SCERT KERALA STD VI Malayalam AT (കേരളപാഠാവലി) Unit 02 നടുകിൽ തിന്നാം - Chapter 2 - ഗാന്ധിജിയുടെ അതിഥി - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 6 കേരള പാഠാവലി - Unit 02 നടുകിൽ തിന്നാം: പാഠം 02 - ഗാന്ധിജിയുടെ അതിഥി - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ
'നടുകിൽ തിന്നാം' എന്ന യൂണിറ്റിലെ 'ഗാന്ധിജിയുടെ അതിഥി' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ഗാന്ധിജിയുടെ അതിഥി - വിഷ്ണുനാരായണൻ നമ്പൂതിരി 
ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ആയിരക്കണക്കിനാളുകൾ വീടും കുടിയും വെടിഞ്ഞ് ഇറങ്ങിത്തിരിച്ച കാലം.
ഒരു കുട്ടി ഗാന്ധിജിയെ കാണാൻ ആശ്രമത്തിലെത്തുന്നു. തനിക്ക് അച്ഛനുമമ്മയുമില്ലെന്നും തൊഴിലൊന്നും അറിയില്ലെന്നും വെറുതെയിരിക്കാൻ ആവില്ല എന്നും പറയുന്ന കുട്ടിയോട് മാതൃരാജ്യമായ ഭാരതം തൊഴിൽ നൽകും എന്ന് പറയുകയാണ് ഗാന്ധിജി. നൂറുകോടി ആളുകളെ പോറ്റിയിട്ടും ഇനിയും അമ്മയുടെ മടിയിൽ ഇടമുണ്ടെന്ന് പറയുന്ന ഗാന്ധിജി കുട്ടികൾ അവർക്കാവുന്ന രീതിയിൽ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടാകണമെന്നും ഓർമ്മിപ്പിക്കുന്നു. ഈ കവിതയുടെ ആശയം, ചോദ്യോത്തരങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ താഴെ നൽകുന്നു.

ഗാന്ധിജിയുടെ അതിഥി - കവിതയുടെ ആശയം 
മഹാരാഷ്ട്രയിലെ വാർദ്ധയിലെ ഗാന്ധിജിയുടെ ആശ്രമത്തിന്റെ പടികടന്ന് ഒരു പ്രഭാതത്തിൽ ഒരു കുട്ടി ചെല്ലുന്നു. കീറിപ്പൊളിഞ്ഞ വേഷവും തളർന്ന ഭാവവുമാണവന്. ചുറ്റുംകൂടിയ ആളുകളോട് അവന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.
'ഇക്ഷണം ബാപ്പുവെ കണ്ടിടേണം'
ബാപ്പുജിയെ ഉടൻ തന്നെ കാണണമെന്നാണ് അവൻ ആവശ്യപ്പെട്ടത്. അവിടെ കാര്യശാലയിൽ നൂറോളം ആളുകൾ വരിവരിയായി നിൽക്കുന്നുണ്ട്. ഒരു കൊച്ചുപായയിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് ചർക്കയിൽ നൂൽ നൂൽക്കുകയാണ് കർമ്മ യോഗിയായ ഗാന്ധിജി.
ആ കൊച്ചു സന്ദർശകനെ കണ്ട ഗാന്ധിജി അവനെ വേഗം അടുത്തു വിളിച്ചു വരുത്തി. അവനെ തലോടി. അപ്പോൾ സങ്കടംകൊണ്ട് വിങ്ങി പൊട്ടിയ അവൻ എന്റെ അച്ഛനും അമ്മയും പോയി, എനിക്കിനി ആരുമില്ല എന്നു പറഞ്ഞു. ബാക്കി പറഞ്ഞ് മുഴുമിപ്പിക്കാൻ അവന് കഴിയുന്നില്ല. അവനെ സമാധാനിപ്പിച്ചുകൊണ്ട് 
"കുഞ്ഞേ, കരയാതിരിക്കൂ! നമ്മുടെയാശ്രമവും ഞങ്ങളും നിനക്കുള്ളതാണ്. നീയിനി ഇവിടെ വിട്ട് എങ്ങും പോയിടേണ്ട'' എന്ന് ഗാന്ധിജി പറഞ്ഞു.
നേതാക്കളും പത്രക്കാരുമൊക്കെ പിരിഞ്ഞുപോയി. മഴയ്ക്കുശേഷവും വീശുന്ന കുളിർക്കാറ്റുപോലെ അവൻ മാത്രം ബാക്കിയായി. ഇപ്പോൾ ഗാന്ധിജിയുടെ അടുത്ത് കുട്ടി മാത്രമാണ് ഉള്ളത്. ആ രംഗത്തെ ചിത്രീകരിക്കാനാണ് കവി ഇപ്രകാരം പറഞ്ഞിരിക്കുന്നത്. എല്ലാവരും പോയതിനെ മഴ പെയ്തു തീർന്നതുപോലെ എന്നും അവന്റെ സാന്നിധ്യം ഗാന്ധിജിക്ക് ഒരു കുളിർത്തെന്നൽ പോലെ സന്തോഷകരമായ അവസ്ഥയാണ് നൽകിയതെന്നും കവി പറയുന്നു.
അല്പംപോലും ക്ഷീണമില്ലാതെ നൂൽ നൂൽക്കുന്ന ജോലി തുടർന്നുകൊണ്ടിരിക്കുന്ന ഗാന്ധിജി, നിനക്ക് വേണ്ടകാര്യം പറഞ്ഞോളൂ എന്ന് കുട്ടിയോട് പറയുകയാണ്. തനിക്ക് ഒരു ജോലിപോലും ചെയ്യാനറിയില്ല എന്നും അലസനായി . വെറുതെയിരിക്കാൻ ആവില്ല എന്നുമാണ് കുട്ടി മറുപടി പറഞ്ഞത്. ഇതുകേട്ട ഗാന്ധിജി അഭിമാനത്തോടെ അവനെ ചുംബിക്കുന്നു.
ഒന്നല്ല കോടിക്കണക്കിന് ഭാരതീയർക്ക് തൊഴിൽ നൽകാൻ ഭാരതാംബയ്ക്ക് കഴിയും. കുട്ടികൾക്ക് പെറ്റനാടിന്റെ കണ്ണീരൊപ്പാൻ ശക്തിയുണ്ടായാൽ അമ്മയ്ക്ക് (ഭാരതാംബയ്ക്ക്) ദുഃഖിക്കേണ്ടി വരില്ല എന്നും അമ്മയുള്ളപ്പോൾ കോടിക്കണക്കിനായ ഭാരതീയർക്ക് ദുഃഖിക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്നും ഗാന്ധിജി അവനോട് പറയുന്നു.

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ ഈണത്തിൽ, താളത്തിൽ
കവിത ഒറ്റയ്ക്കും സംഘമായും ചൊല്ലി അവതരിപ്പിക്കൂ. അവതരണങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുമല്ലോ.

♦ കവിതയ്ക്കൊപ്പം
വാർധയിലെ ആശ്രമത്തിൽ വന്നെത്തിയ കുട്ടിയുടെ രൂപഭാവങ്ങൾ
എങ്ങനെയായിരുന്നു?
ഏറെത്തളർന്ന് ക്ഷീണഭാവത്തോടെയായിരുന്നു കുട്ടി വന്നത്. കീറിപ്പറിഞ്ഞ വേഷമായിരുന്നു അവന്റേത്.

♦ ചുറ്റുമണഞ്ഞ് ചോദ്യങ്ങളുതിർത്തവരോട് കുട്ടി പറഞ്ഞതെന്താണ്?
ബാപ്പുജിയെ ഉടൻതന്നെ കാണണമെന്നായിരുന്നു അവനാവശ്യപ്പെട്ടത്.

♦ കുട്ടി കണ്ട ഗാന്ധിജിയെ കവി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്?
ആ കാര്യശാലയിൽ നൂറോളമാൾക്കാർ വരിവരിയായി നിൽക്കുന്നുണ്ട്. ഒരു കൊച്ചുപായയിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് ചർക്കയിൽ നൂൽ നൂൽക്കുകയാണ് കർമ്മ യോഗിയായ ഗാന്ധിജി. ഈ രീതിയിലാണ് കുട്ടി കാണുന്ന ഗാന്ധിജിയെ കവി അവതരിപ്പിച്ചിരിക്കുന്നത്.

♦ 'പോയിതെന്നച്ഛനുമമ്മയും, ഞാൻ ഏകൻ, എനിക്കിനിയാരുമില്ല' എന്നു സങ്കടപ്പെട്ട കുട്ടിയെ ഗാന്ധിജി സമാധാനി പിച്ചതെങ്ങനെ?
കുഞ്ഞേ, കരയാതിരിക്കൂ! നമ്മുടെയാശ്രമവും ഞങ്ങളും നിനക്കുള്ളതാണ്. നീയിനി ഇവിടെ വിട്ട് എങ്ങും പോയിടേണ്ട എന്നാണ് ഗാന്ധിജി അവനോട് പറഞ്ഞത്. 

♦ “മകനേ, പറഞ്ഞോളൂ, വേണ്ടകാര്യം!'' എന്നു ചോദിച്ച ഗാന്ധിജിയോട് കുട്ടി പറഞ്ഞതെന്തായിരുന്നു? 
തനിക്ക് ഒരു ജോലിപോലും ചെയ്യാനറിയില്ല എന്നും അലസനായി വെറുതെയിരിക്കാൻ ആവില്ല എന്നുമാണ് കുട്ടി ഗാന്ധിജിയോട് പറഞ്ഞത്.

♦ 'ഇനിയുമമ്മയ്ക്കു മടിത്തടത്തിൽ ഇടമുണ്ട് നിങ്ങൾക്കു വേല നൽകാൻ' - ആരെയാണ് ഇവിടെ അമ്മയെന്ന് പറഞ്ഞിരിക്കുന്നത്?
ഭാരതാംബ അല്ലെങ്കിൽ ഇന്ത്യ എന്ന് മഹാരാജ്യത്തെയാണ് അമ്മയായി കണ്ടത്.

♦ പ്രയോഗാർഥം കണ്ടെത്തി എഴുതൂ. 
പുലരിക്കതിരിനോടൊപ്പമൊപ്പം പടികടന്ന്-
പ്രഭാതത്തിൽ ആശ്രമത്തിന്റെ പടികടന്നുവരുന്ന കുട്ടിക്ക് ഉദയസൂര്യനെപ്പോലെ തിളക്കമുണ്ടായിരുന്നു. ഒപ്പമൊപ്പം എന്ന പ്രയോഗം കൊണ്ട് കുട്ടിയുടെ തേജസ്സും കുട്ടി എത്തിയ സമയവും കവി ആവിഷ്കരിച്ചിരിക്കുന്നു. ഇതുപോലെ,
• പുഞ്ചിരിൽത്തിരി നൂറ്റിരിക്കുന്ന
• മഴ പെയ്തുതീർന്നിട്ടും വീശിനിൽക്കും കുളിർതെന്നൽ പോലെ
• അക്ഷീണമന്ദസ്മിതവുമായി
എന്നീ പ്രയോഗങ്ങളുടെ ചേർച്ചയും ഭംഗിയും ചർച്ചചെയ്ത് എഴുതൂ.

• പുഞ്ചിരിനൂൽത്തിരി നൂറ്റിരിക്കുന്ന
പുഞ്ചിരിയോടെ തന്റെ പ്രവൃത്തി ചെയ്യുന്ന ഗാന്ധിജിയെ ഇവിടെ കാണാം. നൂൽ നൂൽക്കുന്ന ജോലി അദ്ദേഹം വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത് എന്ന് ഇതിലൂടെ നമുക്ക് ബോധ്യപ്പെടും.

• മഴ പെയ്തുതീർന്നിട്ടും വീശി നിൽക്കും കുളിർതെന്നൽ പോലെ
ഗാന്ധിജിയെ സന്ദർശിക്കാനെത്തിയ വിവിധ നേതാക്കൾ, പത്രക്കാർ, ചക്രവർത്തിയുടെ ദൂതന്മാർ തുടങ്ങിയ ആളുകളൊക്കെ പിരിഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ അവിടെ, ഗാന്ധിജിയുടെ അടുത്ത് കുട്ടി മാത്രമാണ് ഉള്ളത്. ആ രംഗം ചിത്രീകരിക്കാനാണ് കവി ഇപ്രകാരം പറഞ്ഞിരിക്കുന്നത്. എല്ലാവരും പോയതിനെ മഴ പെയ്തു തീർന്നതുപോലെ എന്നും അവന്റെ സാന്നിധ്യം ഗാന്ധിജിക്ക് ഒരു കുളിർതെന്നൽ പോലെ സന്തോഷകരമായ അവസ്ഥയാണ് നൽകിയതെന്നും കവി പറയുന്നു. 

• അക്ഷീണമന്ദസ്മിതവുമായി
ഗാന്ധിജിയും ബാലനും മാത്രമേ ആ സമയത്ത് ആശ്രമത്തിലുള്ളൂ. അപ്പോഴും നൂൽ നൂൽക്കുന്ന പ്രവൃത്തി ഗാന്ധിജി തുടരുകയാണ്. യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം ജോലിചെയ്യുന്നത് എന്ന് ഈ പ്രയോഗത്തിലൂടെ വ്യക്തമാകുന്നു.

♦ അമ്മയും നമ്മളും
ഉണ്ണിക്കരമിതു പെറ്റനാടിൻ
കണ്ണുനീരൊപ്പാൻ കരുത്തിയന്നാൽ 
അമ്മയ്ക്ക് പിന്നെന്തു ദുഃഖം? അമ്മ-
യുള്ളപ്പോൾ നമ്മൾക്കുമെന്തു ദുഃഖം?
ഈ വരികളിലെ ആശയം വിശകലനം ചെയ്ത് കുറിപ്പെഴുതൂ.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണിത്. തന്നെ കാണാനെത്തിയ ആരോരുമില്ലാത്ത ബാലനോട് തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന ആത്മ വിശ്വാസം പകരുകയാണ് ഗാന്ധിജി. ഒന്നല്ല കോടിക്കണക്കിന് ഭാരതീയർക്ക് തൊഴിൽ നൽകാൻ ഭാരതാംബയ്ക്ക് കഴിയും. പക്ഷേ പെറ്റനാടിന്റെ കണ്ണീരൊപ്പാൻ കുട്ടികളും കൂടെയുണ്ടായാൽ അമ്മയ്ക്ക് (ഭാരതാംബയ്ക്ക്) ദുഃഖിക്കേണ്ടി വരില്ല എന്നും അമ്മയുള്ളപ്പോൾ കോടിക്കണക്കിന് ഭാരതീയർക്ക് ദുഃഖിക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്നുമാണ് ഈ വരികളിലൂടെ പറയുന്നത്.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് കവിതാസന്ദർഭം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹിംസാമാർഗത്തിലൂന്നിയ സമരം നടത്തുന്ന കാലഘട്ടം. ഈ പോരാട്ടത്തിലാണ് ഭാരത ജനത. ഈ സമരം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുട്ടികളും അവർക്കാവുന്ന രീതിയിൽ ഈ സമരത്തിൽ പങ്കെടുക്കണമെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. ഭാരതമാതാവിന്റെ കണ്ണീരൊപ്പാൻ എല്ലാവരും ചേർന്ന് പ്രവർത്തിക്കുക. അങ്ങനെ സ്വതന്ത്രയായ ഭാരതാംബയുണ്ടാവുമ്പോൾ നമുക്ക് ദുഖിക്കേണ്ടി വരില്ല എന്നാണ് ഇവിടെ അർഥമാക്കുന്നത്.

♦ രണ്ടു കുട്ടികൾ
'അറിയില്ലെനിക്കൊരു വേലപോലും
അലസനായെമ്മട്ടു പാർത്തിടും ഞാൻ?'
കുട്ടി ഗാന്ധിജിയോട് ഇങ്ങനെ സങ്കടം പറഞ്ഞത് ഓർമ്മയില്ലേ? ഇനി, ഈ കുറിപ്പു വായിക്കൂ. 
ഗാന്ധിജിയെ കണ്ട കുട്ടി
വർക്ക്ഷോപ്പിന്റെ ഒരറ്റത്തായി ഒരു അടുപ്പു കത്തിക്കൊണ്ടിരുന്നു. അതിന്റെ മുന്നിൽ ഒരാൺകുട്ടി ചപ്പാത്തിയുണ്ടാക്കിക്കൊണ്ടിരിക്കയാണ്. കൂട്ടുകാരെല്ലാം പണിയെടുത്തു ക്ഷീണിച്ചു വരുമ്പോഴേക്കും ആഹാരം തയ്യാറാക്കണം. അവൻ
ജോലിയിൽ അങ്ങേയറ്റം മുഴുകിയാണിരിക്കുന്നത്. ഗാന്ധിജി അരികിലൂടെ
കടന്നുപോയതൊന്നും ആ ബാലനറിഞ്ഞില്ല. ഗാന്ധിജി വർക്ക്ഷോപ്പിനു പുറത്തേക്കു കടന്നു. അവിടെ മറ്റെല്ലാ കുട്ടികളും അദ്ദേഹത്തെ കാത്തു നിൽക്കുകയാണ്.
'കണ്ടോ, അവന്റെയൊരു കാര്യം? ഇത്ര അടുത്തുകൂടി പോയിട്ടും അവൻ മാത്രം ഗാന്ധിജിയെ കണ്ടില്ല.' കുട്ടികളിലൊരാൾ പറഞ്ഞു.
ഗാന്ധിജി അതു കേട്ടു. എല്ലാവരെയും നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു: 'മോനേ, ഇവിടെ എന്നെ ശരിയായി കണ്ടത് അതാ, അവൻ മാത്രമാണ്'
(നമ്മുടെ ബാപ്പുജി - എം. ഗീതാഞ്ജലി)
കവിതയിലെ വരികളും 'ഗാന്ധിജിയെ കണ്ട് കുട്ടി' എന്ന കുറിപ്പും താരതമ്യം ചെയ്ത് എഴുതു.
ഗാന്ധിജിയുടെ അതിഥി എന്ന കവിതയിലെ വരികളാണ് ആദ്യത്തേത്. വിഷ്ണുനാരായണൻ നമ്പൂതിരിയാണ് ഈ കവിത രചിച്ചിട്ടുള്ളത്. ആരോരുമില്ലാത്ത, അനാഥനായ ഒരു കുട്ടി ഗാന്ധിജിയുടെ ആശ്രമത്തിലെത്തുകയാണ്. ഈ ആശ്രമവും ഇവിടത്തെയാൾക്കാരും നിനക്ക് സ്വന്തക്കാരാണെന്ന് പറഞ്ഞാണ് ഗാന്ധിജി അവനെ ആശ്വസിപ്പിക്കുന്നത്.
അപ്പോഴാണ് അവൻ തനിക്ക് തൊഴിലൊന്നുമറിയില്ല, അലസനായിരിക്കാനാവില്ല എന്ന് ഗാന്ധിജിയോട് പറയുന്നത്. ഭാരതാംബയെ സേവിക്കുക എന്ന പ്രവൃത്തി ചെയ്യാനാവശ്യപ്പെടുകയാണ് ഗാന്ധിജി. കുട്ടികൾക്കും ഈ മേഖലയിൽ ധാരാളം ചെയ്യാനാവുമെന്ന് അദ്ദേഹം കരുതുന്നു. സ്വാതന്ത്ര്യസമരകാലഘട്ടമാണെന്നു കൂടി നാം ഓർക്കേണ്ടതുണ്ട്.
ഗാന്ധിജിയെ കണ്ട കുട്ടി എന്ന കുറിപ്പിൽ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ നമുക്ക് കാണാം. അവിടെ എത്തിയ ഗാന്ധിജി കുട്ടി ജോലി ചെയ്യുന്നത് കണ്ടിരുന്നു. പക്ഷേ കുട്ടി അദ്ദേഹത്തെ കണ്ടില്ലായിരുന്നു. ഗാന്ധിജി അടുത്തുകൂടെ പോയിട്ടും അങ്ങയെ അവൻ കണ്ടില്ലല്ലോ എന്ന് മറ്റൊരു കുട്ടി ചോദിച്ചപ്പോൾ എന്നെ ശരിയായി കണ്ടത് അവൻ മാത്രമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ജോലിയിൽ മുഴുകിയതിനാലാണ് അവൻ അദ്ദേഹത്തെ കാണാതെപോയത്. ഗാന്ധിജി ആഗ്രഹിക്കുന്ന രീതിയിലാണ് അവൻ ജോലിചെയ്തത് എന്നർഥം. ഗാന്ധിജിയുടെ ആദർശം മനസ്സിലാക്കി പ്രവർത്തിച്ച കുട്ടിയാണ് അവൻ എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം.
ഒന്നാമത്തെ കുട്ടിയോട് ഭാരതാംബയ്ക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഗാന്ധിജി ആവശ്യപ്പെടുന്നത്. ഗാന്ധിജിയുടെ ആഗ്രഹംപോലെ പ്രവർത്തിക്കുന്ന കുട്ടിയെ നമുക്ക് കുറിപ്പിൽ കാണാം.

♦ കത്ത് 
ഗാന്ധിജിയെ കണ്ട് കുട്ടി എന്ന കുറിപ്പിൽ ചപ്പാത്തിയുണ്ടാക്കുന്ന ജോലിയിൽ മുഴുകിയ ആൺകുട്ടിയെ പരിചയപ്പെട്ടല്ലോ
കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്ത് തയ്യാറാക്കുക.
സ്ഥലം 
തീയതി
പ്രിയ കൂട്ടുകാരാ,
എം. ഗീതാഞ്ജലിയുടെ നമ്മുടെ ബാപ്പുജി എന്ന പുസ്തകത്തിൽ നിന്നുള്ള ഗാന്ധിജിയെ കണ്ട കുട്ടി എന്ന കുറിപ്പ് ഞാൻ വായിച്ചു. അത് വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എന്താണ് നിന്റെ പേര് എന്നറിയില്ല. പക്ഷേ നിന്റെ പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇങ്ങനെയും കുട്ടികൾ ജോലിചെയ്യുമോ? അവിടെ സന്ദർശിച്ച ഗാന്ധിജിയെപ്പോലും സ്വാതന്ത്ര്യസമരപോരാളികൾക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിൽ നീ കണ്ടില്ല. എന്നെ അവൻ മാത്രമേ കണ്ടുള്ളൂ എന്നാണ് ഗാന്ധിജി നിന്നെപ്പറ്റി പറഞ്ഞത്. അതെ അദ്ദേഹത്തെ മനസ്സിലാക്കിയ ഒരാൾ എന്ന അർഥത്തിൽ പൂർണമായും ശരിയായ ഒരു പ്രസ്താവനയായിരുന്നു അത്. മറ്റൊരാളെ കാണിക്കാനല്ല, നാം ജോലിചെയ്യുന്നത്. അത് തിരിച്ചറിഞ്ഞയാളാണ് നീ. ഇന്ന് നീ എവിടെയായിരിക്കുമെന്നോ, എന്തെടുക്കുകയാണ് എന്നൊന്നും എനിക്കറിയില്ല. എങ്കിലും നിന്റെ നല്ല മനസ്സിനെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട്, നന്മകൾ നേർന്നുകൊണ്ട് നിർത്തട്ടെ!
സ്നേഹത്തോടെ, 
പേര് 
ക്ലാസ് 6
ഗവഃ യു.പി സ്കൂൾ.

♦ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയെക്കുറിച്ച് ഒരു പ്രസംഗം തയാറാക്കാം. ക്ലാസിൽ അവതരിപ്പിക്കാം.
നമസ്കാരം!
ഇന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമാണ്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാൻ ധൈര്യം കാട്ടിയ ഏക വ്യക്തിയായിരുന്നു ഗാന്ധിജി. പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത് എന്ന് ഉറച്ചുവിശ്വസിക്കുകയും മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. വിദേശികൾ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം കൈയടക്കി വച്ചകാലത്ത് അഹിംസയും സത്യഗ്രഹവും സമരമാർഗമാക്കി ഗാന്ധിജി അവരെ നേരിട്ടു. ഭാരതത്തിലെ കോടിക്കണക്കിനാളുകൾ ഗാന്ധിജിയുടെ പിന്നിൽ അണിനിരന്നു. ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. 1893 ലാണ് ഒരു കേസ് വാദിക്കുന്നതിനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. അവിടെ കറുത്തവർഗക്കാർ വെളുത്ത വർഗക്കാരുടെ വിവേചനത്തിന് ഇരയാകുന്നത് ഗാന്ധിജി നേരിൽ കാണാനിടയായി. കറുത്തവനായതിനാൽ ഒരിക്കൽ തീവണ്ടിയിൽനിന്നും പിന്നീടൊരിക്കൽ കുതിരവണ്ടിയിൽനിന്നും ഗാന്ധിജിയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിരുന്നു. മറ്റൊരിക്കൽ കോടതിയിൽ വച്ച് തലപ്പാവ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഗാന്ധിജി അതിന് തയാറായില്ല. വെള്ളക്കാർ അദ്ദേഹത്തെ കൂലി ബാരിസ്റ്റർ എന്ന് വിളിച്ചാക്ഷേപിച്ചു. ഈ അപമാനം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. ആഫ്രിക്കയിൽ താമസിച്ച് വർണവിവേചനത്തെ എതിർക്കാൻ ഗാന്ധിജി തീരുമാനിച്ചു.
1930 ലെ ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും വിദേശവസ്ത്ര ബഹിഷ്കരണവും അഹിംസയിലധിഷ്ഠിതമായ സമരങ്ങളായിരുന്നു. 1942 ലെ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയതും ബാപ്പുജിയായിരുന്നു. 1948 ജനുവരി 30 ന് ഗാന്ധിജി നമ്മോട് വിടപറഞ്ഞു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച ഗാന്ധിജിയുടെ ജീവിതം നമുക്ക് മാതൃകയാക്കാം. ഏത് സാഹചര്യത്തിലും പ്രതികൂലപരിതഃസ്ഥിതികളിൽപ്പോലും കർമനിരതനാകാൻ അദ്ദേഹത്തിന് ഒരു വിഷമവുമുണ്ടായിരുന്നില്ല. ചുരുങ്ങിയ സൗകര്യങ്ങളിലും അദ്ദേഹം സംതൃപ്തനായിരുന്നു. സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ ഗുണങ്ങൾ ഉൾച്ചേർന്ന ഗാന്ധിജി നമുക്ക് വഴി കാട്ടിയാകട്ടെ. വഴിവിളക്കാകട്ടെ.
നന്ദി, നമസ്കാരം

♦ പദപരിചയം 
• പുകൾപെറും - വലിയ പ്രശസ്തിയുള്ള
• പുലരിക്കതിരോൻ - പ്രഭാതസൂര്യൻ
• ഉത്സുകം - ആഗ്രഹത്തോടെ
• ഇക്ഷണം - ഈ നിമിഷം, ഉടനെ
• കാര്യശാല - ഓഫീസ്
• കർമ്മയോഗി - ചുമതലകൾ കൃത്യമായി ചെയ്യുന്നവൻ
വെക്കം - വേഗം
• തൃക്കരം - കൈ.ത്യ (തിരു) എന്ന വിശേഷണം ബഹുമാനത്തെ സൂചിപ്പിക്കുന്നു.
• ഉഴിഞ്ഞവാറേ - ഉഴിഞ്ഞപ്പോൾ, തലോടിയപ്പോൾ
• ഗദ്ഗദം - ഇടർച്ച
• മൊഴിഞ്ഞു - പറഞ്ഞു
ഏകൻ - ഒറ്റയായുള്ളവൻ, ഒരാൾ
• ഇടരാറ്റുമാറ് - ഇടർ (ദുഃഖം) കുറയ്ക്കുന്ന വിധത്തിൽ
• ഓതി - പറഞ്ഞു 
• താതൻ - പിതാവ് 
• ഓമൽ - മനോഹരമായ 
• വേല - തൊഴിൽ 
• അക്ഷിണമന്ദസ്മിതം - തളരാത്ത പുഞ്ചിരി 
• പാർക്കുക - താമസിക്കുക 
• അഭിമാനബാഷ്പം - അഭിമാനത്തിൽ നിന്നുണ്ടായ കണ്ണീർ
• മുകരുക - ചുംബിക്കുക
• കരുത്തിയന്നാൽ - കരുത്തുള്ളതായാൽ

♦ പകരംപദങ്ങൾ
• പുലരി - പ്രഭാതം, വിഭാതം, ഉഷസ്സ്
• മുഖം - ആനനം, വദനം, ആസ്വം
• പുഞ്ചിരി - സ്മിതം, സ്മേരം, മന്ദഹാസം
• കരം - കൈ, ഹസ്തം, പാണി 
• കണ്ണ് - മിഴി, അക്ഷി, നയനം 
• മകൻ - തനയൻ, പുത്രൻ, സുതൻ
• അമ്മ - മാതാവ്, തായ, ജനനി

♦ പിരിച്ചെഴുതാം
• ഏറെത്തളർന്നു - ഏറെ + തളർന്നു 
• ഉത്തരമൊന്നേ - ഉത്തരം + ഒന്നേ 
• എനിക്കിനി - എനിക്ക് + ഇനി
• നീയെന്നും - നീ + എന്നും
• അരികിലണഞ്ഞു - അരികിൽ + അണഞ്ഞു 
• മടിത്തട്ട് - മടി + തട്ട്

♦ മാറ്റിയെഴുതാം
• പുലരിക്കതിരോൻ - പുലരിയിലെ കതിരോൻ 
• അക്ഷീണമന്ദസ്മിതം - അക്ഷീണമായ മന്ദസ്മിതം 
• അഭിമാനബാഷ്പം - അഭിമാനത്താലുണ്ടായ ബാഷ്പം 
• കുളിർത്തെന്നൽ - കുളിരുപകരുന്ന തെന്നൽ

Post a Comment

0 Comments