SCERT KERALA STD VI Malayalam AT (കേരളപാഠാവലി) Unit 02 നടുകിൽ തിന്നാം - Chapter 3 - തൊഴിലിന്റെ രുചി, ഭാഷയുടെയും - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 6 കേരള പാഠാവലി - Unit 02 നടുകിൽ തിന്നാം: പാഠം 03 - തൊഴിലിന്റെ രുചി, ഭാഷയുടെയും - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ
'നടുകിൽ തിന്നാം' എന്ന യൂണിറ്റിലെ 'തൊഴിലിന്റെ രുചി, ഭാഷയുടെയും' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

♦ തൊഴിലിന്റെ രുചി, ഭാഷയുടെയും - ദറക്സ പർവീൺ
ബീഹാറിൽ നിന്നും അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദറക്സ പർവീൺ കേരളത്തിലെത്തുന്നത്. ഏഴാംക്ലാസിലെത്തിയതോടെ അവൾ മലയാളത്തിൽ മിടുക്കിയായി. പഠിക്കാനും അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനും കേരളത്തിലെ വിദ്യാഭ്യാസത്തിലൂടെയാണ് സാധിച്ചതെന്ന് ദറക്സ പറയുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ കൂട്ടുകാരിയായിരുന്ന പുഷ്പയ്ക്ക് മലയാളത്തിൽ ദറക്സ എഴുതിയ കത്താണ് ഈ പാഠഭാഗം.

♦ കണ്ടെത്താം പറയാം

♦ ദറക്സയ്ക്കു മലയാളത്തിനോടു താൽപര്യമുണ്ടാക്കിയ ഘടകങ്ങളെന്തെല്ലാമാണ്?
മറുനാട്ടിൽനിന്നു വന്ന കുട്ടികൾക്ക് മലയാളം പഠിക്കാൻ വേണ്ടി തുടങ്ങിയ പദ്ധതിയാണ് ദറക്സയ്ക്ക് സഹായമായത്. മലയാളം പഠിക്കാനും ഇഷ്ടപ്പെടാനും ദറക്സയെ പ്രേരിപ്പിച്ചത് സ്കൂളിലെ മലയാളം ക്ലാസുകളും കൂട്ടുകാരുമാണ്.

♦ സ്കൂളിൽ ദറക്സ എന്തെല്ലാം പണികളാണ് ചെയ്ത് പരിശീലിച്ചത്?
പല നിർമ്മാണപ്രവർത്തനങ്ങളും ചെയ്തുനോക്കി, പരിശീലിച്ചു. പലതരം പെയിന്റിംഗ് വർക്കുകളും എംബ്രോയ്റിയുമെല്ലാം പഠിച്ചെടുത്തു. കൗതുകവസ്തുക്കൾ നിർമ്മിച്ച് സ്കൂളിൽ വരുന്ന അതിഥികൾക്കു സമ്മാനമായി നൽകിയിരുന്നു. തുടർന്ന് തയ്യൽപ്പണിയും ചെയ്തു. 

♦ “എനിക്കിപ്പോൾ ഏതു നാട്ടിൽച്ചെന്നാലും ഈ ജോലി തുടരാൻ കഴിയുമെന്ന വിശ്വാസമുണ്ട്.'' ദറക്സ ഇങ്ങനെ പറയാനെന്താവും കാരണം? എന്തെല്ലാമാണ് അവളുടെ പ്രതീക്ഷകൾ?
സ്കൂൾ യൂണിഫോം തയ്യലും പുതിയ ഫാഷനുകളിലുള്ള ഡ്രസ്സുകൾ ഡിസൈൻ ചെയ്തുണ്ടാക്കലുമൊക്കെയായി ഇപ്പോൾ ധാരാളം ജോലിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതൊക്കെ പരിചയപ്പെടുത്തുന്നതും പുതിയ ഓർഡറുകൾ എടുക്കുന്നതും അതുകൊണ്ടുതന്നെ നാട്ടിൽ വന്നാലും ഈ ജോലി തുടരാനാവുമെന്ന് ദറക്സ വിശ്വസിക്കുന്നു.

♦ കേരളത്തിന്റെ സവിശേഷതകളായി ദറക്സ കണ്ടെത്തിയ കാര്യങ്ങളെന്തെല്ലാമാണ്?
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വലിയ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കുന്ന നാടാണ് കേരളമെന്ന് ദറക്സ പറയുന്നു. ഇവിടെ പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാനും പഠിക്കാനുമുള്ള അവസരങ്ങളുണ്ട്.

♦ മറക്കില്ലൊരിക്കലും

♦ “ഹാ ! അന്നുണ്ടായ ഒരു സന്തോഷം"
സ്വന്തമായി തയ്യൽമെഷീൻ കിട്ടിയ ദിവസത്തെക്കുറിച്ച് ദറക്സ ഇങ്ങനെയാണ് പ്രതികരിച്ചത്. അന്ന് ദറക്സ എഴുതാനിടയുള്ള ഡയറി എഴുതിനോക്കു.
തീയതി
ഇന്നത്തെ ദിവസം എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കുക വയ്യ! ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, എന്റെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരും ഇഷ്ടപ്പെടുന്ന മംഗളഭായി ടീച്ചർ എനിക്ക് ഒരു തയ്യൽമെഷീൻ വാങ്ങിത്തരുമെന്ന്. എന്തൊരു ആഘോഷമായിരുന്നു സ്കൂളാകെ! വാർത്ത അറിഞ്ഞ പിടിഎ പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് വന്നാണ് എനിക്ക് ഉപഹാരം സമ്മാനിച്ചത്. മുമ്പൊരിക്കൽ പാവപ്പെട്ട പത്ത് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം തയ്ച്ചുനൽകിയതിന് പ്രസിഡന്റും പിന്നീട് സംസാരിച്ച എല്ലാവരും എന്നെ പുകഴ്ത്തിയത് സന്തോഷക്കണ്ണീരോടെയാണ് ഞാൻ കേട്ടത്. അത്തരം പ്രവർത്തനം ഇനിയും എനിക്ക് തുടരണം. എന്നാലും എനിക്കീ സമ്മാനം നൽകിയ മംഗളഭായി ടീച്ചറെ ഞാൻ ജീവിതകാലത്തൊരിക്കലും ഉറക്കില്ല.

♦ കത്തെഴുതാം

♦ ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി. മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദറക്സ പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് ഒരു കത്തെഴുതുക.
സ്ഥലം
തീയതി
പ്രിയ ദറക്സ,
ഞാൻ അനൂജ. തിരുവനന്തപുരം ഗവ: യു പി സ്കൂളിലെ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. മലയാളം കാസിൽ നിന്റെ അനുഭവം വായിച്ച സന്തോഷത്തിലാണ് ഈ കത്തെഴുതുന്നത്. ചേച്ചിക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു.
ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മകളായി കേരളത്തിലെത്തി മലയാളം പഠിച്ചതിൽ താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു. അതോടൊപ്പം ഇത്തരം കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ജോലി ഏറ്റെടുത്തതിനും അഭിനന്ദനം. അതിലെല്ലാമുപരിയായി ഫാഷൻ ഡിസൈനിംഗ് കോഴ്സ് ഈ ചെറിയ പ്രായത്തിൽ തന്നെ പഠിച്ച് സ്കൂൾ യൂണിഫോമും മറ്റു തയ്യൽ ജോലികളും ചെയ്യുന്ന ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത്തരം പ്രവർത്തനങ്ങൾ വളർന്നുവരുന്ന ഞങ്ങളെ പോലെയുള്ള കുട്ടികൾക്ക് ഒരു മാതൃകയാണ്. ചേച്ചിക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു. 
ഏറെ ഇഷ്ടത്തോടെ, 
അനൂജ 
ക്ലാസ് 6 എ
ഗവ: യുപി സ്കൂൾ 
തിരുവനന്തപുരം

♦ ഇന്നത്തെ തൊഴിലിടങ്ങൾ 
ആകെ വിയർത്തുതളർന്നും, പട്ടിണി 
പാകി വളർത്താൻ പണിചെയ്തും..
                 - (ഞങ്ങളുടെ മുത്തശ്ശി - വയലാർ)
ഒരുകാലത്ത് കേരളത്തിലെ തൊഴിൽരംഗത്ത് ഉണ്ടായിരുന്ന ദുഃഖകരമായ ഒരവസ്ഥയാണ് ഈ വരികളിൽ തെളിയുന്നത്. ഇന്നും ഈ അവസ്ഥ കേരളത്തിലെ തൊഴിൽമേഖലയിൽ ഉണ്ടോ?
യൂണിറ്റിലെ പാഠഭാഗങ്ങളിൽനിന്നും മനസ്സിലായ ആശയങ്ങളുടെയും നിങ്ങൾ കൂടുതലായി കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 'കേരളത്തിലെ തൊഴിലിടങ്ങൾ' എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക. തയ്യാറാക്കിയ പ്രസംഗം ക്ലാസിൽ അവതരിപ്പിക്കുമല്ലോ. 
പ്രിയമുള്ളവരേ,
ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ കേരളത്തിന്റെ ചരിത്രത്തെയും ഭാവിയെയും തൊട്ടു നിൽക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്, തൊഴിലുകൾ. കാലം മാറുമ്പോൾ തൊഴിലുകൾ എങ്ങനെ മാറിമറിയുന്നു എന്ന് നമുക്കൊന്ന് ചിന്തിച്ചുനോക്കാം.
നമ്മുടെ പൂർവ്വികരുടെ കാലത്ത്, കേരളത്തിലെ തൊഴിൽ മേഖല തികച്ചും വ്യത്യസ്തമായിരുന്നു. യന്ത്രങ്ങളേക്കാൾ മനുഷ്യന്റെ അധ്വാനത്തിനായിരുന്നു പ്രാധാന്യം. നെൽകൃഷിയും തെങ്ങുകൃഷിയുമായിരുന്നു പ്രധാന ഉപജീവനമാർഗങ്ങൾ.
പുരുഷന്മാരും സ്ത്രീകളും ഒരേപോലെ വയലുകളിൽ പണിയെടുത്തു. മത്സ്യബന്ധനം തീരദേശവാസികളുടെ പ്രധാന തൊഴിലായിരുന്നു. മീൻപിടിക്കാനും വിൽക്കാനും അവർ രാവും പകലും കഷ്ടപ്പെട്ടു.
കൈത്തൊഴിലുകൾക്ക് അന്ന് വലിയ സ്ഥാനമുണ്ടായിരുന്നു. മൺപാത്ര നിർമ്മാണം, കയർ പിരിക്കുന്നവർ, കൈത്തറി തൊഴിലാളികൾ ഇവരൊക്കെ നമ്മുടെ ഗ്രാമങ്ങളുടെ അഭിമാനമായിരുന്നു. ആശാരിമാർ, കൊല്ലന്മാർ, തട്ടാന്മാർ തുടങ്ങിയ പരമ്പരാഗത മേഖലയിലെ വിദഗ്ദ്ധർക്ക് സമൂഹത്തിൽ വലിയ അംഗീകാരമുണ്ടായിരുന്നു. അവരുടെ കരവിരുത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
കൂടാതെ, ചുമട്ടുതൊഴിലാളികളും കള്ളുച്ചെത്തുപോലുള്ള ജോലികളും സാധാരണമായിരുന്നു.
എന്നാൽ ഇന്ന് കാര്യങ്ങൾ എത്രമാത്രം മാറിയിരിക്കുന്നു! വിവരസാങ്കേതികവിദ്യയും ആഗോളവൽക്കരണവും നമ്മുടെ തൊഴിൽ മേഖലയെ അടിമുടി മാറ്റിമറിച്ചു. കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ പെരുകി.
വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും വലിയ വളർച്ച നേടി. ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, കൗൺസിലർമാർ എന്നിങ്ങനെ പുതിയ സ്പെഷ്യലൈസേഷനുകൾ ഉണ്ടായി. മീഡിയയും കമ്മ്യൂണിക്കേഷനും വളർന്നതോടെ ജേർണലിസ്റ്റുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഡിജിറ്റൽ മാർക്കറ്റർമാർക്കും അവസരങ്ങൾ തുറന്നു. കാർഷികമേഖലയിലും മാറ്റങ്ങളുണ്ടായി. യന്ത്രവൽക്കരണം വന്നതോടെ അധ്വാനം കുറഞ്ഞു. എങ്കിലും, ഓർഗാനിക് ഫാമിംഗ്, അഗ്രിടെക് പോലുള്ള പുതിയ ആശയങ്ങൾ കർഷകർക്കിടയിൽ പ്രചാരത്തിലായി. ടൂറിസം മേഖലയുടെ വളർച്ചയും ഹോട്ടൽ മാനേജ്മെന്റ്, ട്രാവൽ ഗൈഡ് പോലുള്ള പുതിയ തൊഴിലുകൾക്ക് വഴിയൊരുക്കി.
പഴയകാലത്തെ പല ശാരീരികാധ്വാനജോലികളും യന്ത്രങ്ങൾ ഏറ്റെടുത്തു. അതോടെ മനുഷ്യന് കൂടുതൽ ചിന്താപരവും ക്രിയാത്മകവുമായ ജോലികളിലേക്ക് മാറാൻ സാധിച്ചു. പഴയകാല തൊഴിലുകൾ നമ്മുടെ സമൂഹത്തിന്റെ അടിത്തറ പാകിയെങ്കിൽ, പുതിയകാല തൊഴിലുകൾ നമ്മെ ആഗോളതലത്തിലേക്ക് ഉയർത്തി. എന്നാൽ ഈ മാറ്റങ്ങളെ നാം എങ്ങനെ കാണണം? പഴയ തൊഴിലുകളെ തള്ളിപ്പറയണോ അതോ പുതിയതിനെ മാത്രം സ്വീകരിക്കണോ?
ഒരിക്കലുമല്ല! പഴയകാലത്തെ അധ്വാനവും അറിവും പുതിയ കാലത്തെ സാങ്കേതികവിദ്യയുമായി കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നത്. ഉദാഹരണത്തിന്, നമ്മുടെ പരമ്പരാഗത കൈത്തറി വ്യവസായത്തിന് ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ആഗോള വിപണി കണ്ടെത്താൻ സാധിക്കും. പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയമായി പഠിച്ച് ആധുനിക ആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്താം. ഓരോ കാലഘട്ടത്തിലെയും തൊഴിലുകൾ ആ സമൂഹത്തിന്റെ ആവശ്യങ്ങളെയും സാങ്കേതികവിദ്യയുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. നമ്മുടെ യുവതലമുറ പഴയകാലത്തെ അധ്വാനത്തിന്റെ മൂല്യം മനസ്സിലാക്കുകയും, പുതിയകാലത്തെ അവസരങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കുകയും വേണം. സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്കും സാമൂഹിക ബന്ധങ്ങൾക്കും പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല.
മാറ്റങ്ങളെ ഉൾക്കൊണ്ട്, പുതിയ അറിവുകൾ നേടിക്കൊണ്ട്, നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി ഓരോരുത്തർക്കും അവരവരുടേതായ സംഭാവനകൾ നൽകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.
നന്ദി.

♦ 'മലയാളിക്കുട്ടികൾ കലപില വർത്തമാനം പറയുമ്പോൾ കണ്ണുമിഴിച്ചു പോയിരുന്നു.' ദറക്സ ഇങ്ങനെ പറയാനിടയായ സാഹചര്യം എന്തായിരുന്നു?
ദറക്സ മലയാളം പഠിച്ചെടുത്ത കഥ ഓർക്കുന്നതാണ് സന്ദർഭം. നാലാംക്ലാസുവരെ നാട്ടിലെ സ്കൂളിൽ പഠിച്ച ദറക്സയ്ക്ക് ചെറിയ ക്ലാസുമുതൽ കേരളത്തിൽ പഠിച്ചവരെക്കാൾ വിഷമമായിരുന്നു മലയാളം പഠിക്കാൻ. എല്ലാവരും പറയുന്നതുപോലെ മലയാളം പറയാൻ ദറക്സയ്ക്ക് കൊതിയായിരുന്നു. മലയാളി കുട്ടികൾ കല പില വർത്തമാനം പറയുമ്പോൾ കണ്ണുമിഴിച്ചുപോയിരുന്നു എന്ന് പറയുന്നത് ഇതേക്കുറിച്ചാണ്.

♦ കണ്ണുമിഴിച്ചുപോയി എന്ന പ്രയോഗംകൊണ്ട് അർഥമാക്കുന്നത്?
അദ്ഭുതപ്പെട്ടുപോയി

♦ ദറക്സ പർവീൺ
ബീഹാർ ദർബംഗ സ്വദേശിയായ മുഹമ്മദ് അമീറിന്റെയും രാജിയഖാത്തോണിന്റെയും മകളാണ് ദറക്സ. പന്ത്രണ്ട് വർഷംമുമ്പാണ് ദറക്സയും മാതാപിതാക്കളും രണ്ട് സഹോദരന്മാരും എറണാകുളം ജില്ലയിലെ എടയാറിലെത്തുന്നത്. അന്യസംസ്ഥാനക്കാരായ കുട്ടികൾ പഠിക്കുന്ന ബിനാനിപുരം ഗവ. സ്കൂളിലാണ് ദറക്സയും സഹോദരന്മാരും പഠിച്ചത്. ഇപ്പോൾ ഇഗ്നോയിൽ ഹിന്ദി ബിരുദ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ദറക്സ. അതോടൊപ്പം ബിനാനിപുരം സ്കൂളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുകയും ചെയ്യുന്നു. അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്ക് എറണാകുളം ജില്ലാ ഭരണകേന്ദ്രം നടപ്പാക്കിയ റോഷ്നി പദ്ധതിയാണ് ദറക്സയ്ക്ക് തുണയായത്.
നാലുവരെ ബീഹാറിലായിരുന്നു ദറക് സയുടെ പഠനം. ആലുവ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ ചേർന്നു. ആദ്യം മലയാളം ബുദ്ധിമുട്ടായിരുന്നു. ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും പഠിച്ചെടുത്തു. പത്താംക്ലാസിൽ 89 ശതമാനം മാർക്കോടെ വിജയം നേടി. റോഷ്നി പദ്ധതിയുടെ ജില്ലാ കോഓർഡിനേറ്ററും ബിനാനിപുരം സ്കൂൾ അധ്യാപികയുമായിരുന്ന ഡോ.ജയശ്രീ കുളക്കുന്നത്ത് ദറക്സയ്ക്ക് പിന്തുണ നൽകി. തയ്യലിലും എംബ്രോയ്ഡറിയിലും ദറക്സയുടെ താൽപര്യം മനസ്സിലാക്കിയ മുൻ പ്രധാനാധ്യാപിക മംഗളഭായ് തയ്യൽ മെഷീൻ സമ്മാനിച്ചു. റോഷ്നി പദ്ധതിയുടെ വളന്റിയർ കൂടിയാണ് ദറക്സ.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments