തയ്യാറാകുന്നു. മാത്രമല്ല സ്വാതന്ത്ര്യ പോരാളികളോടുള്ള അവന്റെ കൂറും ഇവിടെ അവൻ കാണിച്ചു തരുന്നു. ഇങ്ങനെ ഏവർക്കും മാതൃകയായ കഥാപാത്രമായി കുഞ്ഞിരാമൻ മികച്ചു നിൽക്കുന്നു.

♦ ഭാഷയുടെ ഭംഗിയും കരുത്തും
♦ ''അവരുടെ ബൂട്ട്സിന്റെ അടിയിലെ ആണികൾ തട്ടി .... അയാൾ മോഹാലസ്യപ്പെട്ടിരുന്നു.''
പാഠഭാഗത്തിലെ ഈ ഖണ്ഡിക ഒന്നുകൂടി വായിക്കൂ. ഇൻസ്പെക്ടറുടെ ചവിട്ടേറ്റ് ചോരയൊഴുകി ബോധരഹിതനായി കിടക്കുന്ന വടക്കൻ നമ്പ്യാരെക്കുറിച്ചാണ് ഉറൂബ് ഈ ഖണ്ഡികയിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിവരണത്തിലൂടെ ചൂഷണത്തിനും മർദ്ദനങ്ങൾക്കും എതിരായി ലോകത്തു നടന്ന സമരങ്ങളുടെ വലിയൊരു ചരിത്രം തെളിഞ്ഞു വരുന്നുണ്ട്.
ഇതിൽനിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ക്ലാസിൽ ചർച്ച നടത്തു.
ചർച്ചാസൂചനകൾ
ബൂട്സിന്റെ ചവിട്ടേറ്റ് വടക്കൻ നമ്പ്യാരുടെ ശരീരത്തിൽ അടക്കം വലിയ പരിക്കുകൾ ഉണ്ടായി എന്ന് സൂചിപ്പിക്കാനാണ് ഭൂമിയിൽ തുളകൾ ഉണ്ടായി എന്ന് പ്രയോഗിച്ചിരിക്കുന്നത്. ഭൂമിയിൽ ഇത്രമാത്രം പരിക്കുകൾ ഉണ്ടെങ്കിൽ നേരിട്ട് ചവിട്ടേറ്റ വടക്കൻ നമ്പ്യാർക്ക് എത്രമാത്രം പരിക്കുകൾ അവ ഏൽപിച്ചിട്ടുണ്ടാകും എന്ന് ഇതുവഴി വ്യക്തമാണ്. നേരിട്ട് വടക്കൻ നമ്പ്യാരുടെ കാര്യം പറയാതെ പകരം ഭൂമിയിൽ തുളകൾ ഉണ്ടായി എന്നാണ് എഴുത്തുകാരൻ പറയുന്നത്. ഇത് ഭൂമിയിൽ ആഴത്തിൽ മുറിവുകൾ ഉണ്ടായി എന്ന് സൂചിപിക്കുന്നതിന് തുല്യമാണ്. വടക്കൻ നമ്പ്യാരുടെ പരിക്ക് വളരെയധികം ഹൃദയഭേദകമാണ് എന്നുകൂടി സൂചിപ്പിക്കാനും ഈ പ്രയോഗത്തിലൂടെ കഴിയുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം കേവലം ഏതെങ്കിലും ഒരു നേതാവിന്റെ പ്രവർത്തനം മാത്രമല്ല എന്ന് നമുക്കറിയാം. അതൊരു ജനതയുടെ മുന്നേറ്റത്തിന്റെ കഥയാണ് നമുക്ക് പറഞ്ഞുതരുന്നത്. മഹാത്മാഗാന്ധിയുടെ നേത്യത്വത്തിൽ ഹിംസയിലും സത്യഗ്രഹത്തിലും ഊന്നിക്കൊണ്ട് ജനസഹസ്രങ്ങൾ ഏറ്റെടുത്ത ഒരു സമരം ആയിരുന്നു അത്. സമരത്തിൽ പങ്കെടുത്തവർ അവരുടെ ജീവൻ സമർപ്പിച്ചു കൊണ്ടാണ് അതിമഹത്തായ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്നത്. ഇതിനെ സൂചിപ്പിക്കുന്ന വരികളാണ് ഭൂമിയിൽ നിക്ഷേപിക്കുന്ന വിത്തുകൾ എന്നത്.
കെ. തായാട്ടിന്റെ 'നാം ചങ്ങല പൊട്ടിച്ച കഥ' എന്ന പുസ്തകത്തിൽ ഇതുപോലുള്ള സമരചരിത്രങ്ങളുണ്ട്. അവ വായിച്ച് വായനാനുഭവം ക്ലാസിൽ പങ്കുവയ്ക്കു. 
കെ തായാട്ടിന്റെ നാം ചങ്ങല പൊട്ടിച്ച കഥ എന്ന പുസ്തകത്തെക്കുറിച്ച്...
സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് മലയാളത്തിൽ ഒട്ടേറെ കൃതികൾ രചനകളായും വിവർത്തനങ്ങളായും ലഭ്യമാണെങ്കിലും, കെ. തായാട്ടിന്റെ 'നാം ചങ്ങല പൊട്ടിച്ച കഥ' അതിന്റെ പ്രതിപാദനത്തിലെ സവിശേഷതകൊണ്ടും സമഗ്രതകൊണ്ടും വേറിട്ടുനിൽക്കുന്നു. കുട്ടികൾക്കായി രചിക്കപ്പെട്ട ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമരചരിത്രത്തെ അടുക്കും ചിട്ടയോടും കൂടി, കഥപറയുന്ന ശൈലിയിൽ, ലളിതമായി അവതരിപ്പിക്കുന്നു. സാധാരണയായി, ഇന്ത്യൻ സ്വാതന്ത്ര്യസമരം 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947 വരെയുള്ള 90 വർഷത്തെ സമരധാരകളാണ്. എന്നാൽ, ഈ കൃതി ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭം കുറിച്ച 1757ലെ പ്ലാസിയുദ്ധം തൊട്ടുള്ള കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ചരിത്രത്തിന് ആഴത്തിലുള്ള അടിത്തറ നൽകുന്നു.
സാമാന്യം ദീർഘമായ ഈ ചരിത്രാഖ്യാനത്തിൽ, പ്രാധാന്യം അർഹിക്കുന്ന ഒരു സംഭവവും ഒഴിവാക്കിയിട്ടില്ല എന്നത് ഇതിന്റെ സമഗ്രത ഉറപ്പാക്കുന്നു.
മിക്ക സ്വാതന്ത്ര്യസമര ചരിത്രങ്ങളിലും വടക്കേ ഇന്ത്യയിലെ സംഭവങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എന്നാൽ, 'നാം ചങ്ങല പൊട്ടിച്ച കഥ' ഈ പോരായ്മ പരിഹരിക്കുന്നു. കേരളത്തിലെ കുട്ടികൾക്ക് നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ താത്പര്യം ഉണർത്തുന്നതിനായി രചിച്ച ഈ ഗ്രന്ഥത്തിൽ, വേലുത്തമ്പി ദളവയുടെയും പഴശ്ശിരാജയുടെയും സാഹസികപ്രവൃത്തികളടക്കം സ്വാതന്ത്ര്യം ലക്ഷ്യമാക്കി കേരളത്തിൽ നടന്ന എല്ലാ പ്രധാന സംഭവങ്ങളും കഥാപാത്രത്തിൽ ഇണക്കിച്ചേർത്തിട്ടുണ്ട്.
സ്വാതന്ത്ര്യസമര വീഥിയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നുപോലും ഗ്രന്ഥകാരൻ വിട്ടുകളഞ്ഞിട്ടില്ല. ഇതിൽ ഉൾപ്പെടുന്ന പ്രധാന ചരിത്രസംഭവങ്ങൾ ഇവയാണ്:
1857: ഒന്നാം സ്വാതന്ത്ര്വസമരം.
1885: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണം. 
1905: ബംഗാൾ വിഭജനം.
1914 - 18: ഒന്നാം ലോകയുദ്ധം.
1919: ജാലിയൻവാലാബാഗ് കൂട്ടക്കൊല.
1924: വൈക്കം സത്യഗ്രഹം.
1927: സൈമൺ കമ്മീഷൻ, ഉപ്പുസത്യഗ്രഹം.
1930 - 32: വട്ടമേശ സമ്മേളനങ്ങൾ.
1942: ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം.
1947: അർധരാത്രിയിലെ സ്വാതന്ത്ര്യപ്രാപ്തി.
ഇന്ത്യൻ നവോത്ഥാന നായകന്മാർ, സാമൂഹിക പരിഷ്കർത്താക്കൾ, വിപ്ലവകാരികൾ, പ്രധാനമന്ത്രിമാർ തുടങ്ങി ഒട്ടേറെ മഹത് വ്യക്തിത്വങ്ങൾ ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നു. 'നാം ചങ്ങല പൊട്ടിച്ച കഥ' എന്ന കൃതി ബാലസാഹിത്യശാഖ യിലാണ് ഉൾപ്പെടുന്നതെങ്കിലും, ഇന്ത്യാചരിത്രത്തിൽ തൽപരരായ മുതിർന്നവർക്കും ഇതൊരു ഉത്തമ പഠനസഹായിയാണ്. ചരിത്രവിദ്യാർഥികൾക്കും പൊതുവായനക്കാർക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ലളിതവും എന്നാൽ സമഗ്രവുമായ അറിവ് നേടാൻ ഈ പുസ്തകം സഹായിക്കുന്നു. ഈ കൃതിയുടെ രചയിതാവായ തായാട്ട് കുഞ്ഞനന്തൻ എന്ന കെ. തായാട്ട് ഒരു സ്കൂൾ അധ്യാപകൻ എന്ന നിലയിലും, സാഹിത്യകാരൻ, നാടകനടൻ, നാടകകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങൾക്കു പുറമെ മികച്ച അധ്യാപകർക്കുള്ള കേന്ദ്ര സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

♦ ഒരൊറ്റയടിക്ക് അഞ്ചുപേരെ തെറിപ്പിക്കാവുന്ന ശക്തി ആ കൈകളിൽ ഒതുങ്ങിക്കിടപ്പുണ്ടെന്ന് സ്പഷ്ടം.
എന്നിട്ടും അയാൾ അടി കൊടുക്കാനല്ല, കൊള്ളാനാണ് വന്നത്. അഹിംസയിലധിഷ്ഠിതമായ ഒരു സമരത്തെക്കുറിച്ചുള്ള സൂചനകളാണോ ഈ വാക്യത്തിലുള്ളത്? വിശദമാക്കുക.
തുണിക്കട പിക്കറ്റ് ചെയ്യാൻ വന്ന നമ്പ്യാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സുഭഗനും ദൃഢകായനുമാണ് അയാൾ. പിക്കറ്റിങ്ങിനിടെ പോലീസ് എത്തുകയും നമ്പ്യാരെ സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയി നിഷ്ഠൂരമായി മർദ്ദിക്കുകയും ചെയ്തു. ഒരൊറ്റയടിക്ക് അഞ്ചുപേരെ തെറിപ്പിക്കാനുള്ള ശക്തി അയാളുടെ കൈകളിൽ ഒതുങ്ങിക്കിടപ്പുണ്ട്. പക്ഷേ അയാൾ തിരിച്ച് ആക്രമിക്കാതെ അടികൊള്ളുക മാത്രമാണ് ചെയ്തത്. അഹിംസാമാർഗത്തിലൂടെ സമരത്തിൽ പങ്കെടുക്കുക എന്ന തീരുമാനത്തിൽ ധീരമായി ഉറച്ചു നിൽക്കുകയാണ് നമ്പ്യാർ. ആ ധീരതയെയാണ് എഴുത്തുകാരൻ ഇവിടെ ഉയർത്തിക്കാട്ടുന്നത്.

♦ ആ രക്തം മാഞ്ഞുപോയില്ല... എന്ന ശീർഷകത്തിന് ഏറ്റവും യോജിക്കുന്ന ആശയം താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
(A) അയാളുടെ പ്രവർത്തനം വെറുതെയായില്ല. 
(B) രക്തപ്പാടുകൾ മായാതെ കിടന്നു.
(C) രക്തപാടുകളെ ഒരിക്കലും മായ്ക്കാൻ കഴിയില്ല. 
(D) ധീരനായ പോരാളിയാണ് നമ്പ്യാർ.
ഉത്തരം: (B) അയാളുടെ പ്രവർത്തനം വെറുതെയായില്ല. 

♦ 'ക്ലൈവ് കള്ളനും തെമ്മാടിയുമായിരുന്നു, സർ'
വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന രാജ്യസ്നേഹം ആണോ ഈ വാക്യം വ്യക്തമാക്കുന്നത്? വിശദമാക്കുക. 
രാജ്യത്ത് സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ ആഞ്ഞുവീശുമ്പോൾ അതിന്റെ ചലനങ്ങൾ വിദ്യാർത്ഥികളിലും എത്തിക്കൊണ്ടിരുന്നു. ക്ലൈവ് കള്ളനും തെമ്മാടിയുമാണ് എന്ന കുഞ്ഞിരാമന്റെ വാക്കുകൾ വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന ദേശസ്നേഹത്തിന് തെളിവാണ്. എന്നാൽ അത്തരം വികാരങ്ങളെ അടിച്ചമർത്താനാണ് അധ്യാപകർ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിനുള്ള വേദിയല്ല സ്കൂൾ എന്ന നിലപാട് അധ്യാപകർ സ്വീകരിക്കുന്നു. പക്ഷേ, ഇതൊന്നും രാജ്യസ്നേഹികളായ വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നില്ല. ഇതിനു തെളിവാണ് തുടർന്ന് പോലീസ് മർദ്ദനത്തിനിരയായ നമ്പ്യാർക്ക് വെള്ളം കൊടുക്കാനും ശുശ്രൂഷിക്കാനും കുഞ്ഞിരാമനും മറ്റു ചിലരും തയാറാകുന്നത്. 

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments