SCERT KERALA STUDY NOTES: STD VI Malayalam BT (അടിസ്ഥാന പാഠാവലി) Unit 03 ഒത്തുതുഴയാം - Chapter 1 - ഉടമസ്ഥത - ചോദ്യോത്തരങ്ങൾ | Teaching Manual

Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 01 - ഉടമസ്ഥത - ചോദ്യോത്തരങ്ങൾ | Teaching Manual

എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ
'ഒത്തുതുഴയാം' എന്ന യൂണിറ്റിലെ 'ഉടമസ്ഥത എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
 ഒത്തുതുഴയാം  
സമൂഹത്തിൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കുട്ടികൾ നാളത്തെ പൗരന്മാരാണ്. അവരിൽ വ്യത്യസ്ത തരത്തിലുള്ള മൂല്യങ്ങൾ രൂപപ്പെടണമെങ്കിൽ ഈ ആശയങ്ങൾ അവരിലേക്ക് എത്തിക്കാൻ കഴിയണം. ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന ആശയവും അതുതന്നെ. ഇന്ന് സമൂഹത്തിൽ കുട്ടികൾക്ക് ഏതെല്ലാം തരത്തിലുള്ള സ്വാതന്ത്ര്യമാണ് മുതിർന്നവർ കല്പിച്ചു നൽകുന്നത്. ലഭിക്കുന്ന സമ്മാനം പോലും അവർക്ക് ഇഷ്ടം പോലെ ഉപയോഗിക്കാൻ അവസരമുണ്ടോ? ഇടശ്ശേരിയുടെ 'ഉടമസ്ഥത' എന്ന കവിത ഈ പ്രശ്നമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഒരു നേർസാക്ഷ്യമാണ് 'ആ രക്തം മാഞ്ഞുപോയില്ല..' എന്ന നോവൽഭാഗം. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന വിഖ്യാതമായ നോവലിൽ നിന്നെടുത്തതാണിത്. ടി. കെ. സി. വടുതലയുടെ 'സൗഹൃദം ജയിക്കുന്നു' എന്ന പാഠഭാഗം സമത്വവും സാഹോദര്യവും ഉൽകൃഷ്ടമാണ് എന്ന ആശയമാണ് പങ്കുവയ്ക്കുന്നത്.

♦ പരിശ്രമങ്ങൾ - പ്രവേശകപ്രവർത്തനം 
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെക്കുറിച്ച് വാഗ്ഭടാനന്ദൻ എഴുതിയ ചില വരികളാണ് പ്രവേശകമായി കൊടുത്തിരിക്കുന്നത്. പാഠപുസ്തകം പേജ് 39 ലെ കവിത വായിക്കൂ.

♦ സ്വാതന്ത്ര്യംതന്നെയമൃതം 
പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. 
♦ കൂട്ടിൽ നിന്ന് ആകാശത്തേക്ക് പറന്നുയരുന്ന പക്ഷിയുടെ ചിന്തകൾ എന്തൊക്കെയാവാം? 
ഏതു ജീവിയെ സംബന്ധിച്ചിടത്തോളവും സ്വാതന്ത്ര്യം പ്രധാനമാണ്. അസ്വാതന്ത്ര്യം തടവുപോലെയും. അത് പക്ഷികളായാലും മനുഷ്യരായാലും ഒരേപോലെ. സ്വർണ്ണത്തിന്റെ കൂട്ടിലാണെങ്കിലും തടവ് തടവ് തന്നെയാണ്. തടസ്സങ്ങൾ തട്ടി നീക്കി ആകാശത്ത് പറന്നുയരാൻ ആണ് എന്നെപ്പോലെ ഓരോ പക്ഷിയും ആഗ്രഹിക്കുക. അതാണ് സ്വാതന്ത്ര്യം.

♦ നടക്കാൻ തുടങ്ങുന്ന കുഞ്ഞിന്റെ മുന്നിലെ തടസ്സങ്ങൾ എന്തെല്ലാം? അവ എങ്ങനെയാണ് കുഞ്ഞ് മറികടക്കുന്നത്?
നടക്കാൻ ആഗ്രഹിക്കുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് നടക്കാൻ ആവില്ല. അതിനായി കുഞ്ഞ് ഒട്ടേറെ ശ്രമങ്ങൾ നടത്തേണ്ടി വരും. മലർന്നു കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ കൈകാലുകൾ ഇളക്കുന്നു. കമിഴ്ന്നു വീഴുന്നു, മുട്ടുകുത്തി നടക്കാൻ നോക്കുന്നു, കസേരയോ മേശയോ ആശ്രയിച്ച് നിവർന്നു നിൽക്കാൻ ശ്രമിക്കുന്നു. വീണാലും എഴുന്നേറ്റ് വീണ്ടും നിൽക്കുവാനും പിഞ്ചുകാലുകൾ ഊന്നിയൂന്നി നടക്കുവാനും തുടങ്ങുന്നു.

♦ ചെടിച്ചട്ടിയിലെ ചെടിയും പൂമ്പാറ്റകളും എങ്ങനെയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്?
തടസ്സങ്ങൾ നീക്കി വിശാലമായ ആകാശത്ത് ഉയർന്നുനിൽക്കാൻ, വിരിഞ്ഞു നിൽക്കാൻ, വിടർന്നു നിൽക്കാൻ ഓരോ മരവും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ചെടിച്ചട്ടിയിലെ മരങ്ങൾക്ക് ഒരിക്കലും ഇങ്ങനെ ആവാൻ കഴിയില്ല. ഭൂമിയിൽ തൊട്ടുനിന്നാൽ മാത്രമേ അവയ്ക്ക് ആകാശത്തോളം ഉയർന്നുവളരാൻ കഴിയൂ. പൂമ്പാറ്റകൾക്കും ഉയർന്നു പറക്കാൻ ആവില്ല. ആകാശത്ത് ഉയരത്തിൽ പാറിപ്പറക്കാൻ പൂമ്പാറ്റയും ആഗ്രഹിക്കുന്നുണ്ടെങ്കിലും അവിടെയും തടസ്സങ്ങളാണ്. മനുഷ്യനും പ്രകൃതിയിലെ ജീവജാലങ്ങളുമെല്ലാം വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടത് അനിവാര്യമാണ് എന്ന ആശയമാണ് ഈ കവിത പങ്കുവയ്ക്കുന്നത്.

♦ ഉടമസ്ഥത - ഇടശ്ശേരി ഗോവിന്ദൻ നായർ 
കുട്ടികളെക്കുറിച്ച് മുതിർന്നവർ സാധാരണ പറയാറുള്ളത് അവർ കൈയിൽ കിട്ടിയത് സംരക്ഷിക്കാതെ നശിപ്പിച്ചു കളയുന്നു എന്നതാണ്. ആ പൊതുബോധത്തെ ചോദ്യം ചെയ്യുകയാണ് ഇടശ്ശേരി ഈ കവിതയിലൂടെ. നിരുപാധികമായ സ്വാതന്ത്ര്യം ഉണ്ടെങ്കിലേ തന്റേത് എന്ന തോന്നൽ കുട്ടിക്ക് ഉണ്ടാവുകയുള്ളൂ. ആ തോന്നലാണ് ഉടമസ്ഥതാബോധം. ഉടച്ചുകളയാനും ഉപയോഗിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് നിരുപാധികസ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം കുട്ടിക്ക് നൽകുക തന്നെ വേണം. അല്ലാതെ അവരുടെമേൽ ഉപാധികളുടെയും ബാധ്യതകളുടെയും ഭാരം കയറ്റി നിയന്ത്രിക്കുകയല്ല വേണ്ടത് എന്ന് കവി അഭിപ്രായപ്പെടുന്നു. കവിതയിൽ അപ്പു പേന നശിപ്പിക്കുന്നില്ല. എന്നാൽ നശിപ്പിക്കും എന്നതാണ് മുതിർന്നവരുടെ പൊതുബോധം. ആ പൊതുബോധത്തെ ചോദ്യം ചെയ്യുകയും യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ആഴം പ്രകടിപ്പിക്കുകയും ആണ് ഉടമസ്ഥത എന്ന കവിത.

♦ കവിതയുടെ ആശയം
അച്ഛൻ സമ്മാനമായി കൊടുത്ത ഒരു പേനയുമായി നിൽക്കുകയാണ് അപ്പു. അവൻ വളരെ സന്തോഷത്തിലാണ്. പക്ഷേ വീട്ടിലെ ചിലരുടെ പ്രതികരണം അവന്റെ സന്തോഷം ഇല്ലാതാക്കുന്നു. പേനയെങ്ങാനും കളഞ്ഞാൽ തല്ലുകൊള്ളുമെന്ന് ഏട്ടൻ അവനോട് പറയുന്നു. നാളെ ഇത് നാലുകഷണമാക്കുമെന്ന് അമ്മ പറഞ്ഞു. എന്റെ പേന ഇനി തൊട്ടുപോയാൽ... എന്നാണ് ഏടത്തിയുടെ ഭീഷണി. ഇത്തരം പ്രതികരണങ്ങൾ കേട്ടപ്പോൾ എന്തൊക്കെ താക്കീതുകളാണ് ഇതിന്റെ പേരിൽ താൻ കേൾക്കേണ്ടത് എന്നവൻ സങ്കടത്തോടെ ഓർക്കുന്നു.
തുടർന്ന് പ്രഭാതത്തിന്റെ മനോഹരമായ വർണനയാണ്. പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യൻ വർണ്ണങ്ങൾ ചാർത്താനായി തന്റെ കിരണങ്ങളാകുന്ന ചായപ്പെൻസിൽ എടുത്തിരിക്കുന്നു. അതുപോലെ ഉമ്മറത്തെ സദസ്സിനെ ഉന്മേഷമുള്ളതാക്കാൻ ഇളംവെയിലും എത്തി.
അപ്പുവിന് അച്ഛന്റെ സമ്മാനം ആകർഷകമായി തോന്നിയതാണ് തുടർന്നുള്ള വരികളിലുള്ളത്. ചുണ്ടിൽ പൂവിരിയലോടെ, സന്തോഷത്തോടെയാണ് അവൻ സമ്മാനത്തെ കണ്ടത്. ആ പേന കണ്ട് അവൻ നീലച്ചേമ്പിന്റെ ഇളംകൂമ്പോ, വിരിയാൻ വെമ്പുന്ന ചെമ്പകമൊട്ടോ എന്നൊക്കെ ചിന്തിക്കുകയാണ്. ആ പേന അറിവിന്റെ വറ്റാത്ത ഉറവകൂടിയാണെന്ന് അവൻ മനസ്സിലാക്കുന്നു.
ചുറ്റുമുള്ളവരുടെ സംസാരം അപ്പുവിന്റെ കണ്ണുകളിൽ കണ്ണുനീർ നിറച്ചു. സങ്കടത്തോടെ അവൻ ആ പേന അച്ഛന്റെ മേശമേൽ വച്ചു. “എന്റെയല്ല ഇത്' എന്നു പറഞ്ഞ് ചൊടിച്ച് അവൻ അവിടെനിന്നിറങ്ങുകയാണ്. ആ പേനയുടെ ഉടമസ്ഥതയിൽ അവന് സംശയം തോന്നുകയാണ്. പറഞ്ഞതൊക്കെ കുറച്ച് ഏറിപ്പോയി എന്ന അഭിപ്രായം അപ്പോൾ അവിടെ ഉയർന്നുവന്നു. അച്ഛൻ അവനെ ശിക്ഷിച്ചാലോ എന്ന സംശയവും അവർക്കുണ്ടായി. നിങ്ങളെല്ലാം ചേർന്ന് എന്റെ സമ്മാനം വാടകച്ചരക്കാക്കി എന്ന് അച്ഛൻ ശാന്തനായി അമ്മയോട് പറയുകയാണ്. ഒരുവന് കിട്ടിയ സമ്മാനത്തിന്റെ അവകാശം പൂർണമായും അവനുതന്നെയാണ്. അത് അവന് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയണം എന്നും അച്ഛൻ പറയുന്നു. അല്ലെങ്കിൽ അത് ഒരു വാടകച്ചരക്കായി മാറും. വാടകയ്ക്ക് എടുക്കുന്നവ സ്വന്തമല്ലാത്തതിനാൽ ഉപയോഗത്തിൽ നിയന്ത്രണമുണ്ട്. വാടകച്ചരക്ക് താൽക്കാലികമായി നൽകുന്നതാണ്. സമ്മാനം സ്നേഹത്തോടെ പൂർണ അവകാശത്തോടെ ഉപയോഗിക്കാൻ നൽകുന്നതും. സ്വാതന്ത്ര്യത്തിന്റെ അർഥത്തെക്കുറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ കവിതയാണിത്.

♦ കണ്ടെത്താം, പറയാം
♦ അച്ഛന്റെ സമ്മാനമാം പെന്നുമായി നിൽക്കും നേരത്ത് അപ്പുവിനോട് ഏട്ടനും അമ്മയും ഏടത്തിയും പറഞ്ഞത് എന്തെല്ലാമായിരുന്നു?
അപ്പുവിന് അച്ഛൻ ഒരു പേന സമ്മാനിച്ചു. ഇത് കളഞ്ഞാൽ തല്ലുകൊള്ളും എന്ന് ഏട്ടൻ പറഞ്ഞു. ഇത് നാളെത്തന്നെ നാലാക്കി നശിപ്പിക്കും എന്ന് അമ്മയും പറഞ്ഞു. എന്റെ പേന തൊട്ടുപോകരുതെന്നാണ് ഏടത്തി പറഞ്ഞത്.

♦ ബാലസൂര്യൻ അപ്പോൾ എന്താണ് ചെയ്തിരുന്നത്? 
ബാലസൂര്യൻ രാത്രിയാകുന്ന നീലക്കൽപലകയെ മാറ്റി തന്റെ ചായപ്പെൻസിലും വായിൽ തിരുകി ഇരിക്കുകയാണ്.

♦ ഉമ്മറക്കോലയിലെ അഭിനന്ദനസദസ്സിലേക്ക് എത്തിയതാരായിരുന്നു?
അച്ഛനും അമ്മയും കുട്ടികളും ഇരിക്കുന്ന ആ ഉമ്മറക്കോലായിലേക്ക് എത്തിയത് വെയിൽനാളമാണ്. പുലർകാലത്തെ ഇളംവെയിൽ നാളങ്ങൾ ആ സദസ്സിനെ പ്രകാശമാനമാക്കി.

♦ അപ്പുവിന് അച്ഛന്റെ സമ്മാനം ഏറെ ആകർഷകമായി തോന്നിയെന്ന് സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി ചൊല്ലാമോ? 
ചുണ്ടിൽ പൂവിരിയലോടവനസ്സമ്മാനത്തെ-
ക്കണ്ടു, തണ്ടയ്യാ! നീലച്ചേമ്പിന്റെയിളംകൂമ്പോ, 
വിരിയാൻ വെമ്പീടുന്ന ചമ്പകമൊട്ടോ മുന,
അറിവിൻ വറ്റാത്തതാമുറവാണതിന്നുള്ളിൽ!

♦ അച്ഛൻ നൽകിയ സമ്മാനം അപ്പു ഉപേക്ഷിക്കാൻ കാരണമെന്താവാം?
അപ്പുവിന് അച്ഛൻ നൽകിയ മനോഹരമായ പേന ഇഷ്ടപെട്ടെങ്കിലും അമ്മയുടെയും ഏടത്തിയുടെയും ഏട്ടന്റെയും കുത്തുവാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു. തനിക്ക് ഈ സമ്മാനം വേണ്ട എന്ന് ചൊടിച്ച് അവൻ പേന അച്ഛന്റെ മേശപ്പുറത്ത് തന്നെ വച്ചു.

♦ സ്വാതന്ത്ര്യത്തെക്കുറിച്ച് അച്ഛൻ പറഞ്ഞ അഭിപ്രായമെന്താണ്?
ഉടമസ്ഥതാബോധം തോന്നണമെങ്കിൽ ഉപാധികളോ ബാധ്യതകളോ ഇല്ലാത്ത സമ്പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായേ മതിയാകൂ. അച്ഛൻ മറ്റുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി അവരോടു പറഞ്ഞത് നിങ്ങൾ എന്റെ സമ്മാനം വെറും വാടകച്ചരക്കാക്കുകയാണ് ചെയ്തത് എന്നാണ്. ഉടമസ്ഥത എന്നാൽ ഉപയോഗിക്കാനും ഉടച്ചുകളയാനുമുള്ള സ്വാതന്ത്ര്യം എന്നാണ് അർത്ഥമെന്നും അച്ഛൻ പറഞ്ഞു. 

♦ കണ്ടെത്താം എഴുതാം
• ഏറിപ്പോയ്ക്കുറച്ചെന്നാണേവർക്കുമഭിപ്രായം
ഏറിപ്പോയ്, കുറച്ച്, എന്നാണ്, ഏവർക്കും, അഭിപ്രായം ചുണ്ടിൽ 
• പൂവിരിയലോടവനസ്സമ്മാനത്തെക്കണ്ടു 
ചുണ്ടിൽ, പൂ, വിരിയലോടെ, അവൻ, ആ, സമ്മാനത്തെ, കണ്ടു

♦ മുകളിൽ കൊടുത്ത പോലെ നീണ്ട പദക്കൂട്ടങ്ങൾ കണ്ടെത്തി പദങ്ങളെ വേർതിരിക്കു.
• ഇതിനിക്കളഞ്ഞാലോ തല്ലുകൊള്ളുമെന്നേട്ടൻ
ഇതിനി, കളഞ്ഞാലോ, തല്ലുകൊള്ളും, എന്ന്, ഏട്ടൻ

• ഇതു നാലായിട്ടുണ്ടാം നാളേയ്ക്കെന്നുടനമ്മ 
ഇത്, നാലായിട്ട്, ഉണ്ടാം, നാളേക്ക്, എന്ന്, ഉടൻ, അമ്മ

• എന്റെ പെന്നിനിത്തൊട്ടുപോയാൽ എന്നേടത്തി
എന്റെ, ഇനി, തൊട്ടുപോയാൽ, എന്ന്, ഏടത്തി

• താനെന്തൊക്കെത്താക്കീതുകളേറ്റണമിതോടൊപ്പം
താൻ, എന്തൊക്കെ, താക്കീതുകൾ, ഏറ്റണം, ഇതോട്, ഒപ്പം 

♦ കുട്ടിസൂര്യനും കുഞ്ഞുവെയിൽ നാളവും അപ്പുവും 
ബാലാഹസ്കരൻ മാച്ചു നീലക്കൽപലക, തൻ
ചായപ്പെൻസിലും വായിൽത്തിരുകിയിരിക്കുന്നു. 
അഭിനന്ദനസദസ്സിൽ സംഭവിച്ച കാര്യങ്ങളും ഈ വരികളിലെ ആശയവും തമ്മിൽ എങ്ങനെയെല്ലാം ചേരുന്നുണ്ട് ? ഒരു കുറിപ്പെഴുതൂ.
അപ്പുവിന് അച്ഛൻ നൽകിയ സമ്മാനത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്ന സദസ്സ് കൂടിയിരിക്കുന്നത് വീടിന്റെ ഉമ്മറക്കോലായയിൽ ആണ്. അപ്പുവിനെപ്പോലെ ഒരു കുട്ടിയായാണ് ബാലസൂര്യൻ കിഴക്കേ മാനത്ത് കാണപ്പെടുന്നത്. സ്ളെയ്റ്റിൽ എഴുതിയതൊക്കെ മായ്ച്ച് ചായപ്പെൻസിൽ വായിൽ തിരുകിയിരിക്കുന്ന ഒരു വികൃതിക്കുട്ടിയെപ്പോലെ കുഞ്ഞുസൂര്യൻ ചുവന്നുതുടുത്തിരിക്കുന്നു. നീലക്കൽപ്പലക പോലെ രാത്രി മാഞ്ഞ് പ്രഭാതശോഭ പരന്നിരിക്കുന്നു. കുട്ടി കറുത്ത സ്ളെയ്റ്റിൽ ചായപ്പെൻസിൽ കൊണ്ട് നിറം കൊടുക്കുന്നതുപോലെയാണ് പ്രഭാതത്തിൽ പ്രകൃതിക്കുണ്ടായ മാറ്റം.
കവിതയിലെ സന്ദർഭത്തിനനുസരിച്ച് പ്രകൃതി ചിത്രണം നടത്തുന്നതിന് ഉദാഹരണമായി ഈ വരികളെ കാണാം. മുതിർന്നവരുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ കുട്ടിക്ക് ഉണ്ടായ ഭാവമാറ്റം ബാലഭാസ്കരന്റെ ചിത്രത്തിലൂടെ കവി അവതരിപ്പിക്കുന്നു. അപ്പുവിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കാനാണ് ചായപ്പെൻസിൽ വായിൽ തിരുകി ഇരിക്കുന്ന ബാലസൂര്യനെ കവി ഇവിടെ വരച്ചു ചേർത്തിരിക്കുന്നത്. കുട്ടി അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തിന്റെ, പ്രതിഷേധത്തിന്റെ അടയാളമാണത്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ വായിൽ പെൻസിൽ തിരുകി ഇരിക്കുന്ന സൂര്യന്റെ ചിത്രത്തോട് സാമ്യപ്പെടുത്തിയിരിക്കുന്നു കവി. 

♦ പ്രയോഗത്തിന്റെ കരുത്ത്
♦ നിങ്ങളെന്റെ സമ്മാനം വെറും വാടകച്ചരക്കാക്കി എന്ന് അച്ഛൻ പറഞ്ഞത് എന്തുകൊണ്ടാണ് ? വാടകച്ചരക്ക് എന്ന വാക്കിലൂടെ കവി നമ്മോട് പറയുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
സമ്മാനവും വാടകചരക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കൂ. 
കവിയുടെ അഭിപ്രായത്തിൽ ഉടമസ്ഥത എന്നാൽ ഉപയോഗിക്കാൻ മാത്രമല്ല ഉടച്ചുകളയാനുമുള്ള സ്വാതന്ത്ര്യമാണ്. അത് നിരുപാധികമായ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്. അവർക്കുമേൽ ബാധ്യതകളുടെയും ഉപാധികളുടെയും ഭാരം കയറ്റി നിയന്ത്രിക്കുകയല്ല വേണ്ടത്. ഈ കവിതയിലെ അപ്പു എന്ന കഥാപാത്രം പേന നശിപ്പിക്കുന്നില്ല. എങ്കിലും അമ്മയും ചേട്ടനും അപ്പു ആ പേന നശിപ്പിക്കും എന്നുതന്നെ പറയുന്നു. അത് കേടുവരുത്തും എന്നത് അവരുടെ പൊതുബോധമാണ്. ആ പൊതുബോധത്തെയാണ് കവി ഇവിടെ ചോദ്യം ചെയ്യുന്നത്. യഥാർത്ഥത്തിൽ കുട്ടികളെക്കുറിച്ച് മുതിർന്നവരുടെ ധാരണ അവർ കൈയിൽ കിട്ടിയത് സംരക്ഷിക്കാതെ നശിപ്പിച്ചു കളയുന്നു എന്നതാണ്. തച്ചുതകർക്കാൻ അവർക്ക് ഒരു മടിയുമില്ല. നിരുപാധികമായ സ്വാതന്ത്ര്യം ഉണ്ടെങ്കിലേ തന്റേത് എന്ന തോന്നൽ കുട്ടിയിൽ ഉണ്ടാവുകയുള്ളൂ. ആ തോന്നലാണ് ഉടമസ്ഥതാബോധം. സമ്മാനവും വാടകച്ചരക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു നിശ്ചിതസമയത്ത് ഉപയോഗശേഷം കേടുകൂടാതെ തിരിച്ച് ഏൽപിക്കുന്നതാണ് വാടകചരക്ക്. അതിനു പിന്നിൽ വലിയ ഉപാധികൾ ഉണ്ട്. അതിന്റെ ഉടമസ്ഥാവകാശം ചെറിയ കാലത്തേക്ക് മാത്രമാണ്, കേവലം താൽക്കാലികമാണ്. എന്നാൽ സമ്മാനം ഉപാധിരഹിതമാണ്. സ്ഥിരമായ ഉടമസ്ഥാവകാശം ആണ്. അതിനെ ഉപയോഗിക്കാനും ഉടച്ചുകളയാനുമുള്ള സ്വാതന്ത്ര്യം ആ വസ്തുവിന്റെ ഉടമയ്ക്കുണ്ട്.

♦ സ്വാതന്ത്ര്യമെന്നാൽ...
♦ "ഉടമസ്ഥതയെന്നാലുപയോഗിച്ചിടാനു-
മുടച്ചുകളയാനും സ്വാതന്ത്ര്യമെന്നാണർഥം. 
സ്വാതന്ത്ര്യത്തെക്കുറിച്ച് എന്തെല്ലാം ആശയങ്ങളാണ് ഈ കവിതാഭാഗത്തുള്ളത്?
നിങ്ങളുടെ അഭിപ്രായങ്ങൾകൂടി ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കൂ. ക്ലാസിലവതരിപ്പിക്കൂ.
പ്രിയപ്പെട്ടവരേ,
നമുക്ക് ചിന്തിക്കാൻ ഒരു കവിതാഭാഗമുണ്ട്. 'ഉടമസ്ഥതയെന്നാലുപയോഗിച്ചിടാനു-
മുടച്ചുകളയാനും സ്വാതന്ത്ര്യമെന്നാണർഥം.
ഈ വരികൾ ഒറ്റനോട്ടത്തിൽ സ്വാതന്ത്ര്യത്തെ അതിന്റെ പരമോന്നത രൂപത്തിൽ നിർവചിക്കുന്നു. അതായത്, ഒരു വസ്തുവിന്റെയോ അധികാരത്തിന്റെയോ അവസരത്തിന്റെയോ ഉടമസ്ഥനാണെങ്കിൽ, അത് ഉപയോഗിക്കാനും ആവശ്യമെങ്കിൽ ഉടച്ചുകളയാനും ഉള്ള പരിപൂർണ്ണമായ അധികാരം നിങ്ങൾക്കുണ്ട്.
ഒരു കാര്യം എന്റേതാണെങ്കിൽ, അത് എപ്രകാരം ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം എനിക്കാണ്, എന്റെ കഴിവുകൾ, എന്റെ സമയം, എന്റെ സ്വത്ത് ഇവയെല്ലാം എങ്ങനെ വിനിയോഗിക്കണം എന്നതിലെ എന്റെ വ്യക്തിപരമായ ഇഷ്ടം ഈ സ്വാതന്ത്ര്യത്തെ നിർവചിക്കുന്നു. സ്വന്തമെന്ന് കരുതുന്ന ഒന്നിനെ ആവശ്യമെങ്കിൽ ഉടച്ചുകളയാനുള്ള സ്വാതന്ത്ര്യം അഥവാ മാറ്റം വരുത്താനുള്ള അധികാരം നമുക്കുണ്ട്. നിലവിലെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനും നവീകരിക്കാനുമുള്ള ധൈര്യത്തെയാണിത് സൂചിപ്പിക്കുന്നത്.
കാലഹരണപ്പെട്ട ചിന്തകളെ, പഴഞ്ചൻ സമ്പ്രദായങ്ങളെ, അല്ലെങ്കിൽ എന്റെ തന്നെ തെറ്റായ ശീലങ്ങളെ ഉടച്ചുകളയാൻ എനിക്ക് അവകാശമുണ്ട്. മാറ്റം വരുത്താനുള്ള ഈ അധികാരം ഒരു വിപ്ലവാത്മകമായ ചിന്തയാണ്. അതുപോലെ സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ് എന്ന നിർവചനം ശക്തവും എന്നാൽ ഒരൽപം അപകടകരവുമാണ് എന്ന് ഞാൻ കരുതുന്നു. ഒന്നിനെ ഉപയോഗിക്കാനും ഉടച്ചുകളയാനുമുള്ള എന്റെ സ്വാതന്ത്ര്യം അവിടെ അവസാനിക്കണം. അതൊരിക്കലും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. എന്റെ ഉടമസ്ഥതയിലുള്ള ഒന്നിനെ ഞാൻ ഉടച്ചു കളയുമ്പോൾ അത് സമൂഹത്തിലോ, പ്രകൃതിയിലോ, മറ്റൊരാളിലോ ഉണ്ടാക്കുന്ന ആഘാതം പരിഗണിക്കാതിരിക്കുന്നത് യഥാർത്ഥ സ്വാതന്ത്ര്യമല്ല, മറിച്ച് അരാജകത്വമാണ്.
നാം ഉടച്ചുകളയുന്നത് ഒരു വിശ്വാസത്തെയാണെങ്കിൽ, അത് കൂടുതൽ മെച്ചപ്പെട്ട ഒന്നിലേക്ക് സമൂഹത്തെ നയിക്കണം. നാം ഉടച്ചുകളയുന്നത് ഒരു പൊതുസ്വത്തിനെയാണെങ്കിൽ, അത് കവർച്ചയായി മാറും. അതിനാൽ, 'ഉടച്ചുകളയുക' എന്ന ഈ വലിയ അധികാരം ഉപയോഗിക്കുമ്പോൾ അതിനു പിന്നിൽ ഒരു ധാർമ്മികമായ ലക്ഷ്യം ഉണ്ടായിരിക്കണം. വിവേകത്തോടെ ഉപയോഗിക്കാനുള്ള കഴിവും ഒരുതരം സ്വാതന്ത്ര്യമാണ്. എന്റെ സ്വാതന്ത്ര്യം എന്റെ വളർച്ചയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ഉപയോഗിക്കുമ്പോഴാണ് ഈ കവിതാഭാഗം അർത്ഥവത്താകുന്നത്.
പ്രിയമുള്ളവരേ, സ്വാതന്ത്ര്യം എന്നത് പരിപൂർണ്ണമായ അധികാരത്തിന്റെ ലഹരി ആകരുത്. അത് ഉത്തരവാദിത്വബോധത്തോടെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശുദ്ധി ആയിരിക്കണം. എന്റെ ജീവിതത്തെ ഞാൻ രൂപപ്പെടുത്തുന്നത് എന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്. എന്റെ ഓരോ 'ഉപയോഗവും', എന്റെ ഓരോ 'ഉടച്ചു കളയലും' സമൂഹത്തിന് ഗുണകരമാകുന്നുണ്ടോ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. അതുകൊണ്ട്, നമുക്ക് സ്വാതന്ത്ര്യത്തിന്റെ ഈ അവകാശത്തെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാം.
നന്ദി.

♦ അറിവിൻ വറ്റാത്തതാമുറവാണതിന്നുള്ളിൽ ഇവിടെ പറയുന്നത് എന്തിനെക്കുറിച്ചാണ്?
(A) പേന
(B) ക്ലാസ്മുറി
(C) പുസ്തകം
(D) അധ്യാപകൻ
ഉത്തരം: (B) പേന

♦ ഉടമസ്ഥത എന്ന ശീർഷകം കവിതയ്ക്ക് എത്രമാത്രം യോജിക്കുന്നു? നിങ്ങളുടെ അഭിപ്രായം എഴുതുക.
ഉടമസ്ഥത എന്നാൽ പൂർണമായ അവകാശമാണ്. കുട്ടിക്ക് അച്ഛൻ നൽകിയ പേന പൂർണമായും അവനുള്ളതാണെങ്കിലും അത് ഉപയോഗിക്കുന്നതിൽ പൂർണ സ്വാതന്ത്ര്യം ഇല്ലാത്ത അനുഭവമാണ് അവന് ഉണ്ടാകുന്നത്. എന്നാൽ അച്ഛൻ പറയുന്നത് ഉടമസ്ഥത എന്നാൽ ഉ യോഗിക്കാനും ഉടച്ചുകളയുവാനുമുള്ള സ്വാതന്ത്ര്യം അവനുണ്ട് എന്നാണ്. പൂർണ ഉത്തരവാദിത്വം ഉടമസ്ഥനു തന്നെ എന്ന അർഥത്തിലാണ് കവി ഈ കവിതയിൽ 'ഉപയോഗിക്കുക', 'ഉടച്ചുകളയുക' എന്നിങ്ങനെ പറയുന്നത്. ഇങ്ങനെ ഉടമസ്ഥത സംബന്ധിച്ച ആശയങ്ങൾ പകരുന്ന കവിതയായതിനാൽ ഈ ശീർഷകം ഉചിതമാണ്. 

♦ കുട്ടിയുടെ കണ്ണിൽ വെള്ളച്ഛായ പ്രത്യക്ഷപ്പെട്ടതിന്റെ കാരണം?
(i) പുതിയ പേന കിട്ടിയതിന്റെ സന്തോഷം കൊണ്ട് 
(ii) സമ്മാനമായി ലഭിച്ച പേനയിൽ പൂർണ ഉപയോഗാധികാരം ലഭിക്കാത്തതിനാൽ
(A) (i) മാത്രം ശരി
(B) (i) ഉം (ii) ഉം ശരി 
(C) (ii) മാത്രം ശരി
(D) രണ്ടും ശരിയല്ല
ഉത്തരം: (B) (ii) മാത്രം ശരി.

♦ പദപരിചയം 
• അസ്വാസ്ഥ്യം - അസന്തുഷ്ടി
• താക്കീത് - ശാസനാരൂപത്തിലുള്ള മുന്നറിപ്പ് 
• ബാലാഹസ്കരൻ - ബാലസൂര്യൻ, പ്രഭാതസൂര്യൻ
• അഹസ്കരൻ - സൂര്യൻ
• ഉമ്മറം - വീടിന്റെ മുൻഭാഗം
• അഭിനന്ദനസദസ്സ് - അഭിനന്ദിക്കാൻ ചേർന്ന സദസ്സ് 
• ഉന്മിഷത്താക്കുക - ഉന്മേഷമുള്ളതാക്കുക
• ചൊടിച്ചു - ദേഷ്യപ്പെട്ടു
• സംഭ്രമം - ഭയം, പരിഭ്രാന്തി
ഏകശാസനൻ - സ്വേച്ഛാധികാരി

♦ പിരിച്ചെഴുതാം
• ഇതിനി - ഇത്, ഇനി
• ഇതോടൊപ്പം - ഇതോട്, ഒപ്പം 
• വായിൽത്തിരുകി - വായിൽ, തിരുകി 
• നീലച്ചേമ്പ് - നീല, ചേമ്പ്
• മേശമേൽത്തന്നെ - മേശമേൽ, തന്നെ 
• ചൊടിച്ചിറങ്ങി - ചൊടിച്ച്, ഇറങ്ങി 
• ചായപ്പെൻസിൽ - ചായ, പെൻസിൽ

♦ പദംവികസിപ്പിക്കാം 
• വെള്ളച്ഛായ - വെള്ളത്തിന്റെ ഛായ
• ചമ്പകമൊട്ട് - ചമ്പകത്തിന്റെ മൊട്ട്
• ബാലാഹസ്കരൻ - ബാലനായ അഹസ്കരൻ
• നീലക്കൽപ്പലക - നീലനിറമുള്ള കൽപലക
• വെയിൽനാളം - വെയിലിന്റെ നാളം

♦ പകരം പദങ്ങൾ
• അച്ഛൻ - താതൻ, പിതാവ്, ജനകൻ
• കണ്ണ് - മിഴി, അക്ഷി, നേത്രം

Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

Post a Comment

0 Comments